
തിരുവനന്തപുരം: ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്കുക എന്ന മയപ്പെടുത്തിയ നടപടികള്‍ക്കെതിരെ പ്രതിഷേധം. പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
ലോ അക്കാദമിയില്‍ സര്‍വ്വകലാശാല ഉപസമിതി നടത്തിയ തെളിവെടുപ്പില്‍ ലഭിച്ച വിവരങ്ങള്‍ ചര്‍ച്ചചെയ്ത സിന്റിക്കേറ്റ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെ വിലക്കാന്‍ മാത്രം തീരുമാനിച്ച വിവരം പുറത്തുവന്നതോടെ വിദ്യാര്‍ത്ഥികള്‍ സംഘടിതമായി പ്രതിഷേധപ്രകടനം നടത്തുകയായിരുന്നു. പ്രിന്‍സിപ്പാളിന്റെ രാജി വേണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് ലകഷ്മിനായരുടെ കോലം വിദ്യാര്‍ത്ഥികള്‍ കത്തിച്ചു. ലക്ഷ്മിനായരെയും മാനേജ്‌മെന്റിനെയും സംരക്ഷിക്കുന്ന നിലപാടാണ് സിന്റിക്കേറ്റ് സ്വീകരിച്ചതെന്നും രാജി ഉണ്ടാകുന്നത് വെരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം സിന്റിക്കേറ്റ് പരിഗണിച്ചെന്ന് എസ്.എഫ്.ഐ നിലപാടെടുത്തു. എന്നാല്‍ സര്‍ക്കാര്‍ രാജി ആവശ്യപ്പെടുന്നത് വരെ സമരം തുടരാനാണ് എസ്.എഫ്.ഐയുടെയും തീരുമാനം. വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ നിരാഹാരം നിര്‍ത്തില്ലെന്ന് ബി.ജെ.പി നേതാവ് വി. മുരളീധനും പറഞ്ഞു. എ.ഐ.വൈ.എഫും സമരം തുടരും.