
സ്വന്തം ലേഖകൻ
കണ്ണൂർ: വിവാദങ്ങളിൽ നിന്നു വിവാദങ്ങളിലേയ്ക്കു സിപിഎം കേന്ദ്രമറ്റി അംഗം ഇ.പി ജയരാജൻ തലയിടുന്നു. ബന്ധുനിയമന വിവാദത്തിനു പിന്നാലെ കുടുംബക്ഷേത്രത്തിനു തേക്ക് മരം സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് വനം മന്ത്രിക്കു നൽകിയ കത്താണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.മന്ത്രി പി.കെ ശ്രീമതിയുടെ മകനും ബന്ധുവുമായ സുധീർ നമ്പ്യാർക്കു പൊതുമേഖലാ സ്ഥാപനത്തിൽ എംഡി സ്ഥാനം നൽകിയതിനു പിന്നാലെയാണ് ഇപ്പോൾ ജയരാജൻ അടുത്ത വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്.
വിപണിയില്‍ 15 കോടി രൂപ വിലവരുന്ന തേക്കാണ് മന്ത്രിയായിരിക്കെ ജയരാജന് സൗജന്യമായി ചോദിച്ചത്. കണ്ണൂര്‍ ഇരിണാവ് ക്ഷേത്രനവീകരണത്തിനാണ് അദ്ദേഹം തേക്ക് ആവശ്യപ്പെട്ടത്. മന്ത്രിയുടെ സ്വന്തം ലെറ്റര്‍ പാഡിലാണ് അദ്ദേഹം ഈ ആവശ്യം ചോദിച്ച് വനംമന്ത്രിക്ക് കത്തയച്ചത്.
വനംമന്ത്രി കെ.രാജു ആ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിവിഷന് ഫോറസ്റ്റ് ഓഫീസര്‍ക്ക് കത്ത് കൈമാറി. അദ്ദേഹം ഫോറസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരിയെ വിട്ട് കത്തില്‍ പറയുന്ന ഇരിണാവ് ക്ഷേത്രത്തിന്റെ നവീകരണ ജോലി നടക്കുന്നുണ്ടോ എന്ന് ആരാഞ്ഞു. അതനുസരിച്ച് നവീകരണ ജോലികള്‍ നടക്കുന്നുണ്ടെന്ന് അവര്‍ റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് കണ്ണൂരിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷനായ കണ്ണവത്തെ ഡി.എഫ്.ഒ തേക്കിനെ കുറിച്ച് അന്വേഷണം നടത്തി.
റേഞ്ച് ഓഫീസര്‍ ഇത്രയും ഭീമമായ അളവില്‍ തേക്ക് കണ്ണവം വനത്തില്‍ ഇല്ല എന്ന മറുപടി നല്കി. അതോടെ കണ്ണൂരിലെ വനംവകുപ്പ് ഇത്രയും വലിയ അളവില്‍ തേക്ക് നല്‍കുന്നതിന് ചട്ടം അനുവദിക്കുന്നില്ല എന്ന മറുപടി നല്‍കുകയായിരുന്നു.
കണ്ണവം ഡിവിഷനില്‍ ഇത്രയും അളവില്‍ തേക്ക് കണ്ടെത്തുകയും വനംവകുപ്പ് സമ്മതം മൂളുകയും ചെയ്തിരുന്നെങ്കില്‍ തേക്ക് അനുവദിക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. ജയരാജന്റെ കുടുംബബന്ധുക്കളാണ് ഇരിണാവ് ക്ഷേത്രത്തിന്റെ ട്രസ്റ്റിലുള്ളത്.
കത്ത് ലഭിച്ചതായി വനം മന്ത്രി കെ രാജു സ്ഥിരീകരിച്ചിട്ടുണ്ട്. ജയരാജന്റെ കത്ത് ലഭിച്ച വനംമന്ത്രി ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഡിഎഫ്ഒ ഇക്കാര്യം പരിശോധിച്ച് കണ്ണവം വനത്തിൽ ഇത്ര തേക്ക് ലഭ്യമാണോ എന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചു. എന്നാൽ കണ്ണവം, തളിപ്പറമ്പ് വനങ്ങളിൽ ഇത്രയ്ക്ക് തേക്ക് ലഭ്യമല്ലെന്നും ഭീമമായ തുകയാണ് ഇത്രയും തേക്കിന് വിലവരികയെന്നും ഉദ്യോഗസ്ഥർഅറിയിച്ചു.