
രാഷ്ട്രീയ ലേഖകൻ
കോട്ടയം: ഗ്രൂപ്പ് തർക്കത്തെ ചൊല്ലി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ യോഗം തല്ലിപ്പിരിഞ്ഞു. താൻ ഗ്രൂപ്പിന്റെ ആളാണെന്നും, ഗ്രൂപ്പ് മറന്നൊരു പ്രവർത്തനമുണ്ടാകില്ലെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ പ്രഖ്യാപനമാണ് കമ്മിറ്റി അലസിപ്പിരിയാൻ ഇടയാക്കിയത്. തർക്കത്തെ തുടർന്നു നന്ദി പറയാൻ പോലുമാവാതെ ഡിസിസിയുടെ ആദ്യ യോഗം അടിച്ചു പിരിഞ്ഞു. എന്നാൽ, മുൻ ഡിസിസിയുടെ കണക്ക് അവതരിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം മാത്രമാണ് ഉണ്ടായതെന്നും യോഗം അലസിപ്പിരിഞ്ഞെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി അറിയിച്ചു.
കെ.കരുണാകരൻ അനുസ്മരണത്തിനു ശേഷം ചേർന്ന ആദ്യ ഡിസിസി നേതൃയോഗമാണ് ആരോപണ പ്രത്യാരോപണങ്ങളാണ് യുദ്ധക്കളമായി മാറിയത്. യോഗത്തിന്റെ അധ്യക്ഷൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പാണ് യോഗത്തിൽ ആദ്യം സംസാരിച്ചത്. താൻ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. ഗ്രൂപ്പ് മൂലമാണ് താൻ ഇപ്പോൾ നേടിയ സ്ഥാനങ്ങളെല്ലാം നേടിയത്. അതുകൊണ്ടു തന്നെ പാർട്ടിയുടെ നേതൃസ്ഥാനത്ത് ഇരിക്കുമ്പോഴും ഗ്രൂപ്പ് മറന്നുള്ള പ്രവർത്തനങ്ങളൊന്നും ഉണ്ടാകില്ലെന്നായിരുന്നു ജോഷി ഫിലിപ്പിന്റെ പ്രസ്താവന. ഈ പ്രസ്താവനയ്‌ക്കെതിരെ ഡിസിസി അംഗങ്ങൾ ഒറ്റക്കെട്ടായി രംഗത്ത് എത്തി.
തുടർന്നു സംസാരിച്ച കോൺഗ്രസ് വ്യക്താവ് ജോസഫ് വാഴയ്ക്കൻ രൂക്ഷമായ വിമർശനമാണ് ജോഷിയുടെ പ്രസ്താവനയ്‌ക്കെതിരെ നടത്തിയത്. ഇത്തവണ കേരളത്തിൽ ഡിസിസി പുനസംഘടന നടത്തിയത് ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലല്ല. അതുകൊണ്ടു തന്നെ ജോഷി നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു. പിന്നീട് സംസാരിച്ച ഡിസിസി അംഗങ്ങളെല്ലാവരും ജോഷി ഫിലിപ്പിന്റെ പ്രസംഗത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഇതോടെ യോഗം തുടരാനാവാതെ വന്നു. തുടർന്നു നന്ദി പറയുന്നത് പോലും ഒഴിവാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു.