അക്ഷരമുത്തശ്ശി ഭാഗീരഥിയമ്മ അന്തരിച്ചു :വിടവാങ്ങിയത് പത്താംതരം പഠിക്കണമെന്ന മോഹം ബാക്കിയാക്കി

സ്വന്തം ലേഖകൻ

കൊല്ലം : നൂറ്റിയഞ്ചാം വയസിൽ നാലാംതരം തുല്യതാ പരീക്ഷയെഴുതി രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ അക്ഷര മുത്തശി ഭാഗീരഥി അമ്മ അന്തരിച്ചു.107 വയസായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്തെതന്നെ ഏറ്റവും പ്രായം ചെന്ന വിദ്യാർത്ഥിനി കൂടിയായിരുന്ന അവർ ഭാരതനാരീശക്തി പുരസ്‌കാര ജേതാവ് കൂടിയായിരുന്നു ഭാഗീരഥി അമ്മ. കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനിയായ ഭാഗീരഥി അമ്മ നൂറ്റിയഞ്ചാം വയസിലും 275 മാർക്കിൽ 205 മാർക്കും നേടിയാണ് നാലാംതരം തുല്യതാ പരീക്ഷ ജയിച്ചത്.

നൂറ്റിയഞ്ചാം വയസിൽ തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മയെ കുറിച്ച് പ്രധാനമന്ത്രി മൻകീ ബാത്തിലും പരാമർശിച്ചിരുന്നു.ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാൽ ഒമ്ബതാം വയസിൽ ഭഗീരഥി അമ്മ പഠനം ഉപേക്ഷിക്കുകയായിരുന്നു.

വർഷങ്ങൾ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. മുപ്പതുകളിൽ വിധവയായതോടെ ആറ് മക്കളെ വളർത്തുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു. തുടർന്നാണ് നൂറ്റിയഞ്ചാം വയസിൽ നാലാംതരം തുല്യത പരീക്ഷ പഠിച്ച് പാസാകുന്നത്.

ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ടിലൂടെയാണ് ലോകം ഭാഗീരഥി അമ്മയെ അറിഞ്ഞത്. തുടർന്ന് ജനപ്രതിനിധികളും, സാമൂഹികസാംസ്‌കാരിക പ്രവർത്തകരും അമ്മയെ വീട്ടിലെത്തി ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഏഴാംതരം തുല്യതാ പരീക്ഷയ്ക്കുള്ള ഓൺലൈൻ പരിശീലനം നൽകി വരികയായിരുന്നു അധ്യാപികയായ ഷേർളി. എന്നാൽ കഴിഞ്ഞ ഒരു മാസമായി നല്ല ക്ഷീണത്തിലും, അവശതയിലുമായിരുന്നു ഭാഗീരഥി. ഏഴാംതരം വിജയിച്ച്, പത്താംതരം പരീക്ഷ എഴുതണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ഭാഗീരഥി യാത്രയായത്.

പരേതനായ രാഘവൻപിള്ളയാണ് ഭർത്താവ്. പത്മാക്ഷി അമ്മ, തുളസീധരൻ പിള്ള, പരേതയായ കൃഷ്ണമ്മ, സോമനാഥൻ പിള്ള, അമ്മിണി അമ്മ, തങ്കമണി എ. പിള്ള എന്നിവരാണ് മക്കൾ. മരുമക്കൾ ബാലകൃഷ്ണപിള്ള, (പരേതൻ) വിജയലക്ഷ്മി അമ്മ, രാധാകൃഷ്ണപിള്ള (പരേതൻ) മണിയമ്മ, ശ്രീധരൻ പിള്ള, ആനന്ദൻ പിള്ള (പരേതൻ)

Top