
ക്രൈം ഡെസ്‌ക്
കൊച്ചി: അർധനഗ്നരായ കോളജ് വിദ്യാർഥിനികളും ലൈംഗികതയും ലഹരിയും അടങ്ങുന്ന ബിക്കിനി ഷോ കൊച്ചിയിലും വ്യാപകമാകുന്നതായി റിപ്പോർട്ട്. കൊച്ചി മുളവുകാട് ദ്വീപിലാണ് നിശാപാർട്ടിയിൽ ബിക്കിനി ഫാഷൻ ഷോയുടെ മറവിൽ വ്യാപകമായ രീതിയിൽ ലഹരി ഉപയോഗം നടക്കുന്നത്. സംസ്ഥാനത്തെ വിവിധ കോളജുകളിൽ നിന്നുള്ള പെൺകുട്ടികളെയാണ് ഫാൻഷൻ ഷോയുടെ മറവിൽ ലൈംഗിക കമ്പോളത്തിലേയ്ക്കും അർധന നഗ്ന ബിക്കിനി ഷോയിലേയ്ക്കും ഇറക്കുന്നത്.
മണിക്കൂറുകളോളം തുടർച്ചയായി നിശാ പാർട്ടികളിലെ ഡാൻസ് ഫ്‌ളോറിൽ ആവേശം കുറയാതെ പ്രകടനം നടത്താനാണ് കഞ്ചാവും കെറ്റമിനും അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത്.
ഡിജെ പാർട്ടികളും ബിക്കിനി ഷോകളും നഗരത്തിൽ വ്യാപകമാകുമ്പോൾ ഇതിന്റെ മറവിൽ നടക്കുന്നതു ലഹരി വിതരണവും അനാശാസ്യവും. നഗരത്തിലെ മുന്തിയ ഹോട്ടലുകളിലെ നിശാ പാർട്ടികളിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്നുവെന്ന വിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ റെയ്ഡിൽ 160 പൊതി കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഡിജെ നടത്താനെത്തിയ തിരുവനന്തപുരം സ്വദേശിയായ ഇവാനിൽ നിന്നാണ് ഇത്രയും കഞ്ചാവ് കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടിച്ചെടുത്തത്. എന്നാൽ ലഹരി പാർട്ടിയാണെന്ന് അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥൻ പാർട്ടിക്ക് അനുവാദം നൽകുകയായിരുന്നു.
വിപുലമായ രീതിയിൽ ഷോകൾ സംഘടിപ്പിക്കുന്നത് ചില ഏജൻസികളാണ്. ഒരു ബിക്കിനി ഫാഷൻ ഷോയിൽ പങ്കാളിയാകണമെങ്കിൽ ആയിരത്തിലധികം രൂപയാണ് ഈടാക്കുന്നത്. അനാശാസ്യവും ലഹരി ഉപയോഗവും പതിവായത് കൊണ്ടു തന്നെ പല ബിക്കിനി, ഡിജെ പരിപാടികളും പരിപാടികളും അതീവരഹസ്യമായാണ് നടത്തുന്നത്. പരിപാടികൾ ഷൂട്ട് ചെയ്യാനും അനുവാദം നൽകാറില്ല.
രാത്രി മുഴുവൻ ആടിതിമിർക്കണമെങ്കിൽ ഏതെങ്കിലും ലഹരി പദാർഥങ്ങൾ ഉപയോഗിക്കാതെ തരമില്ല. കൂടുതലായും എൽഎസ്ഡിയാണ് ഉപയോഗിക്കുന്നത്. ഡാൻസ് ബാറിൽ ആടുന്നവർ മുതൽ ഡിജെക്കാർ വരെ പതിവായി എൽഎസ്ഡിയാണ് ഉപയോഗിക്കുന്നത്.
പിടികൂടിയ നിരവധി മയക്കുമരുന്ന് കേസുകളുടെ തുടരന്വേഷണത്തിൽ കൊച്ചിയിലെ ചില ഡാൻസ് ബാറുകൾ കേന്ദ്രീകരിച്ചാണ് എൽഎസ്ഡി പോലുളള മയക്കുമരുന്നുകളുടെ വ്യാപനമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇവ കണ്ടെടുക്കുന്നതിന് സഹായകമായ രീതിലുളള റെയ്ഡുകൾ ഇപ്പോഴും സജീവമാകാത്തതാണ് കൊച്ചിയിൽ നിശാപാർട്ടികളിൽ ലഹരി ഉപയോഗം വ്യാപകമാകാൻ കാരണം.