സ്‌നേഹംകൊണ്ടാണ് മരിയാനയും ടോമി പിലിങ്ങും വിധിയെ തോല്‍പ്പിച്ചത് വരുന്ന ജൂലൈയില്‍ ഇരുവരും 22ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ലോകം ഇവരുടെ മുന്നില്‍ ശിരസ് നമിക്കുകയാണ്.
ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക വൈകല്യത്തിന് ഇരകളായ ഇംഗ്ലണ്ടുകാരായ മരിയാനയും ടോമിയും അനുഭവിച്ച ദുരിതത്തിന് കണക്കില്ല. വൈകല്യംകൊണ്ടുള്ള വെല്ലുവിളികള്‍ക്കു പുറമേ മറ്റുള്ളവരുടെ കുത്തുവാക്കുകളും ശകാരവും വരെ ഇരുവരും സഹിച്ചു. തളര്‍ന്നില്ല, സ്നേഹം എന്ന മൂന്നക്ഷരംകൊണ്ട് ഇതിനെയെല്ലാം മറികടക്കാനാകുമെന്ന് തെളിയിച്ചു.
പഠനവൈകല്യമുള്ളവര്‍ക്കായുള്ള ഒരു കേന്ദ്രത്തില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. 18 മാസത്തെ ഡേറ്റിങ്ങിനുശേഷം ടോമി മരിയാനയോട് ചോദിച്ചു, തന്നെ വിവാഹം കഴിക്കാമോ എന്ന്. അങ്ങനെ മരിയാനയുടെ അമ്മയുടെ ആശീര്‍വാദത്തോടെ 1995 ജൂലൈയില്‍ വിവാഹം.
ഇരുവരും വിവാഹിതരാവുന്നതില്‍ പലര്‍ക്കും എതിര്‍പ്പുകളുണ്ടായിരുന്നു. പലരും അത് തുറന്നുപറഞ്ഞു. മരിയാനയുടെ അമ്മയ്ക്കുപോലും വിമര്‍ശനമേല്‍ക്കേണ്ടിവന്നു. എന്നാല്‍ നീണ്ട 22 വര്‍ഷത്തെ ദാമ്പത്യം ആ വിമര്‍ശനങ്ങളെല്ലാം അസ്ഥാനത്താണെന്ന് തെളിയിക്കുകയായിരുന്നു.
രണ്ട് ദശാബ്‍ദങ്ങള്‍ക്കുശേഷം ടോമിയുടെയും മരിയാനയുടെയും സ്‍നേഹത്തിന് മുന്നത്തെക്കാള്‍ കരുത്താണ്. ഇരുവരും ഒരിക്കല്‍പോലും വഴക്കിട്ടിട്ടില്ലെന്നതുതന്നെ വ്യക്തമാക്കും ആ ബന്ധത്തിന്‍റെ ആഴം.
എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം എന്‍റെ വിവാഹ ദിവസമായിരുന്നു. സത്യത്തില്‍ ടോമി വിവാഹം കഴിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഞാൻ പകച്ചുപോയി. എന്നാല്‍ സമ്മതം മൂളാന്‍ അധികം ആലോചിക്കേണ്ടിവന്നില്ല, മരിയാന പറയുന്നു.
ഇംഗ്ലണ്ടിലെ എസ്സക്സില്‍ ഇരുവരും ഇന്നും സന്തോഷത്തോടെ കഴിയുന്നു, ആരുടെയും സഹായമില്ലാതെ. മരിയാനയുടെ അമ്മ തൊട്ടടുത്തുതന്നെ താമസിക്കുന്നുണ്ട്. സഹോദരിയും കുടുംബവും ഏറെ അകലെയല്ലാതെയും.