ലാലു പ്രസാദ് യാദവിന് വിഷാദ രോഗമെന്ന് റിപ്പോര്‍ട്ട്

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന് വിഷാദ രോഗമെന്ന് റിപ്പോര്‍ട്ട്. ലാലുവിനെ ചികിത്സിക്കുന്ന രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ഡയറക്ടര്‍ ആര്‍കെ ശ്രിവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്. ലാലുവിന്റെ എയിംസില്‍ നിന്നുളള മെഡിക്കല്‍ റിപ്പോര്‍ട്ടിലും വിഷാദ രോഗത്തെ കുറിച്ച് പരാമര്‍ശമുണ്ട്. മാനസിക രോഗ വിദഗ്ദന്‍ ലാലുവിന്റെ സ്ഥിതി പരിശോധിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാഷ്ട്രീയത്തില്‍ നിന്നേറ്റ തിരിച്ചടിയും മക്കള്‍ തമ്മിലുളള അധികാര വടംവലിയുമാണ് ലാലുവിന്റെ ആരോഗ്യനില വഷളാക്കിയതെന്നാണ് വിവരം.

ലാലു തന്റെ പിന്‍ഗാമിയായി ഇളയ മകന്‍ തേജസ്വി യാദവിനെയാണ് പരിഗണിക്കുന്നതെന്നും എന്നാല്‍ മൂത്തമകന്‍ തേജ് പ്രതാപ് യാദവിനാണ് കൂടുതല്‍ ജനസമ്മതി എന്നത് ലാലുവിനെ അസ്വസ്ഥാനാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയുടെ മോശം അവസ്ഥയെ കുറിച്ച് പരാതിപ്പെട്ടതിനെ കുറിച്ച് കഴിഞ്ഞ ദിവസമാണ് റിംസിലെ പേ വാര്‍ഡിലേക്ക് മാറ്റിയത്. അടുത്തിടെ ഹൃദയ ശസ്ത്രക്രിയക്കും വിധേയമായ ലാലുവിന് കിഡ്‌നി സംബന്ധമായ അസുഖവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ കാലിത്തീറ്റ കുംഭകോണത്തിന്റെ പേരിലാണ് ലാലു പ്രസാദ് യാദവ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top