
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ കുരുങ്ങി ഇ.പി ജയരാജൻ രാജി വച്ചതോടെ വിജയിച്ചത് മുഖ്യമന്ത്രി പിണറായി വിജന്റെ കരുത്ത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും, പാർട്ടിയിലെ വലംകയ്യുമായ ഇ.പി ജയരാജനെ അഴിമതിക്കേസിൽ കുടുങ്ങി രണ്ടു മാസത്തിനിടെ തന്നെ രാജിവയ്പ്പിച്ചതോടെ സിപിഎം തുടർ ഭരണം എന്ന സന്ദേശം തന്നെയാണ് നൽകുന്നത്.
തിരഞ്ഞെടുപ്പിൽ നൂറു സീറ്റിനടുത്ത് വിജയിച്ച് അധികാരത്തിൽ എത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി നൽകിയ സന്ദേശം വ്യക്തമായിരുന്നു. പാർട്ടിയിലും ഭരണത്തിലും ഉദ്യോഗസ്ഥ തലത്തിലും അഴിമതി വച്ചു പൊറുപ്പിക്കില്ല. ഇതിന്റെ ഭാഗമായാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തേയ്ക്കു ഡിജിപി ജേക്കബ് തോമസിനെ തന്നെ നിയോഗിച്ചത്. എന്നാൽ, ആദ്യം മുഹമ്മദലി വിവാദത്തിലും, പിന്നീട് സ്‌പോട്‌സ് കൗൺസിൽ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിലും കുടുങ്ങിയ ഇ.പി ജയരാജനാണ് മാധ്യമങ്ങൾക്കു മുന്നിൽ സർക്കാരിന്റെ പ്രതിച്ഛായക്കു കലങ്കം വരുത്തിയതെന്നു പാർട്ടിയും പാർട്ടിയുമായി അടുത്ത വൃത്തങ്ങളും വിശ്വസിക്കുന്നു. അന്നു തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഇ.പി ജയരാജനു മുന്നറിയിപ്പു നൽകിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ നടപടികൾ തന്നെ ഉണ്ടാകുമെന്ന്. ഈ സാഹചര്യത്തിൽ ഏറ്റവും ഒടുവിലായുണ്ടായ വിവാദത്തിൽ ജയരാജന്റെ മന്ത്രി സ്ഥാനം തെറിക്കാൻ ഇടയായതെന്ന സൂചന ലഭിക്കുന്നത്.
അടുത്ത പത്തു വർഷം കൂടി സംസ്ഥാനത്ത് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഭരണമുണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതെന്നാണ് സൂചന. ഇതിനിടെ സിപിഎമ്മിനുള്ളിൽ മറ്റൊരു ഗ്രൂപ്പ് ധ്രുവീകരണം നടക്കുന്നുണ്ടെന്നാണ് സൂചനകൾ. ജയരാജൻ രാജി വച്ചതോടെ, തോമസ് ഐസക്കിനാവും പാർട്ടിക്കുള്ളിൽ രണ്ടാം സ്ഥാനം. ഇതോടെ ഐസക്കിന്റെ നേതൃത്വത്തിൽ എ.കെ ബാലൻ അടക്കമുള്ള രണ്ടാം നിര നേതൃത്വത്തിന്റെ സ്വാധീനത്തിൽ പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ രൂപപ്പെടുന്നതായും സൂചനയുണ്ട്.