നീലേശ്വരം: ചലചിത്ര വിസ്മയമായി മാറുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ അണിയറയില്‍ കേരളത്തിലെ കരങ്ങളും. ചിത്രത്തിന്റെ അണിയറയില്‍ രണ്ടു നീലേശ്വരത്തുകാര്‍. ചിത്രത്തിന്റെ വിഷ്വല്‍ ഇഫക്ടിന്റെ ത്രീഡി ട്രാക്കിങ് നിര്‍വഹിച്ചിരിക്കുന്നത് കാസറഗോഡ് ബങ്കളം കക്കാട്ടെ പണ്ടാരത്തില്‍ ആദര്‍ശും കാട്ടിപ്പൊയിലിലെ പ്രിയേഷ് കുമാറുമാണ്. നീലേശ്വരത്തെ ഫൊട്ടോഗ്രഫര്‍ ആയിരുന്ന ആദര്‍ശ് സിനിമാ മോഹവുമായാണ് ഇവിടെനിന്നു വണ്ടി കയറിയത്. വിവിധ ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നിച്ചു ജോലി ചെയ്തതോടെയാണു പ്രിയേഷുമായി അടുത്തത്.
സിനിമാ എഡിറ്റിങ്ങിന് ഇന്ത്യയില്‍ ചെലവു കുറവായതിനാല്‍ ഇംഗ്ലിഷ് ചിത്രങ്ങളുടെ എഡിറ്റിങ് ജോലികള്‍ മിക്കതും നടക്കുന്നതു ചെന്നൈയിലാണെന്ന് ഇവര്‍ പറയുന്നു. ഇതുവഴി നേടിയ തൊഴില്‍ പരിചയവും ശ്രദ്ധയുമാണ് ഇരുവര്‍ക്കും ബാഹുബലി രണ്ടാം ഭാഗത്തില്‍ ഒന്നിക്കാന്‍ വഴിയൊരുക്കിയത്. കക്കാട്ടെ എല്‍ഐസി ഏജന്റ് പണ്ടാരത്തില്‍ അമ്പുവിന്റെയും മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ കമലാക്ഷിയുടെയും മകനാണ് ആദര്‍ശ്.
കാട്ടിപ്പൊയിലിലെ കര്‍ഷകന്‍ പത്മനാഭന്റെയും ഓമനയുടെയും മകനാണു പ്രിയേഷ് കുമാര്‍.