ദേ ,..രാജാവ് നഗ്നനാണ്…ജോൺ ബ്രിട്ടാസ് എന്ന അവതാരത്തെ പിണറായി പേടിക്കട്ടെ

കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അതിന്റെ ആഘോഷങ്ങള്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കിടയില്‍ ഇനിയും അവസാനിച്ചിട്ടില്ല. മാധ്യമങ്ങളും പിണറായിയെ സ്തുതിക്കാന്‍ മത്സരിക്കുകയാണ്. ഇത്രയും കാലം അദ്ദേഹത്തെ വിമര്‍ശിക്കാന്‍ ചെലവഴിച്ച സ്ഥലവും സമയവും ഒറ്റയടിക്ക് പലിശ സഹിതം പുകഴ്ത്താനായി പത്രങ്ങളും ചാനലുകളും നീക്കിവെക്കുകയാണെന്ന തോന്നല്‍ ആര്‍ക്കെങ്കിലുമുണ്ടായാല്‍ കുറ്റം പറയാനാവില്ല. ഭക്തന്മാരെ തട്ടിയിട്ട് തിരുവനന്തപുരത്ത് നടക്കാനാവാത്ത സ്ഥിതിയാണ്. എജ്ജാതി കഥകളാണ് ഈ സാറന്മാര്‍ പടച്ചുവിടുന്നതെന്നറിയാമോ? എന്തു വരമാണാവോ പിണറായി ദൈവം ഈ ഭക്തന്മാര്‍ക്ക് കൊടുത്തനുഗ്രഹിക്കാന്‍ പോകുന്നത്? ഉളുപ്പില്ലായ്മയ്‌ക്കൊക്കെ ഒരു പരിധിയില്ലേ ഹേ? കുളിപ്പിച്ച് കുളിപ്പിച്ച് പിള്ളയില്ലാതാക്കുമോ എന്നേ ഇനി അറിയാനുള്ളൂ.

പിണറായിയുടേത് ആശാവഹമായ തുടക്കം തന്നെയായിരുന്നു. സ്ഥാനമേല്‍ക്കുന്നതിനു മുമ്പു നടത്തിയ പത്രസമ്മേളനത്തില്‍ അവതാരങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശം ആ മനുഷ്യന്റെ ആത്മാര്‍ത്ഥതയുടെ ലക്ഷണമാണെന്നു തോന്നി. ഹൈദരാബാദിലേക്കു പോയ ഒരു വിരുതന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോയതെന്നു കളവു പറഞ്ഞ കാര്യം താന്‍ പിടിച്ചത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് പ്രതീക്ഷ നല്‍കി. അവതാരങ്ങളെപ്പറ്റി വിവരം വല്ലതും കിട്ടുകയാണെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ തനിക്കു വിവരം നല്‍കണമെന്നു പറയുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവതാരങ്ങളെപ്പറ്റി വിവരം നല്‍കണമെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ അദ്ദേഹത്തിന്റെ സംസ്ഥാനത്തെ പ്രജയായ അടിയനത് അനുസരിക്കാതിരിക്കാന്‍ പറ്റുമോ? ഇമ്മിണി ബല്യ അവതാരത്തെക്കുറിച്ചു തന്നെ വിവരം നല്‍കിയേക്കാം -പേര് ജോണ്‍ ബ്രിട്ടാസ്. ഏറ്റവുമൊടുവില്‍ ഞാന്‍ ശ്രദ്ധിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി സന്ദര്‍ശനവേളയില്‍ അദ്ദേഹത്തിന്റെ നിഴലായി. അതു തന്നെയാണ് പ്രശ്‌നം. മുഖ്യമന്ത്രിയെ അനുഗമിക്കാന്‍ ഈ ജോണ്‍ ബ്രിട്ടാസ് ആരാണ്? അവതാരപ്പിറവികളുടെ മുഴുവന്‍ രൗദ്രഭാവവും ആവാഹിച്ച മൂര്‍ത്തിയോ? അതോ ദുര്‍ദേവതയോ?

മെയ് 25നാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ഒരാഴ്ച പിന്നിടുന്നേയുള്ളൂ. സ്ഥാനമേല്‍ക്കുമ്പോള്‍ ചെയ്ത പ്രതിജ്ഞ മറക്കാന്‍ സമയമായിട്ടില്ല. ജോലിത്തിരിക്കു നിമിത്തം മറന്നുപോയെങ്കില്‍ ഞാനൊന്ന് ഓര്‍മ്മിപ്പിക്കാം.

പിണറായി വിജയനായ ഞാന്‍ നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഞാന്‍ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടെയും മനഃസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വ്വഹിക്കുമെന്നും ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തലത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.

പിണറായി വിജയനായ ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയില്‍ എന്റെ പരിഗണനയില്‍ കൊണ്ടുവരുന്നതോ എന്റെ അറിവില്‍ വരുന്നതോ ആയ ഏതെങ്കിലും വിഷയം അങ്ങനെയുള്ള മന്ത്രി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യങ്ങളുടെ മുറപ്രകാരമുള്ള നിര്‍വ്വഹണത്തിന് ആവശ്യമാകുന്നതൊഴികെ ഞാന്‍ ഏതെങ്കിലും ആള്‍ക്കോ ആളുകള്‍ക്കോ നേരിട്ടോ നേരിട്ടല്ലാതെയോ അറിയിച്ചുകൊടുക്കുകയോ വെളിപ്പെടുത്തിക്കൊടുക്കുകയോ ചെയ്യുകയില്ലെന്ന് സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.

രണ്ടു ഭാഗങ്ങളാണ് സത്യപ്രതിജ്ഞയ്ക്കുള്ളത്. ഇതില്‍ എനിക്കാവശ്യം രണ്ടാമത്തെ ഭാഗം മാത്രം. OATH OF SECRECY അഥവാ രഹസ്യം കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ. ഈ പ്രതിജ്ഞ പിണറായി വിജയന്‍ ഒരാഴ്ചയ്ക്കകം ലംഘിച്ചുകഴിഞ്ഞുവെന്ന് ഞാന്‍ പറയും. സ്തുതിപാഠകര്‍ എന്തുകൊണ്ടോ ഇതൊന്നും കാണുന്നില്ല. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു. സത്യപ്രതിജ്ഞ മുഖ്യമന്ത്രി ലംഘിച്ചുവെങ്കില്‍ അതിനൊരു കാരണമോ കാരണക്കാരനോ ഉണ്ടാവണമല്ലോ. ഉണ്ട്, ജോണ്‍ ബ്രിട്ടാസ് തന്നെ.

ജോണ്‍ ബ്രിട്ടാസ് ആരാണ്? മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന സ്വകാര്യ ചാനല്‍ ശൃംഖലയുടെ മാനേജിങ് ഡയറക്ടര്‍. അദ്ദേഹത്തിന് കേരള സര്‍ക്കാരുമായിട്ടോ കേരള മുഖ്യമന്ത്രിയുമായിട്ടോ ഒരു ബന്ധവുമില്ല. സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടാനും പാടില്ല. പിണറായി വിജയനും ജോണ്‍ ബ്രിട്ടാസുമായി വ്യക്തിപരമായ ബന്ധമുണ്ടെങ്കില്‍ അതിനൊന്നും ഔദ്യോഗിക തലത്തില്‍ ഒരു പ്രസക്തിയുമില്ല. കേരള മുഖ്യമന്ത്രി രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമ്പോഴെല്ലാം ഈ സ്വകാര്യ ചാനല്‍ മേധാവി ഒപ്പമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെയും അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയെയും ഒതുക്കിനിര്‍ത്തിയ ശേഷമാണ് വെറും ചാനല്‍ മേധാവിയായ ബ്രിട്ടാസ് സര്‍വ്വാധികാര്യക്കാരന്‍ കളിച്ചത്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറാനൊരുങ്ങിയ നളിനി നെറ്റോയെ മാറ്റി ബ്രിട്ടാസ് പിണറായിക്കൊപ്പം കടന്നിരുന്നത് കണ്ടു നിന്ന മാധ്യമപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി എന്നത് സത്യം. ചീഫ് സെക്രട്ടറിക്കൊപ്പം നളിനി നെറ്റോ മറ്റൊരു കാറില്‍ ഇവരെ പിന്തുടരുകയായിരുന്നു. പക്ഷേ, മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യ സംഭാഷണത്തിനപ്പുറത്തേക്ക് ഇതൊന്നു വാര്‍ത്തയായില്ല.

സൗഹൃദ സന്ദര്‍ശനമായിരുന്നുവെങ്കിലും പിണറായി വിജയന്‍ ദേശീയ നേതാക്കളെ കാണാനെത്തിയത് കേരളാ മുഖ്യമന്ത്രി എന്ന നിലയിലാണ്. മന്ത്രിമാരും സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് ഇത്തരം സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയെ അനുഗമിക്കാറുള്ളത്. അവിടേക്കാണ് ബ്രിട്ടാസ് കടന്നിരുന്നത്. ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം എല്ലാവരും കണ്ടതാണ്. പിണറായിക്കു തൊട്ടരുകില്‍ ചീഫ് സെക്രട്ടറിയോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ അല്ല, ബ്രിട്ടാസ് തന്നെ. കൈരളി, പീപ്പിള്‍, വി തുടങ്ങിയ ചാനലുകളുടെ മാര്‍ക്കറ്റിങ് മേധാവി എന്ന നിലയില്‍ കച്ചവടക്കാരനാണ് ജോണ്‍ ബ്രിട്ടാസ്. കൂടിക്കാഴ്ചാ വേളയില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ കേരളാ മുഖ്യമന്ത്രിക്കു നടത്തിയ ഉറപ്പുകളും വാഗ്ദാനങ്ങളും രഹസ്യസ്വഭാവമുള്ളവ തന്നെ. ഇത് ബ്രിട്ടാസുമായി പങ്കിടാന്‍ ഇടവരുത്തിയതിലൂടെ പിണറായി സത്യപ്രതിജ്ഞാ ലംഘനം തന്നെയാണ് നടത്തിയിരിക്കുന്നത്. ലഭിച്ച വിവരങ്ങള്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വേണ്ടി ബ്രിട്ടാസ് വിറ്റഴിക്കില്ലെന്ന് എന്താണുറപ്പ്? അങ്ങനെ ചെയ്യുകയാണെങ്കില്‍ തന്നെ വെറുമൊരു കച്ചവടക്കാരന്‍ മാത്രമായ ബ്രിട്ടാസിന് എന്ത് അക്കൗണ്ടബിലിറ്റിയാണ് സര്‍ക്കാരിനോടുള്ളത്? പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ക്കു പോകുമ്പോള്‍ അദാനിയെ ഒപ്പം കൂട്ടുന്നതിനെ വിമര്‍ശിക്കുന്നവരാണ് സി.പി.എമ്മുകാര്‍ എന്നോര്‍ക്കണം!

പിണറായി എന്തിന് ബ്രിട്ടാസിനെ ഒപ്പം കൂട്ടി? ഡല്‍ഹിയില്‍ പ്രവര്‍ത്തിപരിചയം ഉള്ളയാള്‍ എന്ന നിലയ്ക്കാണോ? ഇംഗ്ലീഷും ഹിന്ദിയുമെല്ലാം നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന ആള്‍ എന്ന നിലയ്ക്കാണോ? അതോ ബ്രിട്ടാസ് സ്വയം എഴുന്നള്ളിയതോ? ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പരിചയം ബ്രിട്ടാസിനുണ്ട്. ഭാഷയും നന്നായറിയാം. എന്നാല്‍, ഈ വിഷയങ്ങളില്‍ ബ്രിട്ടാസിനെക്കാള്‍ മികവുള്ള ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെയുണ്ടല്ലോ? മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന, മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരില്‍ ഒരാളായ പ്രഭാ വര്‍മ്മ. ജോണ്‍ ബ്രിട്ടാസ് ട്രെയ്‌നി ആയി ദേശാഭിമാനി ഡല്‍ഹി ബ്യൂറോയിലെത്തുമ്പോള്‍ ആ ബ്യൂറോയുടെ ചീഫ് ആയിരുന്നയാളാണ് പ്രഭാ വര്‍മ്മ എന്നോര്‍ക്കണം. വര്‍മ്മയെയാണ് പിണറായി ഒപ്പം കൂട്ടിയിരുന്നുവെങ്കില്‍ ഈ കുറിപ്പ് തന്നെ ഉണ്ടാവുമായിരുന്നില്ല.

കൈരളി സി.പി.എമ്മിന്റെ ചാനലാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, കൈരളിയുമായി സി.പി.എമ്മിന് ബന്ധമൊന്നുമില്ലെന്ന് പിണറായിയും ബ്രിട്ടാസും സൗകര്യപൂര്‍വ്വം പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. ‘പാര്‍ട്ടിക്കാര്‍ ചാനലുമായി സഹകരിക്കുന്നു’ എന്നേയുള്ളൂവത്രേ. ആ പറച്ചില്‍ ഇപ്പോള്‍ വിനയാകുന്നു. ഈ വാദം പരിഗണിച്ചാല്‍ ബ്രിട്ടാസ് വെറുമൊരു ചാനല്‍ മേധാവി. മുഖ്യമന്ത്രിയുടെ അടുത്തയാളെന്ന് അവകാശപ്പെടുന്ന അവതാരം. പഴയ കര്‍ക്കശക്കാരനായ രാഷ്ട്രീയക്കാരന്റെ മുഖം മാറ്റി ജനപക്ഷത്തു നില്‍ക്കുന്ന ജനകീയനായ മുഖ്യമന്ത്രിയാവാന്‍ പിണറായി വിജയന്‍ നന്നായി പരിശ്രമിക്കുന്നുണ്ട്. എന്നാല്‍, ജോണ്‍ ബ്രിട്ടാസിനെ അദ്ദേഹത്തിനൊപ്പം കാണുമ്പോള്‍ പഴയ പല സംഭവങ്ങളും ഓര്‍മ്മ വരും. പാര്‍ട്ടിയുടെ സ്വത്തും ഇപ്പോള്‍ കേരളാ ഫിഡല്‍ കാസ്‌ട്രോയുമൊക്കെയായ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദനെ തെറി പറയുന്നതിന് ‘വെറുക്കപ്പെട്ടവനായ’ ഫാരീസ് അബൂബക്കറിന് കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസ് ചുവപ്പു പരവതാനി വിരിച്ചത് എങ്ങനെ മറക്കും? രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച ബ്രിട്ടാസിന്റെ എടുത്തുചാട്ടങ്ങള്‍ക്കൊടുവില്‍ പഴി മുഴുവന്‍ കേട്ടത് പിണറായി വിജയനായിരുന്നു. ഇതുപോലെ ബ്രിട്ടാസ് സ്വീകരിച്ച പല നടപടികളുടെയും ഉത്തരവാദിത്വം ആശ്രിതവത്സലനായ പിണറായിക്ക് ഏറ്റെടുക്കേണ്ടി വന്നു. പിന്നീട് ഏഷ്യാനെറ്റിലേക്കു ചേക്കേറിയപ്പോഴും തിരികെ കൈരളിയിലെത്തിയപ്പോഴുമെല്ലാം ബ്രിട്ടാസിനു ചുറ്റുമൊരു ദുരൂഹത നിലനില്‍ക്കുന്നുണ്ടായിരുന്നു. അതിപ്പോഴുമുണ്ട്.

മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസില്‍ നിന്ന് മാധ്യമമുതലാളിയായ ജോണ്‍ ബ്രിട്ടാസിലേക്കുള്ള ദൂരം വളരെ വലുതാണ്, അദ്ദേഹമത് അംഗീകരിക്കില്ലെങ്കിലും. ദീര്‍ഘകാലം പാര്‍ലമെന്റ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു കിട്ടുന്നതാണ് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാള്‍ പാസ്. ആ പാസ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. പാര്‍ലമെന്റ് റിപ്പോര്‍ട്ടിങ് പരിചയം 10 വര്‍ഷമാവുമ്പോഴാണ് സെന്‍ട്രല്‍ ഹാള്‍ പാസ് കിട്ടന്നത്. സെന്‍ട്രല്‍ ഹാള്‍ പാസ് 15 വര്‍ഷമാവുമ്പോള്‍ ലോങ് ആന്‍ഡ് ഡിസ്റ്റിങ്ക്വിഷ്ഡ് സര്‍വ്വീസ് പാസ് കിട്ടും. മാധ്യമസ്ഥാപനത്തിന്റെ പേരിലാണ് ഈ പാസ് ലഭിക്കുന്നത്. ദേശാഭിമാനിയുടെ പേരിലുള്ള പാര്‍ലമെന്റ് പാസ് ജോണ്‍ ബ്രിട്ടാസ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഏഷ്യാനെറ്റ് സി.ഇ.ഒ. ആയിരുന്നപ്പോഴും ദേശാഭിമാനിയുടെ പേരിലുള്ള ഈ പാസ് ഉപയോഗിച്ച് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ബ്രിട്ടാസ് കടന്നു ചെന്നതിന് സാക്ഷികളായ മാധ്യമപ്രവര്‍ത്തകരുണ്ട്. പാര്‍ലമെന്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് അനുവദിക്കുന്നത് മാധ്യമപ്രവര്‍ത്തനം നടത്താനാണ്, മുതലാളിപ്പണിയുടെ ഭാഗമായി എം.പിമാരെ കാണാനല്ല. ബ്രിട്ടാസ് മുതലാളിക്ക് പാസിന് അര്‍ഹതയില്ലെന്നര്‍ത്ഥം. പഴയ പാസ് ബ്രിട്ടാസ് ഇപ്പോഴും കൈവശം വെച്ചുപയോഗിക്കുന്നുണ്ടെങ്കില്‍ എത്രമാത്രം വലിയ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നതെന്ന് ചിന്തിച്ചുനോക്കൂ. മുഖ്യമന്ത്രിയുടെ ഉപദേശകനായി ജോണ്‍ ബ്രിട്ടാസ് വരുന്നുവെന്ന് ഉപശാല വര്‍ത്തമാനമുണ്ട്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഷാഫി മേത്തര്‍ അവതരിച്ചതു പോലെ. ബ്രിട്ടാസിന്റെ അടുപ്പക്കാര്‍ തന്നെയാണ് ഈ പ്രചാരണത്തിനു പിന്നില്‍. ഇതെങ്ങാനും യാഥാര്‍ത്ഥ്യമായാല്‍ ഷാഫി മേത്തറുടെ ഗതി തന്നെയായിരിക്കും ബ്രിട്ടാസിനും എന്നു നിസ്സംശയം പറയാം. ഇല്ലെങ്കില്‍ അവതാരം പ്രതിഷ്ഠയെ വിഴുങ്ങും.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ മുദ്രാവാക്യമായ ‘എല്‍.ഡി.എഫ്. വരും എല്ലാം ശരിയാകും’ സൃഷ്ടിച്ചത് ജോണ്‍ ബ്രിട്ടാസാണെന്ന് വാര്‍ത്തകള്‍ കണ്ടു. വാര്‍ത്തയും ‘സൃഷ്ടി’ ആണെന്നു കേള്‍ക്കുന്നു. ഏതായാലും മുദ്രാവാക്യത്തിന്റെ വിജയത്തില്‍ ബ്രിട്ടാസിന് ധാരാളം പ്രശംസ ലഭിക്കുകയും ചെയ്തു. എന്നാല്‍, പിണറായി വിജയനെ സൃഷ്ടിച്ചത് താനാണ് എന്ന രീതിയിലാണ് ബ്രിട്ടാസ് പലപ്പോഴും പെരുമാറുന്നതെന്ന് സി.പി.എം. നേതാക്കള്‍ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഈ കളികള്‍ നാശത്തിലേക്കുള്ള പോക്കാണെന്നും അവര്‍ രഹസ്യമായി പറയുന്നു. പിണറായിയുടെ അപ്രീതിക്കു പാത്രമാവുമോ എന്നു ഭയന്ന് ആരും പരസ്യമായി പറയുന്നില്ല എന്നു മാത്രം. എനിക്ക് അത്തരം ഭയമൊന്നും തോന്നേണ്ട കാര്യമില്ല. പ്രീതി കാംക്ഷിക്കുന്നെങ്കില്‍ മാത്രം അപ്രീതി ഭയന്നാല്‍ മതിയല്ലോ. ഞാന്‍ ധൈര്യമായി പറയും -ദേ, രാജാവ് നഗ്നനാണ്. സി.പി.എം. സംസ്ഥാന സെക്രട്ടറിയോ പൊളിറ്റ് ബ്യൂറോ അംഗമോ ആയിരുന്ന പിണറായി വിജയനല്ല ഇപ്പോഴത്തെ മുഖ്യമന്ത്രി കസേരയിലിരിക്കുന്നത്. സെക്രട്ടറി പാര്‍ട്ടിക്കാരുടെ സ്വന്തമാണെങ്കില്‍ മുഖ്യമന്ത്രി മുഴുവന്‍ കേരളീയരുടെയും സ്വന്തമാണ്.

പിണറായിയോട് രണ്ടു കാര്യങ്ങളേ എനിക്കു പറയാനുള്ളൂ. ഒന്ന് -അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, പാര്‍ട്ടി സെക്രട്ടറിയല്ല. രണ്ട് -അടുപ്പിക്കാന്‍ പാടില്ല എന്ന് അങ്ങു പറഞ്ഞ അവതാര രൂപങ്ങളെ അങ്ങു തന്നെ പ്രോത്സാഹിപ്പിക്കരുത്. സത്യപ്രതിജ്ഞാ ലംഘനം ചെറിയ കാര്യമല്ലെന്നും പറഞ്ഞുകൊള്ളട്ടെ. ഒരു കമ്മ്യൂണിസ്റ്റുകാരനെക്കുറിച്ച് മലയാള മനോരമ നല്ലതു പറയുകയാണെങ്കില്‍ അയാള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നാണ് ഇ.എം.എസ്. പറഞ്ഞിട്ടുള്ളത്. വിമര്‍ശനം നശിപ്പിക്കാനല്ല തിരുത്താനാണെന്നും ഇ.എം.എസ്. പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മനോരമ പിണറായിക്കുമേല്‍ ആവോളം പ്രശംസ ചൊരിയുന്നുണ്ട്. അതു കുഴപ്പമാണോ അല്ലയോ എന്നു വിലയിരുത്തേണ്ടത് പിണറായി തന്നെയാണ്. കൂടുതല്‍ പ്രശംസിച്ച് സുഖിപ്പിക്കാന്‍ ഏതായാലും ഞാനില്ല. വിമര്‍ശനത്തിന്റെ പാതയാണ് എനിക്കിഷ്ടം. തുടങ്ങിയതല്ലേയുള്ളൂ, ഇപ്പോഴേ വിമര്‍ശനം വേണോ എന്നു ചോദിക്കുന്നവരുണ്ടാവാം. ചില കളകള്‍ അങ്ങനെയാണ്. മുളയിലേ നുള്ളിയില്ലെങ്കില്‍ ആകെ വിഴുങ്ങും.

ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. ജോണ്‍ ബ്രിട്ടാസിനെ എനിക്കറിയില്ല. ടെലിവിഷനിലും ഫോട്ടോയിലുമല്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല. അപ്പോള്‍പ്പിന്നെ സംസാരിക്കുന്ന പ്രശ്‌നമേയില്ലല്ലോ! ബ്രിട്ടാസിനോട് എനിക്ക് വ്യക്തിപരമായ വിരോധവുമില്ല. പക്ഷേ, അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട്. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണ് അറിഞ്ഞത്. അറിഞ്ഞിടത്തോളം ധാരാളം.

ലാല്‍ സലാം.
നല്ല നമസ്‌കാരം.

Top