സിനിമാ ഡെസ്‌ക്
ചെന്നൈ: ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയമായി മാറിയ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലെ അഞ്ചു തെറ്റുകൾ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്‌സംവിധായകൻ വിഘ്‌നേഷ് ശിവൻ. കലക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് ആയിരം കോടിയിലേയ്ക്കു കുതിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയമായി മാറിക്കഴിഞ്ഞു. ഇതിനിടെയാണ് വിഘ്‌നേഷ് ശിവൻ ചിത്രത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയത്. ഇതിനോട് പ്രതികരിച്ച് രൗജമൗലിയും രംഗത്തെത്തിയിട്ടുണ്ട്.
അഞ്ച് പ്രധാന തെറ്റുകളാണ് രൗജമൗലിക്ക് മുന്നിൽ ട്വിറ്ററിലൂടെ വിഘ്നേഷ് അവതരിപ്പിക്കുന്നത്.
1. ആ മഹാപ്രകടനം കാണാനും അനുഭവിക്കാനും 120 രൂപ മാത്രമാണ് നൽകിയത്. കുറച്ചുകൂടി പണം നൽകാൻ തീയറ്ററിൽ ഒരു ഭണ്ഡാരമോ, നിർമ്മാതാവിന്റെ അക്കൗണ്ട് നമ്പറോ വിലാസമോ എങ്കിലും നൽകാമായിരുന്നു.
2. സിനിമയുടെ ദൈർഘ്യം വളരെ കുറവാണ്. മൂന്ന് മണിക്കൂർ കൊണ്ട് ആ മഹാ അനുഭവം അവസാനിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല.
3. എല്ലാ കാര്യത്തിലും വളരെ വിശദമായ പെർഫക്ഷനുണ്ട്. ഇത് എല്ലാ സംവിധായകരുടെയും ആത്മവിശ്വാസത്തെയും, തലക്കനത്തെയും, അവനവന്റെ സിനിമയെക്കുറിച്ചുള്ള ധാരണകളും തകർക്കുന്നതാണ്.
4. ഇത് ഒരിക്കലും കൺക്ലൂഷനാകാൻ പാടില്ല. ഒരു പത്ത് ഭാഗം കൂടി ഉൾപ്പെടുത്തിയാലും(ഇൻക്ലൂഷൻ) ഇതേവികാരം നമുക്ക് നൽകും. ഭാവിയിലും ഉതേ അദ്ഭുതങ്ങൾ സ്‌ക്രീനിൽ പ്രതീക്ഷിക്കുന്നുവെന്ന വികാരം.
5. കഷ്ടപ്പാടാണ് ഇനി മുന്നിലുള്ളത്. മറികടക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു കടമ്പയാണ് ഒരുക്കിയത്. ഇന്ത്യൻ സിനിമയിൽ എത്രവർഷമെടുത്താണ് ഈ റെക്കോർഡുകളൊക്കെ തകർക്കപ്പെടുകയെന്ന് അറിയില്ല.