വാഷിങ്ടന്‍: ഖത്തറിനെതിരായ നടപടിയെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നതായും ട്രംപ് സമൂഹമാധ്യമമായ ട്വിറ്ററില്‍ കുറിച്ചു. ഭീകരവാദത്തിന്റെ അന്ത്യത്തിന് ഇതു തുടക്കം കുറിക്കുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് പദവിയിലേറിയശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു സൗദിയിലേത്.
റാഡിക്കല്‍ ചിന്താഗതിയെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നു മധ്യപൂര്‍വേഷ്യ സന്ദര്‍ശനത്തില്‍ വിവിധ ലോകനേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി ട്രംപ് വ്യക്തമാക്കി. ഇത്തരം സാമ്പത്തിക പിന്തുണ നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അറബ് രാജ്യങ്ങളുടെ നീക്കത്തില്‍ ആദ്യമായാണ് ട്രംപ് വിശദീകരണം നല്‍കുന്നത്.
അതിനിടെ, മുഖ്യധാര അമേരിക്കന്‍ മാധ്യമങ്ങളെ ആക്ഷേപിക്കാനും ട്രംപ് മറന്നില്ല. സിഎന്‍എന്‍, എന്‍ബിസി, എബിസി, സിബിഎസ്, വാഷിങ്ടന്‍ പോസ്റ്റ്, എന്‍വൈ ടൈംസ് തുടങ്ങിയവയിലെ വ്യാജ വാര്‍ത്തകളെ വിശ്വസിച്ചിരുന്നെങ്കില്‍ താന്‍ വൈറ്റ് ഹൗസില്‍ എത്തുമായിരുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്. സമൂഹമാധ്യമങ്ങള്‍ താന്‍ ഉപയോഗിക്കാതിരിക്കാന്‍ വിവിധ മാര്‍ഗങ്ങളിലൂടെ വ്യാജവാര്‍ത്തക്കാര്‍ ശ്രമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.