എബി പൊയ്ക്കാട്ടില്‍
മെല്‍ബണ്‍ സൗത്തിലെ ഹില്‍ ക്രെസ്റ്റ് പെര്‍ഫോമിംഗ് ആര്‍ട്സ് തിയേറ്ററില്‍ മെയ് 13 ആം തിയതി വൈകുന്നേരം മെല്‍ബണ്‍ സിനിമ കമ്പനിയുടെ ബാനറില്‍ ശിങ്കാരിമേത്തിന്‍റെ അകമ്പടിയോടെ അനു ജോസ് സംവിധാനം ചെയ്തു അരങ്ങേറിയ നാടകം മുഴുനീളെ കയ്യടി നേടി.ഒരു വ്യത്യസ്ഥത എന്നതോട് കൂടി കലാകാരന്മാരുടെ അസാമാന്യ കഴിവുകള്‍ അരങ്ങത്തെത്തിക്കുക എന്ന ദൗത്യവും ഈ നാടകം കൊണ്ട് ലക്ഷ്യമിട്ടിരുന്നൂവെന്ന് മെല്‍ബണ്‍ സിനിമ കമ്പനിയുടെ അമരക്കാരന്‍ ജിമ്മി വര്‍ഗീസ് പറയുന്നു.
കാണികളെ ഒരു ഘട്ടത്തില്‍ പോലും ബോറടിപ്പിക്കുന്നില്ലെന്നതാണ് ഈ നാടകത്തിന്റെ പ്രത്യേകത.ഈ നാടകത്തെ നെഞ്ചിലേറ്റി പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടും തുടക്കം മുതല്‍ നാടകം അവസാനിക്കുന്നതുവരെ മുഴുനീളെ കയ്യടികളോടും കൂടി ആണ് തീയേറ്റര്‍ വിട്ടത്. അഞ്ഞൂറിലധികം സീറ്റുകള്‍ പതിനഞ്ചു ദിവസത്തിന് മുന്‍പ് തന്നെ ഹൗസ്ഫുള്‍ ആയിരുന്നു.കഥാപാത്രങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ അരങ്ങില്‍ അവതരിപ്പിക്കാന്‍ മുഴുവന്‍ അഭിനേതാക്കള്‍ക്കും കഴിഞ്ഞു.മികച്ച രീതിയില്‍ കഠിനപ്രയത്‌നം കൊണ്ടാണ് ഈ നാടകം അരങ്ങിലേക്കെത്തിച്ചതെന്നും അഭിനയജീവിതത്തിലെ നല്ലൊരു അധ്യായമാണ് ഈ നാടകമെന്നും വിവിധ അഭിനേതാക്കളും പറയുന്നു.
കഥാപാത്രങ്ങള്‍ അഭിനയിക്കുകയായിരുന്നില്ല, മറിച്ചു വേഷങ്ങള്‍ അവതരിപ്പിച്ചവര്‍ യഥാര്‍ത്ഥത്തില്‍ അരങ്ങില്‍ ജീവിക്കുകയായിരുന്നു.ബഷീറായി സുനു സൈമണ്‍ ,കേശവന്‍ നായരായി അജിത് കുമാര്‍, സാറാമ്മയായി മിനി മധു, നാരായണിയുടെ ശബ്ദം നല്‍കിയ ബെനില അംബിക, ജയില്‍ വാര്‍ഡന്‍മാരായി വിമല്‍ പോള്‍ ജോബിന്‍ മാണി,ജയില്‍ പുള്ളികളായി ക്ലീറ്റസ് ആന്‍റണി,സജിമോന്‍ വയലുങ്കല്‍,ഷിജു ജബാര്‍,പ്രദീഷ് മാര്‍ട്ടിന്‍ ,എന്നിവര്‍ അരങ്ങു തകര്‍ത്തു.
സംഭാഷണവും സംഗീതവും പ്രകാശവിതാനങ്ങളും ലൈവായി ചെയ്ത നാടകം മലയാളികള്‍ക്ക് ഒരു പുതിയ അനുഭവം ആയിരുന്നു.
നാടകത്തിന് രൂപം നല്‍കിയിരിക്കുന്നത് ഉണ്ണി പൂണിത്തുറയും, സംവിധാനം അനു ജോസും,പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ സംഗീതവും, ജോയ് പനങ്ങാട് വസ്ത്രലങ്കാരവും,നാടകത്തിന്‍റെ ടെക്നിക്കല്‍ ഡയറക്ടര്‍ ആയി പ്രശസ്ത തീയേറ്റര്‍, ഡോക്യുമെന്‍ററി ഡയറക്ടര്‍ ഡോ. സാം കുട്ടി പട്ടംങ്കരി,സൗണ്ട് കണ്‍ട്രോള്‍ & ലൈറ്റിംഗ്: സാം കുട്ടി പട്ടംങ്കരി, നൈസ്സണ്‍ ജോണ്‍, സൈമണ്‍ സ്കോളര്‍ ,കല സംവിധാനം : മധു പുത്തന്‍പുരയില്‍,പരസ്യ കല:സാം കോട്ടപ്പുറം എന്നിവര്‍ നിര്‍വഹിച്ചു.
പ്രാദേശിക കലാകാരന്‍മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിനോദ വ്യവസായത്തിന്‍റെ അനന്തസാധ്യതകള്‍ ഉള്ള വിവിധങ്ങളായ മേഖലയിലേക്ക് കടന്നു വരുവാനും ഇന്ത്യന്‍ സിനിമ, നാടക,വിവിധ കല വ്യവസായവുമായി സഹകരിച്ചുള്ള പദ്ധതികള്‍ വരും കാലങ്ങളില്‍ ഒരുക്കുക എന്നതാണ് മെല്‍ബണ്‍ സിനിമ കമ്പനിയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ .ഇങ്ങനെ ഒരു സംരംഭത്തിന് ചുക്കാന്‍ പിടിച്ച സംഘാടകര്‍ തികച്ചും പ്രശംസ അര്‍ഹിക്കുന്നു. പ്രൊഫഷണല്‍ രീതിയല്‍ അവതരിപ്പിച്ച ഈ നാടകത്തെക്കുറിച്ച് പ്രേക്ഷകര്‍ എല്ലാവരും ഒരേ സ്വരത്തില്‍ അഭിന്ദനം അറിയിച്ചു.