
സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ്ടിവി ചാനൽഷോയ്ക്കിടെ അവതാരിക മോശമായി പെരുമാറിയതിന്റെ ദുഖത്തിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. ടിവി ചാനലിൽ അവതരിപ്പിച്ചുവരുന്ന ‘സെൽവതെല്ലാം ഉൺമൈ’ എന്ന പരിപാടിയിൽ പങ്കെടുത്തതിന് ശേഷമെത്തിയ മധ്യവയസ്കനാണ് ആത്മഹത്യ ചെയ്തത്. പരിപാടിയുടെ അവതാരിക നടി ലക്ഷ്മി രാമകൃഷ്ണൻ അപമാനിച്ചതിനെ തുടർന്നാണ് വേടവാക്കം സ്വദേശി നാഗപ്പൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സീ ടിവിയുടെ തമിഴ് ചാനലിലാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ അമ്മ വേഷം ചെയ്ത നടിയാണ് ലക്ഷ്മി രാമകൃഷ്ണൻ. ദിലീപ് ചിത്രമായ ചക്കരമുത്തിലൂടെ മലയാള സിനിമയിലെത്തിയ ലക്ഷ്മി തമിഴ് ചാനലുകളിലെ ജനപ്രിയ അവതാരക കൂടിയാണ്.
ഭാര്യയോട് പിണങ്ങി മക്കളുമൊത്ത് താമസിക്കുന്ന നാഗപ്പൻ പലപ്പോഴും മക്കളോട് മോശമായി പെരുമാറുന്നുണ്ടെന്നായിരുന്നു ആക്ഷേപം. ഈ കാര്യം ചോദിച്ചാണ് ലക്ഷ്മി ദേഷ്യപ്പെട്ട് സംസാരിച്ചത്. അച്ഛന്റെ മരണത്തിന് കാരണം ടിവി പരിപാടിയാണെന്ന് മക്കളായ ആദിയും മണികണ്ഠനും കുറ്റപ്പെടുത്തി. കുടുംബത്തിലുണ്ടാകുന്ന സാധാരണ പ്രശ്നങ്ങളെ പെരുപ്പിച്ചു കാണിച്ച് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണൻ ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് നാഗപ്പന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു.
സീ ടിവിയുടെ തിമിഴ്ചാനലിൽ ഏറെ പ്രേക്ഷകരുളള പരിപാടിയാണ് സെൽവതെല്ലാം ഉൺമൈ. വ്യക്തികളുടെ കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹാരമാർഗം നിർദ്ദേശിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. രഹസ്യസ്വഭാവമുളള വെളിപ്പെടുത്തലുകൾ ചാനലുകൾ സംപ്രക്ഷണം ചെയ്യരുതെന്ന വ്യവസ്ഥയുണ്ട്. പലപ്പോഴും ചാനൽ ഇത് ലംഘിക്കുകയാണെന്ന് ആക്ഷേപവും ഉയർന്നു. പരിപാടിക്കിടെ നാഗപ്പനോട് നടി ലക്ഷ്മി മോശമായി സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. അപമാനഭാരം താങ്ങാനാകാതെയാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
ചാനലിന്റെ റേറ്റിംഗ് കൂടാനായി മറ്റുള്ളവരുടെ ജീവിതം വിലപേശുകയാണ് ഇത്തരം പരിപാടിയിലൂടെ ചെയ്യുന്നതെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ദമ്പതികൾക്കിടയിലെ പ്രശ്നങ്ങളും അവിഹിതങ്ങളും ചർച്ച ചെയ്യുന്ന ഇത്തരം പരിപാടികൾ മലയാളം ചാനലുകളിലുമുണ്ട്. മുൻകാല സിനിമകളിലെ നായികമാരായിക്കും ഇത്തരം പരിപാടികളുടെ അവതാകരും. നിരവധി പ്രേക്ഷകരെ ആകർഷിക്കുന്ന പരിപാടിക്ക് മികച്ച റേറ്റിംഗാണുള്ളത്.