ശൂന്യാകാശത്ത് ഒരു രാജ്യം സ്ഥാപിതമാകുന്നു; രാജ്യത്തിന്റെ പണി തുടങ്ങി, ഭരണ സമിതിയും വന്നു; അസ്ഗാഡിയയുടെ വിശേഷങ്ങള്‍ ഇതുവരെ

ബഹിരാകാശത്ത് രാജ്യങ്ങള്‍ സ്ഥാപിക്കുന്നത് ചില ബോളിവുഡ് സിനിമകളില്‍ നാം കണ്ടിട്ടുള്ള കാര്യമാണ്. സ്‌പേയ്‌സ് ഷട്ടിലുകളെന്ന ബഹിരാകാശ താമസ സ്ഥലത്തെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ബഹിരാകാശത്ത് ഒരു രാജ്യം യഥാര്‍ത്ഥത്തില്‍ ഉണ്ടാകുക എന്നത് സ്വപ്‌ന സമാനമായ കാര്യമാണ്. എന്നാല്‍ അത്തരമൊന്ന് സത്യമാകുകയാണ്. അസ്ഗാഡിയ എന്നാണ് ഈ ബഹിരാകാശ രാജ്യത്തിന്റെ പേര്. ഒരു രാജ്യത്തിന് വേണ്ട ഭരണ സമിതി പോലും ചിട്ടപ്പെടുത്തപ്പെട്ടു കഴിഞ്ഞു.

asgardia space station mission earth protection James Vaughan

ബഹിരാകാശത്ത് ഒരു രാജ്യം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി അസ്ഗാര്‍ഡിയയുടെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു. നവംബര്‍ 12 നാണ് അസ്ഗാര്‍ഡിയ-1 ഉപഗ്രഹം വിക്ഷേപിച്ചത്. റഷ്യന്‍ ഗവേഷകനും കോടീശ്വരനുമായ ഇഗോര്‍ ആഷര്‍ബെയ്ലിയാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം തുടങ്ങാനിരുന്ന പദ്ധതി ഈ വര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡോക്ടര്‍ ഇഗോര്‍ ആഷര്‍ബെയ്ലി എന്ന റഷ്യന്‍ ശാസ്ത്രജ്ഞനാണ് ആകാശരാജ്യമെന്ന ആശയം ലോകത്തെ ആദ്യം അറിയിച്ചത്. ഭൂമിയിലെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ മനുഷ്യര്‍ സ്‌നേഹത്തില്‍ കഴിയുന്ന ഒരു സുന്ദരരാജ്യത്തിന്റെ ജോലികള്‍ ബഹിരാകാശത്ത് ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം ലോകത്തോടു പറഞ്ഞു. രാജ്യത്തിന്റെ പേരും അദ്ദേഹം പ്രഖ്യാപിച്ചു അസ്ഗാര്‍ഡിയ! പ്രവര്‍ത്തനങ്ങളും തുടങ്ങി.

അഞ്ചു ലക്ഷം പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഈ രാജ്യം ഒരു ബഹിരാകാശനിലയം പണിയുന്നതുപോലെ ഘട്ടംഘട്ടമായി ആകാശത്ത് പണിതെടുക്കാനാണ് പദ്ധതി. യുനെസ്‌കോയുടെ ലോകശാസ്ത്രസമിതിയുടെ ചെയര്‍മാനായ ഡോക്ടര്‍ ഇഗോര്‍ ആഷര്‍ബെയ്ലി തന്നെയാണ് പദ്ധതിയുടെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത്. വിയന്ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയിറോസ്‌പേസ് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് സെന്റര്‍ എന്ന കമ്പനിയാണ് പദ്ധതിയുടെ നടത്തിപ്പ്. ഒരുപാട് പണവും സാങ്കേതികവിദ്യയും ആവശ്യമുള്ള ഈ പ്രൊജക്ടില്‍ മറ്റ് അനേകം സംഘടനകളുടെയും ആളുകളുടെയും സഹായമുണ്ട്. 25 വര്‍ഷത്തിനുള്ളില്‍ അസ്ഗാര്‍ഡിയയുടെ വലിയൊരു ഭാഗത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. പിന്നീട് തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരെ പേടകങ്ങളില്‍ കയറ്റി അസ്ഗാര്‍ഡിയയിലേക്ക് അയക്കും. അതിനു മുന്‍പു തന്നെ മനുഷ്യര്‍ക്കു ജീവിക്കാന്‍ വേണ്ടതെല്ലാം അവിടെ റെഡിയാക്കിയിരിക്കും!

Asgardia's rendering of a landing deck for spacecrafts.

ഭൂമിയിലെ ഏതൊരു നല്ല രാജ്യവുംപോലെ കൃത്യമായ നിയമങ്ങളുള്ള രാജ്യമായിരിക്കും ആകാശത്തെ അസ്ഗാര്‍ഡിയ. ‘സ്‌പേസ് നേഷന്‍ ഓഫ് അസ്ഗാര്‍ഡിയ’ എന്നാണ് രാജ്യത്തിന്റെ പേര്. പുരാതന നോര്‍സ് മതത്തില്‍ ൈദവങ്ങളുടെ നാടിന്റെ പേരാണ് അസ്ഗാര്‍ഡ്. ഇതില്‍നിന്നാണ് അസ്ഗാര്‍ഡിയ എന്ന പേരുണ്ടാക്കിയത്. അസ്ഗാര്‍ഡിയയിലെ പൗരന്‍മാര്‍ ‘അസ്ഗാര്‍ഡിയന്‍സ്’ എന്നറിയപ്പെടും. അവര്‍ക്ക് പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍കാര്‍ഡും ഉണ്ടാവും. പരമാവധി ആറു ലക്ഷം ആളുകളെ മാത്രമേ അസ്ഗാര്‍ഡിയയിലേക്കു കൊണ്ടുവരൂ. പിന്നീട്, ജനസംഖ്യ കൂടുന്നതിനനുസരിച്ച് രാജ്യത്തിന്റെ വലിപ്പം കൂട്ടിക്കൂട്ടി കൊണ്ടുവരും. ആളുകൂടുന്നതിനനുസരിച്ച് വലിപ്പം കൂട്ടാന്‍ കഴിയുന്ന ആദ്യത്തെ രാജ്യമായിരിക്കും ഇത്! ഇതെല്ലാം വിശദീകരിക്കുന്ന അസ്ഗാര്‍ഡിയന്‍ ഭരണഘടന എഴുതി തയാറാക്കിക്കഴിഞ്ഞു. അസ്ഗാര്‍ഡിയയില്‍ താമസിക്കാനായി പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന പല രാജ്യങ്ങളിലെ ആളുകളില്‍നിന്ന് അഭിപ്രായങ്ങള്‍ കേട്ടശേഷമാണ് ഭരണഘടന തയാറാക്കിയിരിക്കുന്നത്.

അസ്ഗാര്‍ഡിയയുടെ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കാനുള്ള ആദ്യ വോട്ടെടുപ്പ് കഴിഞ്ഞ ജനുവരിയില്‍ നടന്നു. അസ്ഗാര്‍ഡിയയില്‍ പൗരത്വത്തിനായി അപേക്ഷിച്ചവരായിരുന്നു വോട്ടര്‍മാര്‍. ഓണ്‍ൈലനില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം കഴിഞ്ഞ ജനുവരി 21-ന് പ്രഖ്യാപിച്ചു. അസ്ഗാര്‍ഡ് രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായി ഡോക്ടര്‍ ആഷര്‍ബെയ്ലി വന്‍ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. അസ്ഗാര്‍ഡിയ രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍ ആഷര്‍ബെയ്ലിയുടെ ആദ്യ പ്രഖ്യാപനം എന്തായിരുന്നുവെന്നോ? ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ളതുപോലെ അസ്ഗാര്‍ഡിയയിലും ആളുകള്‍ സര്‍ക്കാരിന് നികുതിയടക്കേണ്ടിവരുമെന്ന്!

asgadia2

ഭൂമിയിലെ തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമൊന്നും ആകാശത്തേക്കു കൊണ്ടുവരരുത്’ എന്നതാണ് അസ്ഗാര്‍ഡിയയിലെ പൗരന്മാര്‍ക്കുള്ള ആദ്യത്തെ കല്‍പന. മതങ്ങളോ ഗ്രൂപ്പുകളോ സംഘടനകളോ ഒന്നും അസ്ഗാര്‍ഡിയയില്‍ ഉണ്ടാവില്ല. ആളുകള്‍ക്ക് വേണമെങ്കില്‍ ഒറ്റയ്ക്ക് ഇഷ്ടമുള്ള ൈദവത്തോടു പ്രാര്‍ഥിക്കാം. സയന്‍സ് ആയിരിക്കും എല്ലാവരും അംഗീകരിക്കുന്ന തത്വം. രാജ്യത്തിന്റെ ഭാവി സംബന്ധിച്ച എല്ലാ കാര്യങ്ങളും തീരുമാനിക്കാന്‍ ഒരു ഗവണ്‍മെന്റ് ഉണ്ടാവും. കാര്യങ്ങള്‍ നോക്കിനടത്താന്‍ മന്ത്രിമാരും ഉണ്ടാവും. അസ്ഗാര്‍ഡിയയുടെ ദേശീയപതാകയും ദേശീയഗാനവും തിരഞ്ഞെടുക്കാനുള്ള മല്‍സരം ഇപ്പോള്‍ അസ്ഗാര്‍ഡിയന്‍സിനിടയില്‍ നടക്കുകയാണ്.

അടുത്തിടെ ഐക്യരാഷ്ട്രസഭയ്ക്ക് വിചിത്രമായ ഒരപേക്ഷ കിട്ടി. ‘അസ്ഗാര്‍ഡിയ’ എന്ന ആകാശരാജ്യത്തിന്‌ ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നല്‍കണമെന്നായിരുന്നു അപേക്ഷയിലെ ആവശ്യം. അപേക്ഷ എക്യരാഷ്ട്രസഭ ഇതുവരെ പരിഗണിച്ചിട്ടില്ല. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടെ രാജ്യത്തെ യുഎന്‍ അംഗീകരിക്കേണ്ടിവരുമെന്നാണ് അസ്ഗാര്‍ഡിയന്‍സ് പറയുന്നത്! കേള്‍ക്കുന്നവര്‍ക്ക് കോമഡിയായി തോന്നുമെങ്കിലും അസ്ഗാര്‍ഡിയന്‍സ് അവരുടെ രാജ്യത്തിന്റെ കാര്യങ്ങളെല്ലാം വളരെ സീരിയസായി ചെയ്തുകൊണ്ടിരിക്കുകയാണ്. അസ്ഗാര്‍ഡിയ പണിയാനുള്ള സ്ഥലം കണ്ടെത്താനായി വിക്ഷേപിക്കണ്ട ഉപഗ്രഹം അവര്‍ തയാറാക്കിക്കഴിഞ്ഞു. പക്ഷേ, ഇതുവരെ അത് വിക്ഷേപിക്കാനായില്ല. കാരണമെന്തെന്നോ? പല ലോകരാജ്യങ്ങളും പേടിയോടെയാണ് ഈ പദ്ധതിയെ കാണുന്നത്. രാജ്യാന്തര നിയമമനുസരിച്ച് ബഹിരാകാശം ആരുടേതുമല്ല. ബഹിരാകാശത്തിന്റെ ഏതെങ്കിലുമൊരു ഭാഗം തങ്ങളുടേതെന്നു പറഞ്ഞ് ഒരു രാജ്യവും ൈകവശപ്പെടുത്താന്‍ പാടില്ല. എല്ലാ രാജ്യങ്ങളും പാലിക്കുന്ന ഈ നിയമം ലംഘിച്ചാണ് ആകാശരാജ്യം പണിയാന്‍ അസ്ഗാര്‍ഡിയന്‍സ് പ്ലാന്‍ ഇട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഉപഗ്രഹം വിക്ഷേപിക്കാനായി വിക്ഷപണകേന്ദ്രം വിട്ടുകൊടുക്കാന്‍ ഒരു രാജ്യവും തയാറായിട്ടില്ല! മാത്രമല്ല, തങ്ങളുടെ പൗരന്മാരെ അസ്ഗാര്‍ഡിയന്‍സാക്കി ആകാശത്തേക്കു കൊണ്ടുപോകുന്ന പദ്ധതി പല രാജ്യങ്ങള്‍ക്കും ഒട്ടും ഇഷ്ടമായിട്ടുമില്ല!

asgadia1

എന്തിനാണ് ഈ സാഹസമെല്ലാം? ഈ ഭൂമിയിലെങ്ങാന്‍ സമാധാനമായി ജീവിച്ചൂടേ? ഈ സംശയത്തിന് അസ്ഗാര്‍ഡിയന്‍സ് അവരുടെ വെബ്ൈസറ്റില്‍ ഇങ്ങനെ ഉത്തരം പറഞ്ഞിരിക്കുന്നു: ”ഭൂമിയിലൊരു ചെറിയ സ്ഥലത്ത് പിറന്നുവീണ മനുഷ്യന്‍ പിന്നീട് ലോകം മുഴുവന്‍ പടര്‍ന്നു വളര്‍ന്നു. ഇനിയവന്‍ ഭൂമിക്കു പുറത്തേക്കും വളരണം. അതിനാണ് ഇതെല്ലാം!” മലിനീകരണം കാരണം നാളെ ഈ ഭൂമി ജീവിക്കാന്‍ പറ്റാത്തതാകുമ്പോള്‍ ഇന്ന് കളിയാക്കി ചിരിക്കുന്ന പലരും തങ്ങളുടെ ആകാശരാജ്യത്തിലേക്ക് ഒരു വിസ കിട്ടാനായി ക്യൂനില്‍ക്കുമെന്ന് അസ്ഗാര്‍ഡിയന്‍സ് പറയുന്നു.

Top