
ക്രൈം ഡെസ്‌ക്
മംഗളൂരൂ: റിയൽ എസ്‌റ്റേറ്റ് ബിസിനസ് വ്യാമോഹം നൽകി ഫേസ്ബുക്ക് ഫ്രണ്ട് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് 34 ലക്ഷം. തുടർന്ന് ജോൺപോൾ എന്ന വിദേശിക്കെതിരേ മംഗലൂരുകാരിയായ വീട്ടമ്മ പോലീസിൽ പരാതി നല്കി. ഏഴ് കോടിയുടെ പദ്ധതി പറഞ്ഞെത്തിയ സുഹൃത്ത് വീട്ടമ്മയിൽ നിന്നും വസ്തു ഇടപാടുമായി ബന്ധപ്പെട്ട പല കാരണങ്ങളും നിരത്തി ഓൺലൈനായി പണം തട്ടിയെടുക്കുകയായിരുന്നു.
ഭർത്താവ് വിദേശത്തായ വീട്ടമ്മ ഫേസ്ബുക്ക് വഴിയാണ് ജോൺപോൾ എന്നയാളെ പരിചയപ്പെട്ടത്. മൂന്ന് മാസത്തെ പരിചയം കൊണ്ട് ഭർത്താവ് വിദേശത്താണെന്നത് ഉൾപ്പെടെയുള്ള സകല കാര്യങ്ങളും മനസ്സിലാക്കിയ ശേഷം ഇന്ത്യയിൽ ഏഴ് കോടി മുടക്കാം എന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ഫണ്ട് കൈമറാൻ നികുതിയും മറ്റു കാര്യങ്ങളുമായി 34 ലക്ഷത്തിന്റെ ചെലവ് പറയുകയും ഇയാൾ പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്ക് യുവതി പണം നൽകുകയുമായിരുന്നു.
എന്നാൽ അക്കൗണ്ടിൽ ഏഴ് രൂപ പോലും വരാതായതോടെ തട്ടിപ്പിനിരയായ 44 കാരി പരാതിയുമായി കാവൂർ പോലീസ് സ്‌റ്റേഷനിൽ എത്തുകയാിരുന്നു. ദേറെബയൽ ലാന്റ് ലിങ്ക്‌സ് ടൗൺഷിപ്പിലെ താമസക്കാരിയാണ് യുവതി. താൻ ഇംഗഌിലും അമേരിക്കയിലുമായി മാറിമാറി കഴിയുകയാണെന്നാണ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചിരിക്കുന്നത്. സൈബർ പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.