പാർട്ടി പുനസംഘടനയിൽ വനിതകൾക്ക് പ്രധാന്യം നൽകും: വി.എം.സുധീരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാർട്ടി പുനസംഘടന വേളയിൽ വനിതാ നേതാക്കൾക്കും മഹിളാ കോൺഗ്രസ് പ്രവർത്തകർക്കും അർഹമായ പ്രധാന്യം നൽകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ.ഇന്ദിരാഭവനിൽ മഹിളാ കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഹിളകൾക്ക് പ്രതീക്ഷിച്ച രീതിയിലുള്ള അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താൻ സാധിച്ചിരുന്നില്ല. നിലവിലത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.ഡൽഹിയിൽ നടന്ന ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശം കേരളത്തിലെ കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ്. അതിനായി പാർട്ടിയുടെ സർവ്വതലങ്ങളും മെച്ചപ്പെടുത്തണം. പാർട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതിന് പോഷക സംഘടനകൾക്ക് നിർണ്ണായക പങ്കാണുള്ളത്.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ സമരപരമ്പരകൾ നടത്തേണ്ടതിനാൽ നിലവിലത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ ദൗത്യമാണ് പാർട്ടിക്ക് ഏറ്റെടുക്കാനുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഇന്ധനവിലയും തമ്മിൽ ബന്ധമുണ്ട്. ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന് ബാരലിന് 30 ഡോളറിൽ താഴ്ന്നിട്ട് പോലും ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കൂടാതെ 9 തവണ എക്‌സൈസ് ഡ്യൂട്ടി വർധിപ്പിച്ച് ഒരു ലക്ഷം കോടിയിലധികം തുക തട്ടിയെടുത്തു. ഇതെല്ലാം ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ വരുന്ന 20ന് എല്ലാ നിയോജക മണ്ഡലങ്ങളിലും നിശ്ചയിച്ച കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കൂട്ടധർണ്ണ സംഘടിപ്പിക്കും. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതുമായ പ്രവർത്തനങ്ങളുമായി കോൺഗ്രസ് പാർട്ടി മുന്നോട്ട് പോകുമെന്നും സുധീരൻ പറഞ്ഞു.
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ ലക്ഷമി,ബിന്ദു, ആശാസനിൽ,രജനി രാമാനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top