ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ പ്രതിദിനം 3000 കോണ്ടങ്ങള്‍ ഉപയോഗിക്കപ്പെടുന്നെന്നും നഗ്‌നനൃത്തങ്ങള്‍ അരങ്ങേറുന്നെന്നുമുള്ള ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജയ്ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഉപാധ്യക്ഷ ഷഹല റാഷിദിന്റെ മറുപടി. തങ്ങളെ വേശ്യ എന്നു വിളിച്ചാലും സംഘി എന്നു വിളിക്കരുതെന്ന് ഷഹല പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷഹലയുടെ മറുപടി. വേശ്യ എന്നു വിളിക്കുന്നതിനേക്കാള്‍ സംഘി എന്നു വിളിക്കുന്നതാണ് തങ്ങള്‍ക്ക് ഏറ്റവും വലിയ അപമാനമെന്നും ഷഹല പോസ്റ്റില്‍ പറയുന്നു.
ലൈംഗികത്തൊഴിലാളികളോട് തങ്ങള്‍ക്ക് ബഹുമാനമാണ്. ബിജെപി നേതാക്കള്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികളെ വേശ്യകളെന്നാണ് വിളിക്കുന്നതെന്നും, പ്രതിദിനം 3000 കോണ്ടങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നുവെന്നും ഷഹല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ബിജെപിക്കാരുടെ ഇത്തരം വിളികളെയൊന്നും അപമാനമായി കാണുന്നില്ല. ബിജെപി എംഎല്‍എയുടെ വാക്കുകളോട് ജെഎന്‍യുവിലെ വനിതാ എബിവിപി പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും ഷഹല ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


