ന്യൂഡല്‍ഹി: ഇനിമുതല്‍ ഇരുപതിനായിരം രൂപയ്ക്കുളള സാധനങ്ങള്‍ വരെ ഡ്യൂട്ടി ഫ്രീ പരിധിയില്‍ ഉള്‍പ്പെടുത്തി. കൊറിയര്‍ സര്‍വീസ് വഴി ഇന്ത്യയിലേക്ക് നാട്ടിലേക്ക് സാധനങ്ങള്‍ അയക്കുന്നവര്‍ക്ക് ഈ തീരുമാനം ഗുണകരമാണ്. നേരത്തെ ഇത് പതിനായിരം രൂപയായിരുന്നത് ഇപ്പോള്‍ ഇരുപതിനായിരം രൂപയായി ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ഇന്ന് പുറത്തിറങ്ങി.
കൊറിയര്‍ വഴി നാട്ടിലേക്കയക്കുന്ന ഇരുപതിനായിരം രൂപ വരെയുള്ള ഗിഫ്റ്റ് സാധനങ്ങള്‍ക്ക് ഇനി മുതല്‍ ഡ്യൂട്ടി നല്‍കേണ്ടതില്ല. കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ ഇത് സംബന്ധമായ പ്രഖ്യാപനം ഉണ്ടായിരുന്നു. യു.എസ് ഡോളറിന്റെ വിനിമയനിരക്ക് മുപ്പത്തിയെട്ട് രൂപയായിരുന്ന സമയത്താണ് പതിനായിരം രൂപ എന്ന പരിധി നിശ്ചയിച്ചത്.
വിനിമയ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ഈ പരിധി ഉയര്‍ത്തണമെന്ന് കാര്‍ഗോ കമ്പനികളും പ്രവാസികളും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ കാര്‍ഗോ പ്രതിനിധി സംഘം ഈ ആവശ്യവുമായി ധനകാര്യ മന്ത്രിയെ കാണുകയും ചെയ്തിരുന്നു. കൊറിയര്‍ ആയി സാധനങ്ങള്‍ നാട്ടിലേക്കയക്കുന്ന ഗള്‍ഫിലെ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാണ് പുതിയ തീരുമാനം.
എന്നാല്‍ ഗള്‍ഫില്‍ നിന്നുള്ള ഡോര്‍ ടു ഡോര്‍ സര്‍വീസ് നേരിടുന്ന പ്രതിസന്ധി ഇനിയും പൂര്‍ണമായും പരിഹരിച്ചിട്ടില്ല. ഇന്ത്യയിലെ പല വിമാനത്താവളങ്ങളിലും ഇപ്പോഴും ചരക്കുകള്‍ക്ക് പെട്ടെന്ന് ക്ലിയറന്‍സ് ലഭിക്കുന്നില്ല. നിരോധിക്കപ്പെട്ട സാധനങ്ങള്‍ ചിലര്‍ കൊറിയര്‍ സര്‍വീസ് വഴി അയച്ചത് പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കാര്‍ഗോ നീക്കം മന്ദഗതിയിലായത്.


