
ആഗ്ര: ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണ് ആവേശവും ഒപ്പം കൗതുകവും ജനിപ്പിക്കുന്ന ഒരു മത്സര വാര്‍ത്ത എത്തുന്നത്. ആഗ്രയിലെ ഖേരാഗറില് നിന്ന് സ്വതന്ത്രയായി മത്സരിക്കുന്ന ജല്‍ ദേവിയാണ് ഈ വാര്‍ത്തയിലെ താരം. തന്റെ 95-ാം വയസ്സിലാണ് ഈ മത്സരത്തിന് ജല്‍ദേവി തയ്യാറായിരിക്കുന്നത് എന്നതാണ് ഈ സ്ഥാനാര്‍ത്ഥിയ്ക്ക് വാര്‍ത്താപ്രാധാന്യം നല്‍കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രായം ബാധകമല്ലെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ജല്‍ ദേവി.
ആഗ്രയിലെ ഖേരാഗറില് നിന്ന് സ്വതന്ത്രയായാണ് ഇവര്‍ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാരണമെന്തെന്ന് ആരാഞ്ഞപ്പോള്‍, നിലവിലെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെന്നായിരുന്നു ജല്‍ ദേവിയുടെ മറുപടി. ‘മത്സരിച്ച് വിജയിച്ചാല്‍ അഴിമതി ഇല്ലാതാക്കുമെന്നും ഭരണനിര്‍വഹണം സുഗമമാക്കുമെന്നും’ ജല്‍ ദേവി പറഞ്ഞു.
ശരീരം അനുവദിക്കുന്നിടത്തോളം കാലം ജനങ്ങളെ സേവിക്കണമെന്നാണ് ജല്ദേവിയുടെ ആഗ്രഹം. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പത്രിക സമര്‍പ്പിക്കാന്‍ വീല്‍ ചെയറിലാണ് ജല്‍ ദേവി കളക്ട്രേറ്റില്‍ എത്തിയത്. ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ട് വരെ ഏഴു ഘട്ടങ്ങളായാണ് ഉത്തര്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.