ലോക കേരള മാധ്യമസഭ 30ന്

 

പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകര്‍ സംഗമിക്കുന്ന ലോക കേരള മാധ്യമസഭ ഡിസംബര്‍ 30ന് തിരുവനന്തപുരം മാസ്‌കോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 10.30ന് മാധ്യമസഭ ഉദ്ഘാടനം ചെയ്യും. നവകേരള നിര്‍മ്മിതിയില്‍ പ്രവാസി മാധ്യമസമൂഹത്തിന്റെ പങ്കാളിത്തത്തിനുള്ള രൂപരേഖ തയ്യാറാക്കാനുള്ള വേദിയാണിതെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാര്‍ ആര്‍.എസ്.ബാബുവും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ.വരദരാജനും പറഞ്ഞു.
രണ്ടാമത് ലോക കേരളസഭ ജനുവരി 1 മുതല്‍ 3 വരെ തിരുവനന്തപുരത്ത് ചേരുന്നതിനു മുന്നോടിയായാണ് ഈ മാധ്യമസംഗമം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നോര്‍ക്കയുടെയും സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് സംഗമം സംഘടിപ്പിക്കുന്നത്. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളി മാധ്യമപ്രവര്‍ത്തകരാണ് ലോക കേരള മാധ്യമസഭയില്‍ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങില്‍ ലോക കേരള സഭയുടെ സമീപന രേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി ചലച്ചിത്ര സംവിധായകന്‍ സോഹന്‍ റോയിക്കു നല്‍കി പ്രകാശനം ചെയ്യും.
ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാവ്യതിയാനം ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ സംസ്ഥാനത്തിന് പ്രയോജനമാകുന്ന ആഗോള മാധ്യമ സെല്ലുകള്‍ രൂപീകരിക്കുക എന്നത് ലോക കേരള മാധ്യമസഭയുടെ ലക്ഷ്യമാണ്. കേരളത്തിന് പുറത്തുള്ള മലയാളി മാധ്യമപ്രവര്‍ത്തകരുടെയും കേരളീയരുടെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ അടങ്ങുന്ന ഒരു ഡയറക്ടറി ഉണ്ടാക്കാനും ഉദ്ദേശിക്കുന്നു.

പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ അവതരിപ്പിക്കുന്ന നിരവധി ചിത്രങ്ങളും രേഖകളും വിഡിയോകളുമടങ്ങിയ മള്‍ട്ടീമീഡിയ പ്രദര്‍ശനം ഡിസംബര്‍ 29 മുതല്‍ 31 വരെ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കും. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും ഈ പ്രദര്‍ശനത്തില്‍ ഉണ്ടാവും. ഇന്ത്യയിലെ പ്രശസ്ത വനിതാ ഫോട്ടോഗ്രാഫറായ സരസ്വതി ചക്രബര്‍ത്തി 29ന് ഉച്ചയ്ക്കുശേഷം 3ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. നാല് പതിറ്റാണ്ടിലധികമായി ഡല്‍ഹി കേന്ദ്രീകരിച്ച് മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഇവര്‍ ഇന്ദിരാഗാന്ധി മുതലുള്ള എല്ലാ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങളും സാമൂഹിക, രാഷ്ട്രീയ സംഭവവികാസങ്ങളും ക്യാമറയില്‍ പകര്‍ത്തിയ മലയാളിയാണ്. ലോകത്തിന്റെ ഏതുഭാഗത്തു നിന്നു വേണമെങ്കിലും ഓണ്‍ലൈനായി ഈ പ്രദര്‍ശനം കാണുന്നതിനുള്ള വെര്‍ച്വല്‍ റിയാലിറ്റി സങ്കേതവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി എക്‌സിബിഷന് നേതൃത്വം നല്‍കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ലീന്‍ ബി. തോബിയാസാണ്. ക്യു.ആര്‍ കോഡിലൂടെ ചിത്രങ്ങള്‍ കാണാനുള്ള സൗകര്യവുമുണ്ടാകും.
മൂന്നു സെഷനുകളായിട്ടാണ് മാധ്യമസഭ ചേരുക. നവകേരള നിര്‍മ്മിതിയില്‍ ദേശീയ മാധ്യമങ്ങളുടെ പങ്ക് ചര്‍ച്ച ചെയ്യുന്ന ആദ്യ സെഷനില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്ബ് മോഡറേറ്ററാവും. ദ ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍.രാജഗോപാല്‍, ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം പുറത്തുകൊണ്ടുവന്ന ജോസി ജോസഫ്, കാരവന്‍ എഡിറ്റര്‍ വിനോദ് ജോസ്, ദ വയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എം.കെ.വേണു, ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ഉണ്ണിരാജന്‍ ശങ്കര്‍, ഫ്രണ്ട്‌ലൈന്‍ ഡല്‍ഹി ബ്യൂറോ ചീഫ് വെങ്കിടേഷ് രാമകൃഷ്ണന്‍, സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന ജെ. ഗോപീകൃഷ്ണന്‍, പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് സരസ്വതി ചക്രബര്‍ത്തി, ദീര്‍ഘകാലമായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരായ എന്‍.അശോകന്‍, ജോര്‍ജ്ജ് കള്ളിവയലില്‍, ദ ഹിന്ദു ഡെപ്യൂട്ടി ഫോട്ടോ എഡിറ്റര്‍ ഷാജു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഡോ.സെബാസ്റ്റ്യന്‍ പോള്‍ മോഡറേറ്ററാകുന്ന പശ്ചിമേഷ്യയും കേരള വികസനവും എന്ന സെഷനില്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, എം.സി.എ.നാസര്‍, ഇ.എം.അഷ്‌റഫ്, പി.പി.ശശീന്ദ്രന്‍, എ.എം.ഹസ്സന്‍, കെ.എം.അബ്ബാസ്, സാം പൈനുംമൂട്, പി.എം.ജാബിര്‍ തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. നവകേരളത്തിന്റെ ആഗോള പരിപ്രേക്ഷ്യം എന്ന വിഷയത്തിലുള്ള മൂന്നാം സെഷന്‍ സന്തോഷ് ജോര്‍ജ്ജ്കുളങ്ങര മോഡറേറ്ററാകും. അമേരിക്കയില്‍ നിന്ന് സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ്ജ് കാക്കനാട്ട്, മധു കൊട്ടാരക്കര, കാനഡയില്‍ നിന്ന് സുനിത ദേവദാസ്, ജര്‍മ്മനിയില്‍ നിന്ന് ജോസ് പുതുശ്ശേരി, സിംഗപ്പൂരില്‍ നിന്ന് രാജേഷ് പിള്ള തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. സമാപന സമ്മേളനം സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് എം. കാക്കനാട്ടിന്റെ ഡെഡ്‌ലൈന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത കവി പ്രഭാവര്‍മ്മ നിര്‍വഹിക്കും.
സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ദീപു രവി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവന്‍, ഐ. & പി.ആര്‍.ഡി. സെക്രട്ടറി പി.വേണുഗോപാല്‍, പി.ആര്‍.ഡി. ഡയറക്ടര്‍ യു.വി.ജോസ്, ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ കെ.എന്‍.ഹരിലാല്‍, ഡോ.ബി.ഇക്ബാല്‍, ഡോ.ആര്‍.രാംകുമാര്‍, കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ.പി.റെജി, കേസരി സ്മാരക ജേര്‍ണലിസ്റ്റ്‌സ് ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം തുടങ്ങിയവര്‍ പങ്കെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top