കടുത്ത യാഥാസ്ഥിതിക ചിന്ത നിലനില്‍ക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള നിരവധി നിയമങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ മോശമായ ഒരു കാര്യങ്ങളും പരസ്യമായി അവിടെ നടക്കില്ല.
നടന്നാല്‍ ശിക്ഷ ഉറപ്പാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ചിലത് നടന്നു. അതും വിശ്വാസികളുടെ ലക്ഷ്യസ്ഥാനമായ മക്കയില്‍. നടുറോഡില്‍ ഡാന്‍സ്. അതും നല്ല നാടന്‍ ഡപ്പാംകൂത്ത്.
റോഡില്‍ ട്രാഫിക് ബ്ലോക്കായി. ആകെ പ്രശ്‌നം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ മുന്‍പന്തിയിലാണ് സൗദിക്കാര്‍. അതുകൊണ്ട് തന്നെ സൗദിയില്‍ ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കപ്പെടാറുണ്ട്.
14 വയസുള്ള ആണ്‍കുട്ടിയാണ് നടുറോഡില്‍ നൃത്തം ചെയ്തത്. ഈ രംഗം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഹജ്ജിനായി വിശ്വാസികള്‍ കൂട്ടത്തോടെ മക്കയിലേക്ക് എത്തവെയാണ് പുതിയ വിവാദം.
1990കളില്‍ ഹിറ്റായിരുന്ന മക്കറീന എന്ന പാട്ടുവച്ചായിരുന്നു ഡാന്‍സ്. റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിട്ടും പയ്യന്‍ ഡാന്‍സ് നിര്‍ത്തിയില്ല.
45 സെക്കന്‍ഡ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. റോഡ് മുറിച്ചുകടക്കുന്ന ഭാഗത്തായിരുന്നു കുട്ടിയുടെ പ്രകടനം. സെക്കന്‍ഡുകള്‍ പിന്നിട്ടപ്പോഴേക്കും വാഹനങ്ങളുടെ നീണ്ട നിര പ്രകടമായിരുന്നു.
കുട്ടിയുടെ പേരോ ദേശമോ വെളിപ്പെടുത്തിയിട്ടില്ല. പോലീസ് കുട്ടിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മക്ക പോലീസ് അറിയിച്ചു.
പൊതുസ്ഥലത്ത് മോശമായ പെരുമാറി, ട്രാഫിക് ലംഘനം നടത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കുട്ടിക്കെതിരേ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം അറിയിച്ചിട്ടില്ല.
കുട്ടിക്കെതിരേ പോലീസ് കേസെടുത്തില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. റോഡ് ഗതാഗതം തടസപ്പെടുത്തിയതിന് കുട്ടിയെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ക്കെതിരേ ഗുരുതര വകുപ്പുകള്‍ സൗദിയില്‍ ചുമത്താറില്ല.