ദുരഭിമാനകൊലപാതകത്തിന്റെ ഇര കൗസല്യ വീണ്ടും വിവാഹിതയായി

ദുരഭിമാനക്കൊലപാതകങ്ങള്‍ക്കെതിരെ പോരാടുന്ന ആക്ടിവിസ്റ്റ് ഉദുമലൈ കൗസല്യയും പറൈ വാദകന്‍ ശക്തിയും വിവാഹിതരായി. ഞായറാഴ്ച കോയമ്പത്തൂര്‍ തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം ഓഫീസില്‍വെച്ചായിരിന്നു വിവാഹം നടന്നത്. 2016ല്‍ ദളിതനായ ശങ്കര്‍ എന്ന ഒരു യുവാവുമായി കൗസല്യയുടെ വിവാഹം നടന്നതായിരുന്നു. എന്നാല്‍ മകള്‍ ഒരു ദളിതനെ വിവാഹം ചെയ്തത് അംഗീകരിക്കാനാവാതിരുന്ന കൗസല്യയുടെ കുടുംബം വിവാഹം കഴിഞ്ഞ് എട്ട് മാസത്തിന് ശേഷം ശങ്കറിനെ പട്ടാപ്പകല്‍ കൗസല്യയുടെ മുന്നിലിട്ട് വെട്ടി കൊല്ലുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ വെറും 19 വയസ്സ് മാത്രമായിരുന്നു കൗസല്യയുടെ പ്രായം. എന്നാല്‍ ഭര്‍ത്താവിന്റെ കൊലപാതകത്തിന് ശേഷം വെറും ഇരയായി ചുരുങ്ങാതെ ജാതീയതയ്ക്കും ജാതി കൊലപാതകങ്ങള്‍ക്കുമെതിരേ ശക്തമായ ഇടപെടലാണ് കൗസല്യ ഇന്നോളം നടത്തി വരുന്നത്. ശങ്കറിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതിന് കൗസല്യയുടെ പിതാവിന് വധശിക്ഷയാണ് തിരുപ്പൂര്‍ കോടതി വിധിച്ചത്. 2017 ഡിസംബര്‍ 12നാണ് വിധി പുറപ്പെടുവിച്ചത്. സാമൂഹിക നവീകരണം താന്‍ അഭ്യസിക്കുന്ന നാടന്‍കലയിലൂടെ സാധ്യമാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയാണ് കോയമ്പത്തൂര്‍കാരനായ ശക്തി.

Latest
Widgets Magazine