
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭാഷാപോഷിണിയിൽ അന്ത്യ അത്താഴ ചിത്രം വികലമായി പ്രസിദ്ധീകരിച്ച വിവാദത്തിൽ മലയാള മനോരമയെയും ഭാഷാപോഷിണിയെയും പിൻതുണച്ച് സാഹിത്യകാരൻ ബെന്ന്യാമിൻ രംഗത്ത്. വൈദികർക്കു കടുക്കാവെള്ളം കൊടുക്കണമെന്നും, നിയന്ത്രിക്കാൻ സഭയും വൈദികരും കർശനമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ബൈന്ന്യമിൻ രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യം ബെന്ന്യാമിൻ ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റിനു മറുപടിയുമായി ചങ്ങനാശേരി അതിരൂപതാ കുടുംബജ്യോതി മാസിക ചീഫ് എഡിറ്റർ ഫാ. ജോസഫ് ഇലഞ്ഞിമറ്റം രംഗത്ത് എത്തുകയായിരുന്നു. കടുത്ത ഭാഷയിൽ ബന്ന്യമിനെ വിമർശിച്ച ഫാ.ജോസഫ് ഇലഞ്ഞിയ്‌ക്കെതിരെ ഇപ്പോൾ ബെന്ന്യമിൻ ഇട്ട മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
ആദ്യം ബെന്ന്യമിൻ ഇട്ട പോസ്റ്റ് –
മാതാഹരി എന്ന നർത്തകി അവരുടെ അന്ത്യകാലത്ത് ഒരു കന്യാസ്ത്രീ മഠത്തിൽ എത്തി നൃത്തം ചെയ്തതായി ഒരു കഥയുണ്ട്. അതിനെ ആസ്പദമാക്കിയാണ് ടോം വട്ടാക്കുഴി ഒരു ചിത്രം വരച്ചത്. അതിൽ ഒരു സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ച് തെരുവിലിറങ്ങിയ അച്ചന്മാർക്കും വിശ്വാസികൾക്കും അരമനയിൽ നിന്ന് കൊടുക്കുന്ന കടുക്ക വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഭയോട് അഭ്യർത്ഥിക്കുന്നു. ഇതേ പുരാഹിതന്മാർ പീഡിപ്പിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി എത്ര വിശ്വാസികൾ എത്ര വട്ടം തെരുവിലിറങ്ങി എന്ന് ആരായുമ്പോഴാണ് ഇവന്റെയൊക്കെ കാപട്യം പുറത്തു വരിക. വിശ്വാസികളാണത്രേ. കഷ്ടം.. !
ഫാ.ജോസഫ് ഇലഞ്ഞി മറ്റത്തിന്റെ മറുപടി
ശ്രീ. ബന്യാമിന് ഒരു വൈദികൻ അയയ്ക്കുന്ന തുറന്ന കത്ത്
സ്‌നേഹം നിറഞ്ഞ ബന്യാമിൻ,
നോവലുകളിലൂടെയും കഥകളിലൂടെയും അറിഞ്ഞ ബന്യാമിനെ സ്‌നേഹിക്കുന്ന ഒരു മലയാളിയാണു ഞാൻ. അന്ത്യത്താഴ ചിത്ര വിവാദത്തോടനുബന്ധിച്ചുള്ള താങ്കളുടെ പ്രസ്താവന എനിക്ക് അനല്പമായ ദുഖഃമുളവാക്കി എന്ന് തുറന്നു പറയട്ടെ.
കേരളത്തിൽ സാംസ്‌കാരിക നായകൻറെ മുഖമുദ്രകളിലൊന്ന് ക്രൈസ്തവവിരുദ്ധത ആണെന്നറിയാം. ക്രൈസ്തവപശ്ചാത്തലത്തെ തള്ളിപ്പറയേണ്ടത് താങ്കളിലെ എഴുത്തുകാരൻറെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ആവശ്യമാണെന്ന് തോന്നിത്തുടങ്ങിയോ എഴുത്തുകാരനെന്ന നിലയിൽ പേരെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി ആകാശത്തിൻ കീഴിലുള്ള സകലതിനെയും കുറിച്ച് ചുമ്മാ കയറിയങ്ങ് അഭിപ്രായം പറയാൻ ലൈസൻസുള്ള സാംസ്‌കാരിക നായകനാകാനുള്ള ബന്യാമിൻറെ ഇപ്പോഴത്തെ ഈ വ്യഗ്രത കാണുമ്പോ ഓർമ്മ വരുന്നത് mc റോഡിൽ മിക്കവാറും വണ്ടിക്ക് വട്ടം ചാടുന്നവരോട് പറയുന്ന ഡയലോഗാണ്ഃ ‘എൻറെ വണ്ടിയേ കിട്ടിയുള്ളോ
മനോരമയ്ക്ക് ക്രിസ്ത്യാനിയുടെ നേർക്കുള്ള ആവിഷ്‌കാരസ്വാതന്ത്ര്യ പ്രതിബദ്ധത മറ്റു മതസ്ഥരോടു കൂടി ഉണ്ടായിരുന്നെങ്കിൽ മീനച്ചിലാറ്റിലെ മുഴുവൻ വെള്ളവും ചീറ്റിച്ചാലും കേരളാ ഫയർ ഫോഴ്‌സിനു തീയണയ്ക്കാൻ പറ്റില്ല എന്നവർക്കറിയാവുന്നതുകൊണ്ട് ക്രൈസ്തവരോടു മാത്രമേ അവർ ഇങ്ങനെ ചെയ്യൂ. ചെയ്ത തെറ്റിനെപ്പറ്റി അവരെ ബോധ്യപ്പെടുത്താനും മേലിൽ ഇങ്ങനെ സംഭവിക്കാതിരിക്കേണ്ടതിനുമാണ് ക്രൈസ്തവർ ഈ സംഭവത്തോട് പ്രതികരിച്ചത്. സൽമാൻ റുഷിദിയെപ്പോലെ ആവിഷ്‌കാരസ്വാതന്ത്ര്യം ഒന്നാഞ്ഞു പിടിച്ചാൽ മനോരമയുടെ മൂടു താങ്ങി വില നഷ്ടപ്പെടുത്തിയ ബെന്യാമിൻറെ തലയ്ക്കും കോടികൾ വിലയൊപ്പിക്കാം.
കത്തോലിക്കാ പുരോഹിതരുടെ ഏതാണ്ടെല്ലാം പൊട്ടിയതും ഒലിച്ചതും തടയാൻ കടുക്കാവെള്ളം ബെസ്റ്റാണെന്നു താങ്കൾ പറയുന്നത് കേട്ടു. വിവാഹത്തിനു മുമ്പും കുടുംബം കൂടെയില്ലാതിരുന്ന ഗൾഫ് ജോലിക്കാലത്തും ഭാര്യ ഗർഭിണിയായിരുന്ന കാലത്തും പൊട്ടി ഒലിക്കാതിരിക്കാൻ താങ്കൾ ഉപയോഗിച്ചിരുന്നത് കടുക്കാ വെള്ളം ആയിരുന്നോ ആത്മാർത്ഥമായ ഒരു ഉപദേശം കേട്ടപ്പോൾ അതിലധികം ആത്മാർത്ഥമായൊരു സംശയം തോന്നിയതു കൊണ്ടു ചോദിച്ചു പോയതാണു. കുടുംബത്തിന് അത്താണിയാവാൻ ആടുജീവിതക്കാരൻ പ്രവാസിക്ക് വർഷത്തിൽ 11 മാസം ഗൾഫിൽ ബ്രഹ്മചാരിയായിരിക്കാമെങ്കിൽ ദൈവത്തിനും ദൈവത്തിൻറെ ജനത്തിനും വേണ്ടി 12 മാസവും ബ്രഹ്മചാരിയായിരിക്കാൻ ഒരു കത്തോലിക്കാ പുരോഹിതന് താങ്കളുടെ ഒറ്റമൂലിയുപദേശം ആവശ്യമില്ല.
ലൈംഗികചൂഷണം നടത്തുന്നവർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും ശിക്ഷിക്കുകയും ചെയ്യണമെന്നു തന്നെയാണ് സഭയുടെ നിലപാട്.
നൂറുകണക്കിനു പീഡനങ്ങൾ ദിവസവും റജിസ്റ്റർ ചെയ്യുന്ന കേരളത്തിൽ വർഷത്തിലൊരു വൈദികൻ പിടിക്കപ്പെട്ടതിൻറെ പേരിൽ ഹോൾസെയിലും റീട്ടേലുമായി പീഡനഭാരം മുഴുവൻ കത്തോലിക്കാ പുരോഹിതൻറെ തലയിലേയ്ക്ക് ആരും കെട്ടിവയ്‌ക്കേണ്ട. പേരുകൊണ്ടെങ്കിലും താങ്കൾ ഒരു ക്രൈസ്തവവിശ്വാസിയായതു കൊണ്ട് ഈശോയെയും 12 ശിഷ്യൻമാരെയും പറ്റി കേട്ടിരിക്കുമല്ലോ. നന്നായി പ്രാർഥിച്ച് ദൈവപുത്രനായ ക്രിസ്തു നേരിട്ട് തിരഞ്ഞെടുത്തവരിൽ തന്നെ ഒരു ശിഷ്യൻ വഞ്ചകനായിപ്പോയി. എന്നാൽ ആ വഞ്ചകൻറെ കെയറോഫിലാണോ ക്രൈസ്തവരെല്ലാം ഇന്ന് അറിയപ്പെടുന്നത് അതുകൊണ്ട് പീഢകരുടെ ലേബൽ താങ്കൾ വൈദികരുടെമേൽ ഫെവിസ്റ്റിക്കുകൊണ്ട് ഒട്ടിച്ചാലും അതവിടെ ഇരിക്കില്ലെന്നു മാത്രമല്ല വിശ്വാസികൾ അത് പുച്ഛിച്ചു തള്ളുകയേ ഉള്ളൂ.
ദിനപത്രങ്ങളിൽ നമ്മൾ വായിച്ചറിഞ്ഞ 80000 രൂപയ്ക്ക് സ്വന്തം ഭാര്യയെ ഹോട്ടലുകളിൽ കൊണ്ടുപോയി കാഴ്ചവച്ച ഭർത്താവിനോടും സ്വന്തം മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ അച്ഛനോടും മന്ദബുദ്ധിയായ യുവതിയെ പീഢിപ്പിച്ച രണ്ടു കുട്ടികളുടെ പിതാവായ മധ്യവയസ്‌കനോടുമൊക്കെ സമയം കിട്ടുമ്പോൾ സ്വയമൊന്നു തുലനം ചെയ്തു നോക്കൂ. എത്ര ബാലിശമാണല്ലേ അല്ലെങ്കിൽ താങ്കൾ അത്തരക്കാരനാണെന്നു ആരെങ്കിലും വിളിച്ചു പറഞ്ഞാൽ ! നിങ്ങളവരെ പുച്ഛിക്കും. അപൂർവ്വങ്ങളിൽ അപൂർവ്വമായ ചില പുരോഹിത പീഡനങ്ങളുടെ പശ്ചാത്തലത്തിൽ വൈദികരെല്ലാം പീഡനവീരൻമാരാണെന്ന് പറയുന്നതിൽ ഇതേ ബാലിശതയാണെന്നു മനസിലാക്കാൻ കേരള സാഹിത്യ അവാർഡ് നേടിയിട്ടുള്ള ഒരാൾക്ക് അധികം ആലോചനയുടെ ആവശ്യമുണ്ടോ
ലൈംഗികപീഡനം ഈ സമൂഹത്തിൻറെ പുഴുക്കുത്താണ്. ദൈവം വരമായിത്തന്ന ഭാഷയും കഥാകഥനശേഷിയുമൊക്കെ ഉപയോഗിച്ച് മികച്ച കൃതികളിലൂടെ ഇത്തരം പുഴുക്കുത്തുകളിൽ നിന്നും സമൂഹത്തെ വിമലീകരിക്കുകയല്ലേ ഒരു എഴുത്തുകാരൻ ചെയ്യേണ്ടത്. ഞങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. അല്ലാതെ തക്കം നോക്കിയിരുന്ന് മതപുരോഹിതരുടെ ചോര കുടിച്ച് സാംസ്‌കാരിക നായകൻ ചമയുകയല്ല വേണ്ടത്. ഒപ്പം ക്രൈസ്തവൻ എന്ന അസ്തിത്വത്തെ തള്ളിപ്പറയാനുള്ള വ്യഗ്രത മാറ്റണമെന്നൊരു അപേക്ഷയും. അങ്ങയുടെ പുസ്തകങ്ങൾ ഇനിയും ഞാൻ വായിക്കും. കാരണം താങ്കൾ സമകാലിക മലയാളസാഹിത്യത്തിലെ അതുല്യപ്രതിഭയാണെന്നതു തന്നെ.
സ്‌നേഹപൂർവ്വം,
ഫാ. ജോസഫ് ഇലഞ്ഞിമറ്റം
ചീഫ് എഡിറ്റർ, കുടുംബജ്യോതി മാസിക
ബെന്ന്യാമിന്റെ മറുപടി പോസ്റ്റ്
ബഹുമാനപ്പെട്ട ഫാ. ജോസഫ് ഇലഞ്ഞി മറ്റം,
അങ്ങ് എഴുതിയ ഒരു കത്ത് സോഷ്യൽ മീഡിയ വഴി എനിക്ക് ലഭിക്കുകയുണ്ടായി. അങ്ങ് വായനയെയും അതുവഴി എന്നെയും അതിയായി സ്‌നേഹിക്കുന്ന ഒരാളാണെന്നറിയുന്നതിൽ ഏറെ സന്തോഷം.
ടോം വട്ടക്കുഴിയുടെ മാതാഹരി ചിത്രവുമായി ബന്ധപ്പെട്ട് ചിലർ നടത്തിയ പ്രതിഷേധ ആഭാസവുമായി ബന്ധപ്പെട്ട എന്റെ ഫേസ് ബുക്ക് പോസ്റ്റാണല്ലോ അങ്ങയുടെ കത്തിനു ആധാരം. അതിൽ അങ്ങ് ആരോപിക്കുന്നതുപോലെ കത്തോലിക്ക സഭയ്‌ക്കോ പുരോഹിതന്മർക്കോ വിശ്വാസികൾക്കോ ക്രിസ്തുവിനോ എതിരായി ഒന്നും ഇല്ല എന്ന് താങ്കൾ ആ പോസ്റ്റ് ഒരിക്കൽ കൂടി ശാന്തതയോടെ വായിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. ബസിൽ കയറിയവരെക്കുറിച്ച് പറയുമ്പോൾ വഴിയിൽ നില്ക്കുന്നവരും ഉൾപ്പെടും എന്ന് പറയരുത്. എന്നാൽ താങ്കൾക്ക് അങ്ങനെ തോന്നിയെങ്കിൽ അതിനു കാരണം താങ്കൾ മഞ്ഞക്കണ്ണട വച്ച അവരിലൊരാൾ ആയിപ്പോയതിന്റെ ആത്മനിന്ദയാണെന്നു ഞാൻ കരുതുന്നു. കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന ക്രിസ്തുമത വിശ്വാസികളിലും ആയിരക്കണക്കിനു പുരോഹിത ശ്രേഷ്ഠർക്കും ഇടയിൽ നിന്ന് പത്തുപേർ നടത്തിയ കോക്കാംപീച്ചിയെ മുഴുവൻ സഭയുടെയും വിശ്വാസികളുടെയും തലയിൽ ചാർത്തി വച്ച് കേരളത്തിലെ സത്യക്രിസ്ത്യാനികൾക്ക് അപമാനം ഉണ്ടാക്കി വയ്ക്കാനുള്ള ശ്രമം ആരും അത്ര നിഷ്‌കളങ്കമെന്നു കരുതുമെന്ന് അങ്ങ് വെറുതെ വിശ്വസിച്ചു കളയരുത്. ഞങ്ങൾ അത്ര വിഡ്ഢികളല്ല. ക്രിസ്തുവിനെ ആർക്കും തീറെഴുതി തന്നിട്ടുമില്ല.
ക്രൈസ്തവ വിരുദ്ധതയാണ് കേരളത്തിലെ സാംസ്‌കാരിക നായകന്റെ മുഖമുദ്ര എന്നും എന്റെ വളർച്ചയ്ക്ക് അത് ആവശ്യമായി എന്നു തോന്നിയോ എന്നും ആ കത്തിൽ താങ്കൾ ആക്ഷേപിക്കുന്നുണ്ടല്ലോ. കേരളത്തിലെ ഏതൊക്കെ സാംസ്‌കാരിക നായകർ (അങ്ങനെ ഒന്നുണ്ടോ എന്നു നമുക്ക് പിന്നെ ചർച്ച ചെയ്യാം ) ഏതൊക്കെ വിധത്തിൽ ക്രൈസ്തവ വിരുദ്ധരാണ് എന്ന് ഉദാഹരണം നിരത്തി പറയാൻ താങ്കൾ ബാധ്യസ്ഥനാണ്. പൊതു സമൂഹത്തിന്റെ മുന്നിൽ അപഹാസിതനായി എന്നു കണ്ടപ്പോൾ എന്തെങ്കിലും ആക്ഷേപം ഉന്നയിച്ച് രക്ഷപെടാൻ തങ്കളെപ്പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിനിരിക്കുന്ന ഒരാൾ ശ്രമിക്കരുത്. സഭയിലെ ചിലർ ചെയ്യുന്ന എന്തെങ്കിലും ചിലതിനെ വിമർശിച്ചാൽ ഉടൻ അത് ക്രൈസ്തവ വിരുദ്ധമാക്കുന്നത് ഉഗ്രൻ തന്ത്രമാണല്ലോ അച്ചാ.
എന്തിനെക്കുറിച്ചും അഭിപ്രായം പറയാൻ അച്ചനുള്ള അതേ അവകാശം ഇന്ത്യയിലെ ഓരോ പൌരനും ഉണ്ടെന്ന് താങ്കൾ തത്ക്കാലം മനസിലാക്കുക. അതേ അവകാശം മാത്രം ഉപയോഗിച്ചാണ് എന്റെ ഫേസ്ബുക്കിൽ ഞാൻ അഭിപ്രായം പറഞ്ഞത്. അതിനു പ്രത്യേകിച്ച് സാംസ്‌കാരിക നായകസ്ഥാനം ഒന്നും വേണ്ട. പഴയ മദ്ധ്യകാല യൂറോപ്പല്ല അച്ചോ ഇത്. പുരോഹിതന്മാർ എന്തെങ്കിലും പറഞ്ഞാൽ മുട്ടു വിറച്ചു നില്ക്കുന്ന വിശ്വാസികളുടെ കാലം ഒക്കെ പണ്ടേ കഴിഞ്ഞു പോയി. അങ്ങനെ ഒരു മൂഡ സ്വർഗ്ഗത്തിലാണ് അങ്ങ് ജീവിക്കുന്നതെങ്കിൽ പുറത്തിറങ്ങി നിന്ന് ഇത്തിരി കാറ്റുകൊള്ളാൻ സമയമായി എന്ന് സ്‌നേഹത്തോടെ പറഞ്ഞുകൊള്ളട്ടെ.
മനോരമയും അച്ചനും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് നിങ്ങൾ പറഞ്ഞു തീർക്കുക. എന്റെ പ്രതികരണം ഏതെങ്കിലും മാധ്യമസ്ഥാപനത്തിനു വേണ്ടിയുള്ളതല്ല. അത് ക്രിസ്തുവിന്റെ പേരു പറഞ്ഞ് തെരുവിൽ ഇറങ്ങിയതിനെതിരെ ആയിരുന്നു. പിന്നെ അച്ചൻ വലിയ വായനക്കാരൻ ആണെന്നാണല്ലോ കത്തിൽ പറഞ്ഞിരിക്കുന്നത്. എങ്കിൽ നിശ്ചയമായും എന്റെ ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ ‘ എന്ന നോവൽ വായിച്ചിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ സമയം പോലെ അതൊന്ന് വായിക്കുക. അങ്ങനെ ഒരു നോവൽ എഴുതാൻ പോയിട്ട് സ്വപനം കാണാൻ പോലും ഉള്ള ആർജ്ജവം കടുക്ക വെള്ളം കുടിച്ചാലും ഇല്ലെങ്കിലും അച്ചനു കാണില്ല എന്ന് എനിക്കുറപ്പ്. അങ്ങനെയുള്ള എന്നെ മനോരമയോട് ചേർത്തു കെട്ടാനുള്ള അച്ചന്റെ ശ്രമം, മനുഷ്യന്റെ അഭിപ്രായങ്ങളെ അവന്റെ ജാതിപ്പേരിനോട് ചേർത്തുവായിക്കുന്ന സമകാലിക വിഷക്കണ്ണിന്റെ തുടർച്ച ആയി മാത്രമേ ഞാൻ കാണുന്നുള്ളൂ. അച്ചന്റെ കൂടെ തെരുവിൽ ഇറങ്ങിയവരെ അത് സമാധാനിപ്പിക്കുമായിരിക്കും എന്നാൽ എന്നെ അറിയാവുന്ന വായനക്കാർ അത് പുച്ഛിച്ചു തള്ളും എന്ന് എനിക്കുറപ്പുണ്ട്.
പിന്നെ അച്ചൻ എന്റെ തലയ്ക്കിടാവുന്ന വിലയെക്കുറിച്ച് ഒരു സൂചന നൽകിയല്ലോ. അങ്ങേക്ക് അത് നിഷ്പ്രയാസം സാധ്യമാകാവുന്നതേയുള്ളൂ. ആ പാരമ്പര്യം മദ്ധ്യകാലം തൊട്ടേ ഉള്ളതിനാൽ നിശ്ചയമായും. എന്നാൽ അങ്ങനെ പേടിക്കുന്നവനല്ലോ അച്ചോ എഴുത്തുകാർ. വീടിന്റെ മുന്നിലൂടെ നടക്കുമ്പോൾ തേങ്ങ തലയിൽ വീണ് ചാവുന്നതിനേക്കൾ എന്തുകൊണ്ടും അഭിമാനം സ്വന്തം അഭിപ്രായം ധീരതയോടെ തുറന്നു പറഞ്ഞതിന്റെ പേരിൽ കൊല്ലപ്പെടുന്നതു തന്നെയാണ്. നൂറു വയസു വരെ ജീവിച്ചിരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടല്ല ജീവിക്കാനും എഴുതാനും തുടങ്ങിയത്. പേടിപ്പിക്കരുത് അച്ചോ. എന്റെ പേര് ബെന്യാമിൻ എന്നാണ്. അതിന്റെ അർത്ഥം ദൈവത്തിന്റെ വലം കൈ എന്നാണ്.!!
പിന്നെ മറ്റേക്കാര്യം ഉണ്ടല്ലോ അച്ചോ. നമ്മുടെ പൊട്ടിയൊലിക്കുന്ന കാര്യം. അത് അച്ചനതു നല്ല പോലെ കൊണ്ടു അല്ലേ..? അപ്പോഴും അച്ചൻ സമൂഹത്തിലെ എല്ലാ പുരോഹിതന്മാരെയും തന്റെ കൂടെ നിറുത്തി രക്ഷപെടാൻ ഒരു ശ്രമം നടത്തി നോക്കുന്നുണ്ട്. മിടുക്കൻ. പക്ഷേ ഞാൻ എല്ലാ പുരോഹിതന്മാരെയും ഒന്നും പറഞ്ഞില്ലല്ലോ. എത്രയോ നല്ലവരായ നീതിമാന്മാരായ സത്യസന്ധരായ ആത്മാർത്ഥതയുള്ള ദൈവ സ്‌നേഹമുള്ള ക്രിസ്തുവിൽ ജീവിക്കുന്ന പുരോഹിതന്മാരെ എനിക്കറിയാം. അവരാരും തെരുവിൽ ഇല്ലായിരുന്നു അച്ചോ. അവർ അടഞ്ഞ മുറികളിലിരുന്ന് ധ്യാനപ്രാർത്ഥനകൾ നടത്തുകയായിരുന്നു. ഒരു ചിത്രത്തിന്റെ പേരിൽ തീരുന്ന ആത്മീയതയല്ല അവരുടേത്. തെരുവിൽ ഇറങ്ങിയവർ രണ്ടോ മൂന്നോ. അവർക്കെതിര മാത്രമാണ് ഞാൻ സംസാരിച്ചത്. എല്ലാവരെയും അവരുടെ നുകത്തിൽ വച്ചു കെട്ടാൻ അച്ചൻ ശ്രമിക്കരുത്..
പിന്നെ എന്റെ ഒലിക്കുന്ന കാര്യം. അത് അച്ചൻ പേടിക്കേണ്ട. ഞാൻ പരസ്ത്രീഗമനം നടത്തിയോ വേശ്യാലയം സന്ദർശിച്ചോ ഹസ്തമൈഥുനം നടത്തിയോ വല്ല ചെക്കന്മാരെയും കണ്ടു പിടിച്ചോ ഞാൻ പരിഹരിച്ചോളാം അച്ചോ. എന്നിട്ടും നില്ക്കുന്നില്ലെങ്കിൽ അച്ചന്റെ കടുക്ക വെള്ളത്തിൽ ഇത്തിരി കുടിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. അങ്ങനെ ഒന്നും ചെയ്യില്ലെന്ന് ആർക്കും ഞാൻ വാക്കൊന്നും തന്നിട്ടില്ലല്ലോ. അതുകൊണ്ട് അതോർത്ത് അച്ചൻ വെള്ളം ഇറക്കേണ്ട. എന്നാൽ അങ്ങനെയല്ലല്ലോ ഒരു പുരോഹിതൻ. ജീവിതകാലം മുഴുവൻ സ്വയം ഷണ്ഡത്വത്തിൽ ജീവിച്ചുകൊള്ളാം എന്ന് ദൈവത്തിന്റെയും തിരുസഭയുടെയും പൊതുജനത്തിന്റെയും മുന്നിൽ സത്യം ചെയ്തിട്ട് പിന്നെം മറ്റേപ്പണിക്ക് പോകുന്നവരെക്കുറിച്ച് മാത്രമാണ് അച്ചോ എന്റെ ആക്ഷേപം. വാക്കുകളും പ്രവർത്തിയും തമ്മിലുള്ള അന്തരം ക്രിസ്തീയതയുടെ പേരിൽ ജീവിക്കുന്നവർക്ക് അത്രയുണ്ടാവാൻ പാടുണ്ടോ..?
അഭയ എന്നൊരു പേര് അച്ചൻ മറന്നു പോകാൻ ഇടയില്ല. കടുക്ക വെള്ളം കുടിച്ചിട്ടും കാമഭ്രാന്ത് തീരാതെ കുതിര കയറിക്കൊന്ന പിന്നെയും എത്രയെത്ര അഭയമാർ. കുടുംബിനികൾ. പെൺകുട്ടികൾ. ആൺകുട്ടികൾ. നിഷ്‌കളങ്കരായ വിശ്വാസികൾ ആയിപ്പോയതിന്റെ പേരിൽ നീറി നീറി ജീവിക്കാൻ വിധിക്കപ്പെട്ടവർ. ആത്മാവിൽ തൊട്ട് സ്വയം ചോദിക്കൂ പുരോഹിതാ അവരിൽ എത്ര പേർക്കു വേണ്ടി അങ്ങയുടെ നാവു പൊന്തി എന്ന്..? എത്ര പേരുടെ നീതിക്കു വേണ്ടി താങ്കൾ തെരുവിൽ ഇറങ്ങി എന്ന്. എത്ര പേർക്കു വേണ്ടി നീതി പീഠത്തെ സമീപിച്ചു എന്ന് എത്ര പേർക്കുവേണ്ടി എഡിറ്റോറിയൽ എഴുതി എന്ന്. എനിക്ക് കത്തെഴുതി സോഷ്യൽ മീഡയയിൽ ആഘോഷിക്കാൻ കണ്ടെത്തിയ സമയത്തിൽ ഒരംശമെങ്കിലും താങ്കൾ അതിനുവേണ്ടി ചിലവഴിച്ചിരുന്നുവെങ്കിൽ അവർ നിങ്ങളെ അവരുടെ പ്രാർത്ഥനയിൽ ഓർക്കുകയെങ്കിലും ചെയ്യുമായിരുന്നു.
നമുക്ക് വിഷയത്തിലേക്ക് വരാം. പതിനാറാം നൂറ്റാണ്ടിലെ ഒരു ചിത്രത്തിന്റെ സാമ്യത്തിൽ മാതാഹരിയുടെ ചിത്രം വരച്ചതാണല്ലോ പ്രശ്‌നം. താങ്കൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരാളെന്ന് ഞാൻ വിശ്വസിക്കട്ടെ. എങ്കിൽ ഒന്ന് സേർച്ച് ചെയ്തു നോക്കൂ. കിട്ടും താങ്കൾക്ക് അത്തരം നൂറു കണക്കിനു ചിത്രങ്ങൾ. ഏറ്റവും കുറഞ്ഞത് റിനി കോക്‌സിന്റെ Yo mamas Last Supper എങ്കിലും ഒന്നു കാണണം. എന്തേ അന്നൊന്നും തെരുവിൽ ഇറങ്ങിയില്ല.? ഡാവിഞ്ചി കോഡ് എന്നൊരു പുസ്തകം ഇറങ്ങിയല്ലോ. ക്രിസ്തു വ്യഭിചരിച്ച് അതിൽ കുട്ടികൾ ഉണ്ടാക്കി എന്നാണ് അതിൽ പറയുന്നത്. ഇപ്പോഴും അത് കടകളിൽ ലഭ്യമാണ് എന്തേ അങ്ങും സംഘവും തെരുവിൽ ഇറങ്ങിയില്ല. ഇനിയും തരാം പുസ്തകത്തിന്റെ ലിസ്റ്റുകൾ: Jesus the Man, Holy Blood and Holy grail, Un Authorized version of Bible, The Messianic Legacy, Blood line of Holy grail, The Passover Plot, Juses of the Apocalypse.. അങ്ങനെ നൂറു കണക്കിനു ഉണ്ട്. എല്ലാം ക്രിസ്തുവിനു മേൽ കരി വാരി തേക്കുന്നവ. അങ്ങ് വായിച്ചിട്ടുണ്ടോ ഇവ..? ഉണ്ടെങ്കിൽ താങ്കൾക്ക് തെരുവിൽ നിന്ന് കയറാൻ നേരമുണ്ടായിരിക്കില്ല. ഞാൻ വായിച്ചിട്ടുണ്ട് ഇവയൊക്കെ. ഒന്നിനും എന്റെ ക്രിസ്തു വിശ്വസത്തിന്റെ രോമത്തിൽ തൊടാൻ കഴിഞ്ഞിട്ടില്ല. കാരണം ഏതെങ്കിലും ചിത്രത്തിന്റെ പേരിൽ അല്ല ഞാൻ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നത്. അവന്റെ വാക്കുകളുടെയും പ്രവർത്തികളുടെയും ബലത്തിലാണ്. ബൈബിൾ നല്കുന്ന പ്രത്യാശയുടെ ബലത്തിൽ ആണ് . എന്നാൽ ആരോ ഒരു ചിത്രം വരച്ചപ്പോഴേക്കും ഒഴുകി പോകുന്നത്ര ദുർബലമാണല്ലോ പുരോഹിതാ അങ്ങയുടെ വിശ്വാസം. ആ മഹാന്റെ ജീവിതസന്ദേശം സമൂഹത്തിനു പകർന്നു കൊടുക്കാൻ താങ്കളെപ്പോലെയുള്ളവരാണല്ലോ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നോർത്ത് സങ്കടംവരുന്നു. സഹതാപവും.
അടുത്ത തവണ ബലിപീഠത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ രണ്ടു കാര്യങ്ങൾ അങ്ങ് സ്വയം ആത്മാവിൽ തൊട്ട് ചോദിക്കണം. 1. അങ്ങും സംഘവും ഉണ്ടാക്കിയ ബഹളങ്ങൾ പൊതു സമൂഹത്തിൽ ക്രിസ്തുവിനും ക്രിസ്തീയതയ്ക്കും മാനമാണോ ഉണ്ടാക്കിയത് അപമാനമാണോ ഉണ്ടാക്കിയത്..? 2. ആരോരും അറിയാതെ ഏതോ ഒരു മാസികയുടെ മൂലയ്ക്ക് കിടന്ന ഒരു ചിത്രത്തെ പൊതുസമൂഹത്തിന്റെ മുന്നിൽ എത്തിക്കുന്നതിൽ അങ്ങും സംഘവും വഹിച്ച പങ്ക് തള്ളിക്കളയാനാവുമോ..? ആത്മാവിലും പ്രവർത്തിയിലും ശുദ്ധിയുള്ളവനെങ്കിൽ ആ അൾത്തരയിൽ വച്ച് ആരോരും കാണാതെ ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിച്ച് താങ്കൾ ഇതിനു പ്രായശ്ചിത്തം ചെയ്യും എനിക്ക് ഉറപ്പുണ്ട്.
ക്രിസ്തുവിന്റെ സ്‌നേഹം അങ്ങയോടൊപ്പം ഇരിക്കട്ടെ.
ക്രിസ്തുമസ് ആശംസകൾ.
സ്‌നേഹത്തോടെ
ബെന്യാമിൻ.