
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർക്കാരിനെ വിവാദത്തിലാക്കിയ ബന്ധു നിയമത്തിൽ മന്ത്രി ഇ.പി ജയരാജനെ പുറത്താക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ധാരണയിൽ എത്തിയതായി സൂചന. സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ.പി ജയരാജനെ എളമരം കരീമും, എ.കെ ബാലനും അടക്കമുള്ള ഒൻപതോളം സെക്രട്ടറിയേറ്റംഗഹ്ങൾ രൂക്ഷമായി വിമർശിച്ചതായാണ് സൂചന.
മന്ത്രി ഇ പി ജയരാജൻ ഉൾപ്പെട്ട ബന്ധു നിയമന വിവാദത്തിൽ വിജിലൻസ് പ്രാഥമികാന്വേഷണത്തിന് തീരുമാനം എടുത്തിരുന്നു. അന്വേഷണത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നിയമനങ്ങളും അന്വേഷിക്കും. ഇക്കാര്യം ഇന്ന് ഇക്കാര്യം ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയെ അറിയിക്കും. അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാകും.
യുഡിഎഫ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ നടത്തിയ നിയമനങ്ങളാണ് അന്വേഷിക്കുക. മുൻ സർക്കാർ നിയമിച്ച എഡിപി ശശീന്ദ്രനെ ഇന്ന് മാറ്റിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനേകം ബന്ധു നിയമനങ്ങൾ നടന്നതായി പരാതി ഉയർന്നിരുന്നു. ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ബന്ധുക്കൾ ഉൾപ്പെടെ 16 പേരെ കഴിഞ്ഞ സർക്കാർ തിരുകിക്കയറ്റിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇക്കാര്യം കൂടി അന്വേഷിക്കാനാണ് വിജിലൻസ് നീക്കം.
വിവാദത്തെ തുടർന്ന് ഇന്നലെ മന്ത്രി ഇ പി ജയരാജൻ ഇന്നലെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഇന്ന് നടക്കുന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ഉച്ചയോടെ തീരുമാനം പുറത്തു വരുമെന്നാണ് കരുതുന്നത്. ഇ പി ജയരാജനൊപ്പം വിവാദത്തിൽ കുടുങ്ങിയ പി കെ ശ്രീമതിയുടെ ഇടപെടലും സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യും. ഇ പി ജയരാജന്റെ രാജി ആവശ്യപ്പെട്ടേക്കും എന്ന് തന്നെയാണ് കിട്ടുന്ന സൂചനകൾ. കടുത്ത നടപടികളുടെ സൂചന ഇന്ന് രാവിലെ നടന്ന പൊതു പരിപാടിയിൽ മുഖ്യമന്ത്രി നൽകുകയും ചെയ്തു.
വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയിരുന്നു. ഒരു തരത്തിലുമുള്ള അഴിമതി അംഗികരിക്കില്ലെന്നും വശംവദരായവരക്കെുറിച്ചുള്ള പരാതികൾ അവഗണിക്കാനാകില്ലെന്നും തിരുവനന്തപുരത്ത് പുതിയ പോലീസിന്റെ പാസിംഗ് ഔട്ട് പരേഡിൽ വ്യക്തമാക്കിയത് ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കുണ്ടായ കടുത്ത അതൃപ്തി തന്നെയാണെന്നാണ് വിലയിരുത്തൽ.