സിനിമാ ഡെസ്‌ക്
കൊച്ചി: ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയിൽ നിരഞ്ഞു നിൽക്കുന്നത് സ്ത്രീവിരുദ്ധത. സ്ത്രീകഥാപാത്രങ്ങളെ ശക്തമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും പുരുഷ നായകന്റെ നിഴലിലായി ഈ കഥാപാത്രങ്ങളെല്ലാം എന്നത് സ്ത്രീവിരുദ്ധതയുടെ നേർചിത്രമാകുന്നു. നായകന്റെയും പുരുഷന്റെയും സഹായമില്ലാതെ രാജ്യം ഭരിക്കാനാവാത്തവരായും, വില്ലൻ ബന്ധനസ്ഥനാക്കുമ്പോൾ സ്വയംരക്ഷപെടാനാവാത്തവളായും ചിത്രത്തിലെ നായികമാരെ എല്ലാം ചിത്രീകരിച്ചിരിക്കുന്നു.
ബാഹുബലി ഒന്നാം ഭാഗത്തിൽ നായികമാർക്കു കൃത്യമായ പ്രാധാന്യമുണ്ടായിരുന്നു. രാജമാതാ ശിവകാമിയായി തകർത്ത് അഭിനയിച്ച രമ്യാകൃഷ്ണനും, തമനയ്ക്കും കൃത്യമായ റോളുകളും ചിത്രത്തിലുണ്ടായിരുന്നു. തന്റെ രാജവൈഭവം കൊണ്ടു മകിഷ്മതിയെ നിയന്ത്രിച്ചു നിർത്തുന്ന രാജമാതാ ശിവകാമിയുടെ ഡയലോക് ഡെലിവറിയും സ്‌ക്രീൻ പ്രസൻസും ബാഹുബലിയുടെ ആദ്യഭാഗത്തിൽ ഏതൊരു കാഴ്ചക്കാരനെയും രോമാഞ്ചത്തിൽ മുക്കുമായിരുന്നു. അഭിനയത്തിൽ മികച്ചു നിന്നില്ലെങ്കിലും തന്റെ കഥാപാത്രത്തിന്റെ നിലവാരം കാക്കാൻ തമനയ്ക്കും സാധിച്ചിരുന്നു. അധികം സീനുകളൊന്നുമില്ലാതിയിരുന്നെങ്കിലും അനുഷ്‌കയും ബാഹുബലി ഒന്നാം ഭാഗത്തിൽ തകർത്ത് അഭിനയിച്ചിരുന്നു.
എന്നാൽ, രണ്ടാം ഭാഗത്തിലേയ്‌ക്കെത്തിയതോടെ ചിത്രം തികച്ചും സ്ത്രീവിരുദ്ധമായി. ആദ്യ ഭാഗത്തിൽ രാജഭരണത്തിൽ കഴിവുതെളിയിച്ച രാജമാതാ ശിവകാമിയ്ക്കു പക്ഷേ, രണ്ടാം ഭാഗത്തിൽ വെറും പെണ്ണുമാത്രമാകുന്ന കാഴ്ചയാണ് കാണാനായത്. രണ്ടാം ഭാഗത്തിൽ മകന്റെയും ഭർത്താവിന്റെയും വാക്കുകളുടെ നിയന്ത്രണത്തിൽ നിന്നു രാജ്യം ഭരിക്കുന്ന വെറും പെണ്ണു മാത്രമായി രാജമാതാ ശിവകാമി. സ്ത്രീസംരക്ഷണത്തിനായി ബാഹുബലി ഒരുങ്ങുമ്പോൾ, ബാഹുബലിയെ തെറ്റിധരിച്ചു രാജകൊട്ടാരത്തിൽ നിന്നു പുറത്താക്കുന്നതായും ശിവകാമിയുടെ തെറ്റിധാരണയുടെ ഭാഗമായി. ഇതും രാജഭരണം സ്ത്രീയ്ക്കു സാധിക്കുന്ന പണിയല്ലെന്ന ധാരണയുണ്ടാക്കാൻ സംവിധായകൻ കൂട്ടിച്ചേർത്തതായി കരുതാം.
ബാഹുബലിയുടെ ഭാര്യയായ ദേവസേനയായി എത്തിയ അനുഷ്‌ക പക്ഷേ, തന്റെ അഭിനയജീവിതത്തിലെ ഏറ്റവും തകർപ്പൻ റോൾ തന്നെയാണ് സ്വീകരിച്ചത്. നന്നായി അനുഷ്‌ക അഭിനയിച്ചെങ്കിലും ചിത്രത്തിലെ സ്ത്രീവിരുദ്ധ സങ്കൽപങ്ങൾ പൊളിച്ചെഴുതാൻ അനുഷ്‌കയ്ക്കും സാധിച്ചില്ല. രാജ്യം ഭരിക്കാൻ പുരുഷൻ തന്നെ വേണമെന്നും,രാജാവാകാനും സേനാധിപൻ ആകാനും പുരുഷനു മാത്രമേ സാധിക്കൂ എന്നും ധാരണപരത്തുന്നതായി ബാഹുബലി രണ്ട്. നായകൻ പുരുഷനാകുമ്പോൾ നിറഞ്ഞു നിന്നത് സ്ത്രീവിരുദ്ധതയായിരുന്നു. തുല്യശക്തമായ സ്ത്രീകഥാപാത്രങ്ങളുണ്ടെന്നു പറയുമ്പോൾ അങ്ങിങ്ങായി മുഴച്ചു നിൽക്കുന്ന സ്ത്രീവിരുദ്ധത ബാഹുബലി രണ്ടിലെ ദഹിക്കാത്ത കാഴ്ചയാകുന്നു.