
സ്വന്തം ലേഖകൻ
കൊച്ചി: ബാർ കോഴയ്ക്കു പുറമേ വിവിധ വിജിലൻസ് കേസുകളിൽ പ്രതിയായ കെ.എം മാണിയെ വീണ്ടും ചോദ്യം ചെ്യ്യാനൊരുങ്ങി വിജിലൻസ്. കോഴി നികുതി വെട്ടിപ്പ് കേസിൽ മുൻ ധനമന്ത്രി കെ എം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വീണ്ടും മാണിയെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റിലേയ്ക്കു കടക്കാനും വിജിലൻസ് ഒരുങ്ങുന്നത്. ചട്ടവിരുദ്ധമായി കോഴിഫാം ഡീലർഡമാർക്ക് നികുതിയിളവ് നൽകാൻ മാണി നേരിട്ട് ഇടപെട്ടതിന്റെ തെളിവുകളാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. സത്യവാങ്മൂലത്തിനൊപ്പമാണ് മാണിക്കെതിരായ തെളിവുകൾ ഹാജരാക്കിയത്.
വിജിലൻസ് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു തെളിവുകൾ ഹാജരാക്കിയത്. കേസ് അടുത്ത മാസം നാലിലേക്ക് മാറ്റി.
തൃശ്ശൂരിലെ കോഴി മൊത്തവ്യാപാരികളായ തോംസൺ ഗ്രൂപ്പിന് വഴിവിട്ട് നികുതി ഇളവ് നൽകിയെന്നാണ് മാണിക്കെതിരായ ആരോപണം. 62 കോടി രൂപയുടെ നികുതിയ്ക്കാണ് മാണി സ്റ്റേ നൽകിയത്. അഞ്ചു കോടി രൂപയ്ക്ക് മുകളിൽ സ്റ്റേ നൽകാൻ മുഖ്യമന്ത്രിക്ക് മാത്രമാണ് അധികാരം. ഇക്കാര്യം രേഖപ്പെടുത്തിയ ഫയൽ നേരത്തെ വിജിലൻസ് പിടിച്ചെടുത്തിരുന്നു.
കോഴിഫാം ഡീലർമാർക്ക് പുറമെ ആയുർവേദ സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചും സർക്കാരിന് 200 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് മാണിക്കെതിരെയുള്ള വിജിലൻസ് കേസ്<