ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ പുണ്യനഗരികളായ മക്കയും മദീനയും ഒരുങ്ങി.
തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക പരിശീലനം നേടിയ 17,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ പാകത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 3000 വാഹനങ്ങളും സുരക്ഷാമുന്‍കരുതലന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ആവശ്യമായ എല്ലാ കേന്ദ്രങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്. ഇത്തവണ പ്രദേശങ്ങളുടെ ഡിജിറ്റല്‍ മാപ്പ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഭരണകൂടത്തിന്റെ 32 വകുപ്പുകളുമായി സഹകരിച്ചാണ് സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നത്.
മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ കൂടി കണക്കിലെടുത്താണ് പ്രതീകാത്മകമായി പിശാചിനെ കല്ലെറിയുന്ന മിനായില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മിനയിലെ സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹമൂദ് ബിന്‍ സുലൈമാന്‍ അല്‍ ഫറജ് അറിയിച്ചു.
ജിയോളജിക്കല്‍ സര്‍വേയുടെ സഹായത്തോടെ പ്രശ്‌നസാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഇവിടെ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.
ആവശ്യമായ സ്ഥലങ്ങളില്‍ പെട്ടെന്ന് എത്തിച്ചേരുന്നതിന് സഹായകമായ രീതിയില്‍ പലയിടങ്ങളിലായി സുരക്ഷാ പോസ്റ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീര്‍ഥാടന പ്രദേശങ്ങള്‍ മുഴുവനും നിരന്തരമായ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദീനയില്‍ ഹജ്ജിനു മുമ്പും ശേഷവും എന്ന രീതിയില്‍ രണ്ട് ഘട്ടങ്ങളിലേക്കുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്.
തീര്‍ഥാടകരുടെ അനുമതി രേഖകള്‍ പരിശോധിക്കുന്നതിനും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയതായും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതിനു പുറമെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളുടെ കീഴില്‍ ലക്ഷക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരും തീര്‍ഥാടകരുടെ സേവനത്തിനായി ഇവിടെ സജ്ജമായിക്കഴിഞ്ഞു.