കേരള പോലിസിന്റെ ട്രാഫിക്ക് ഗുരുവിന് ദുബായില്‍ അംഗീകാരം

കേരള പോലീസിന്റെ സോഷ്യല്‍ മീഡിയാ മുന്നേറ്റത്തിന് ദുബായിലും ആദരവ്. ലോകത്തെ പോലീസ് സേനകള്‍ കേരളാ പോലീസിന്റെ സോഷ്യല്‍ മീഡിയ ഇടപടെല്‍ പഠിക്കുന്നതിനിടയിലാണ് മറ്റൊരു അംഗീകാരം ലഭിക്കുന്നത്.

ദുബായില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയിലാണ് കേരളാ പൊലീസിന് അഭിമാന നിമിഷമായത്. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ട്രാഫിക് ബോധവത്കരണം കംപ്യുട്ടര്‍ ഗെയിം പോലെ പഠിപ്പിക്കുന്ന കേരളാ പൊലീസിന്റെ ട്രാഫിക് ഗുരു എന്ന ആപ്പാണ് മികച്ച ആപ്ലിക്കേഷനുള്ള അവാര്‍ഡിന് അര്‍ഹമായത്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനില്‍ നിന്ന് ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി പി.പ്രകാശ് അവാര്‍ഡ് ഏറ്റുവാങ്ങി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖ ആപ്പുകളെ പിന്നിലാക്കിയാണ് ട്രാഫിക് ഗുരു ഒന്നാമതെത്തിയത്. അവസാന റൗണ്ടില്‍ യുഎന്‍ തയാറാക്കിയ ആപ്പും യുഎസ്എയുടെ ആപ്ലിക്കേഷനുമായിരുന്നു ഇന്ത്യയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ഇവരെ മറികടന്നാണ് കേരള പൊലീസ് പുരസ്‌കാരം നേടിയത്. പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി അപ് ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനാണിത്. ആര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. മട്ടിലും ഭാവത്തിലും ഗുരുവിനൊരു കാര്‍ റേസിങ്ങ് ഗെയിമിന്റെ സാമ്യമുണ്ട്.

കേരളത്തിലെ റോഡുകളിലൂടെ ഇങ്ങനെ കാറോടിച്ച് പഠിക്കാം. നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ചാല്‍ പോയിന്റും പുതിയ സ്റ്റേജുകള്‍ പിന്നിട്ട് ഗെയിമില്‍ മുന്നേറാം. കുട്ടികളേയും യുവാക്കളേയും ട്രാഫിക് നിയമം ലളിതമായി പഠിപ്പിക്കാനാണ് ട്രാഫിക് ഗുരു ഏറ്റവും പ്രയോജനപ്പെടുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ്ഒ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മികച്ച ഗ്രാഫിക് അനുഭവം നല്‍കും.

Top