കൊച്ചി :ഗുരുവായൂരില്‍ താലി കെട്ടിയതിന് ശേഷം വരനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയില്‍ വിചാരണ ചെയ്യുന്നവരോട് വാസ്തവം വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ. തേപ്പുകാരിയെന്ന് വിളിച്ച് ഫോട്ടോ സഹിതം വായില്‍ തോന്നിയതെല്ലാം വിളിച്ചുപറയുന്നവരോട് സോഷ്യല്‍ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ഷാഹിന വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത്.
പെണ്‍കുട്ടി കാമുകനൊപ്പം പോയിട്ടില്ലെന്നും അവള്‍ പ്രണയത്തെ കുറിച്ച് വരനോട് നേരത്തെ പറഞ്ഞിരുന്നെന്നും ഷാഹിന കുറിക്കുന്നു. പെണ്‍കുട്ടിയും കുടുംബവും കടന്നു പോകുന്നത് വല്ലാത്ത പ്രതിസന്ധി ഘട്ടത്തിലാണെന്നും മാനസികമായി തകര്‍ക്കുന്ന കാര്യങ്ങള്‍ ഉണ്ടാക്കുന്നത് ദുരന്തത്തിന് ഇടയാക്കുമെന്നും ഷാഹിന മുന്നറിയിപ്പും നല്‍കുന്നു.പത്തൊമ്പത് വയസ്സേ ഉള്ളൂ ആ പെണ്‍കുട്ടിക്ക്. കാമുകനും അത്രയൊക്കെയേ പ്രായമുള്ളൂ. വരന്‍ എന്ന് പറയുന്ന ആ ആണ്‍കുട്ടിക്ക് ഇരുപത്താറു വയസ്സേ ഉള്ളൂ. ആ പെണ്‍കുട്ടിയും അവളുടെ അച്ഛനമ്മയും ഇത് വരെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല. അറിഞ്ഞത് ശരിയാണെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കേണ്ട ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കുന്നില്ല. നാട്ടില്‍ അവര്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ കാമുകന്‍ ഇപ്പോള്‍ എവിടെയാണ് എന്നറിയില്ല. ഭയന്ന് കാണും. ഇത്രയും ദയാരഹിതമായ ഒരു ലോകത്തെ ഭയന്ന് ഇവരില്‍ ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്താല്‍ എല്ലാവര്‍ക്കും സന്തോഷമാകുമോ ? ക്ഷമയും സഹാനുഭൂതിയും കാണിക്കാന്‍ കഴിയില്ല എന്നറിയാം. ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുകയെങ്കിലും ചെയ്യണം.