ബാഹുബലി മൂന്നാം ഭാഗം വരുന്നു; ലോകം കീഴടക്കാൻ മഹേന്ദ്ര ബാഹുബലി..!

സിനിമാ ഡെസ്‌ക്

ചെന്നൈ: വില്ലൻമാരെയെല്ലാം കീഴടക്കി പുനർജന്മത്തിൽ മഹിഷ്മതിയുടെ രാജാവായി മഹേന്ദ്ര ബാഹുബലി അധികാരമേറ്റെടുത്തതോടെ ബാഹുബലിയുടെ മൂന്നാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തോടെ ഇന്ത്യൻ സിനിമയുടെ ആ പുത്തൻ ചലച്ചിത്ര ചരിത്രത്തിന് തിരശീല വീഴുകയും ചെയ്തു. അങ്ങനെ പൂർണമായും പറഞ്ഞ് അവസാനിപ്പിക്കാൻ വരട്ടെ. ബാഹുബലിക്ക് മൂന്നാംഭാഗവും വരാൻ സാധ്യതയുണ്ടെന്നാണ് രാജമൗലി പറയുന്നത്, പക്ഷെ സാഹചര്യങ്ങൾ ഇങ്ങനെയാകണമെന്ന് മാത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകപ്രശസ്തമായ വെറൈറ്റി വാരികയ്ക്ക് സിനിമയുടെ സംവിധായകൻ എസ്എസ് രാജമൗലി നൽകിയ എക്സ്‌ക്ലുസീവ് അഭിമുഖത്തിലാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വെളിപ്പെടുത്തലുളളത്. നമുക്കൊരു വിപണിയുണ്ട്, നമ്മളാ വിപണിക്ക് വേണ്ടി സിനിമയുണ്ടാക്കുന്നു. എന്നാൽ അത്ര സിനിമയാക്കണമെന്ന് നമ്മെ നിർബന്ധിക്കുന്ന സുന്ദരമായ ഒരു സ്‌ക്രിപ്റ്റിലല്ല ആ സിനിമ കെട്ടിപ്പൊക്കുന്നതെങ്കിൽ അത് സത്യസന്ധമായ ചലച്ചിത്രപ്രവർത്തനമാകില്ല. എന്റെ അച്ഛൻ മുൻപ് ചെയ്തതുപോലെ വീണ്ടും അത്തരം സുന്ദരമൊരു കഥയുമായി വരുമോയെന്ന് ആർക്കറിയാം. ആ കഥയിൽ നിലവിലെ ബാഹുബലി സിനിമയ്ക്ക് അവസാനമില്ലെങ്കിൽ, നമുക്ക് നിർമ്മിക്കാമല്ലോ വെറൈറ്റിയോട് രാജമൗലി പ്രതികരിച്ചതിങ്ങനെ. ബാഹുബലിയുടെ കഥയെഴുതിയത് രൗജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദാണ്. സൽമാൻഖാന്റെ ബജ്രംഗീ ഭായ്ജാൻ ഉൾപ്പെടെയുള്ള സിനിമകൾക്ക് കഥയെഴുതിയ വിജയേന്ദ്രപ്രസാദ് തന്നെയാണ് ഈച്ചയും മഗധീരയും പോലുള്ള രാജമൗലിയുടെ ഹിറ്റ് സിനിമകളുടെയും കഥാകൃത്ത്. വിജയേന്ദ്രപ്രസാദ് ബാഹുബലിക്കായി വീണ്ടും പേന പിടിച്ചാൽ ബാഹുബലിക്ക് തുടർച്ചയുണ്ടാകുമെന്ന് ചുരുക്കം. ലണ്ടനിലാണ് രാജമൗലി അഭിമുഖം നൽകിയത്.

അതേസമയം ഇക്കാര്യം രാജമൗലി മുൻപ് തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. നിലവിലെ കഥ രണ്ടാം ഭാഗം കൊണ്ട് അവസാനിപ്പിക്കും. അതിനിയും നീട്ടാനാകില്ല. പക്ഷെ, ബാഹുബലി സീരീസ് അവിടെ അവസാനിക്കില്ലെന്നായിരുന്നു അദ്ദേഹത്തിൻറെ ട്വീറ്റ്. മൂന്നാംഭാഗവുമുണ്ട് സിനിമയ്ക്ക്. അത് ഇന്നോളം ലോകത്തെ ചലച്ചിത്രാസ്വാദകർ അനുഭവിച്ചിട്ടില്ലാത്ത നിലയിലുള്ള ഒരു അദ്ഭുത സിനിമയായിരിക്കുമെന്നാണ് മുൻപ് തന്നെ രാജമൗലി ട്വിറ്ററിൽ പ്രതികരിച്ചത്. കൃത്യമായി പറഞ്ഞാൽ 2015 ഒക്ടോബർ 25ന്. മുൻ ട്വീറ്റുകളും, ഇപ്പോൾ ലണ്ടനിൽ നൽകിയ അഭിമുഖത്തെ ഈ ട്വീറ്റുകളുമായി കൂട്ടിവായിക്കുകയാണ് പ്രേക്ഷകർ. അത്തരത്തിലൊരു കഥയൊരുക്കാൻ വിജയേന്ദ്രപ്രസാദ് തയ്യാറാകുമോ എന്നാണ് കാത്തിരുന്നു കാണാനുള്ളത്. എന്നാൽ മൂന്നാംഭാഗത്തിനുള്ള ആലോചനകൾ സജീവമാണെന്നാണ് വാർത്തകൾ.

ബാഹുബലിയുടെ കഥയിൽ വിവിധ വെല്ലുവിളികളുണ്ടായിരുന്നെങ്കിലും, കഥയും കഥാപാത്രങ്ങളും തന്നെ തങ്ങൾക്ക് വഴികാട്ടിയെന്നും അഭിമുഖത്തിൽ രാജമൗലി പറഞ്ഞു. ഒരു മേഖലയിൽ മാത്രം വിപണിയുണ്ടാക്കുക ബുദ്ധിമുട്ടാണ്. അങ്ങനെ പരിമിതപ്പെടുത്തുന്നതിന് പകരം വിപണി വിപുലമാക്കാൻ, തങ്ങൾ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ, ഇപ്പോൾ വിപണിയും ആരാധകരും വിസ്തൃതമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പണം പ്രതീക്ഷിച്ചിരുന്നില്ല. പണം മാത്രമല്ല, വലിയ പ്രോത്സാഹനവും, അഭിനന്ദനവും, വന്യവും ഭ്രാന്തവുമായ വികാരങ്ങളുമാണ് ലഭിക്കുന്നത്. അതും വളരെ പെട്ടന്ന് തന്നെ. ഉടൻ തന്നെ അടുത്ത സിനിമ ആരംഭിക്കുകയാണെന്ന വാർത്തകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഇത്തരത്തിൽ ഒരു പ്രൊജക്ടും നിലവിലില്ല. മഹാഭാരതമൊഴികെയുള്ള ഒരു സിനിമയും ഇപ്പോൾ മനസിലില്ല. മഹാഭാരതം പക്ഷെ ഒരു പത്തുവർഷത്തിന് ശേഷമാകും ഒരുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയുടെ വിപണി വിപുലമാക്കുന്നതിനെക്കുറിച്ച് തന്നെയാണ് നിർമ്മാതാക്കളായ ആർക്കാ മീഡിയാ വർക്സിനും പറയാനുണ്ടായിരുന്നത്. തായ്വാൻ, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ കൂടി ബാഹുബലി കൺക്ലൂഷൻ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ബാഹുബലി ഒന്നാംഭാഗം ഇവിടങ്ങളിൽ കാര്യാമായി ഒന്നും നേടിയിരുന്നില്ല. അതിന് ശേഷം ദക്ഷിണ അമേരിക്കയിലേക്കും വിപണി വ്യാപിപ്പിക്കുമെന്നും ആർക്കയുടെ ഷോബു യർലാഗഢ വ്യക്തമാക്കി. ബാഹുബലിയുടെ ആദ്യ പതിപ്പ് നേടിയ കളക്ഷൻ റെക്കോർഡ് ആദ്യ അഞ്ച് ദിവസങ്ങൾകൊണ്ട് തന്നെ ബാഹുബലി കൺക്ലൂഷൻ മറികടന്നിരുന്നു. നിലവിൽ ആയിരം കോടിയിലേക്കാണ് ബാഹുബലി കൺക്ലൂഷന്റെ കുതിപ്പ്. എന്തായാലും അച്ഛനും മോനും ചേർന്ന് മൂന്നാമത് സിനിമയൊരുക്കുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകരിൽ ഒരുഭാഗം, ബാക്കിയുള്ളവർ ഇപ്പോളും രണ്ടാമത് സിനിമ കാണാനുള്ള ക്യൂവിലാണ്

Top