വിഎസിന്റെ‘മൂന്നാര്‍ യാത്ര’പാര്‍ട്ടിയില്‍ വീണ്ടും ഒന്നാമന്‍ ;പിണറായി ഗ്രാഫ് വീണ്ടും ഇടിയുന്നു !

ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സമരത്തില്‍ കൈയ്യടി നേടിയതും വി.എസിന്റെ സാന്നിധ്യം

തിരുവനന്തപുരം:ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മൂന്നാര്‍ സമരത്തില്‍ ഏറെ കൈയ്യടി നേടിയയത് വി.എസ് മാത്രം . സി.പി.എം പാര്‍ട്ടിയില്‍ താന്‍ ഇപ്പോഴും ഒന്നാമനെന്നും ജനകീയനെന്നും മൂന്നര്‍ സമരത്തില്ലൊടെ വി.എസ് വീണ്ടും തെളിയിക്കുന്നു.മൂന്നര്‍ സമരം വഴിത്തിരിവാക്കിയതും വി.എസിന്റെ സാന്നിധ്യമായിരുന്നു.അതേസമയം വി.എസിന്റെ രണ്ടാം മൂന്നാര്‍ ദൗത്യം പാര്‍ട്ടിയിലെ ഒന്നാമനാകാനെന്നും നിരീക്ഷണമുണ്ട്. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സിപിഎം സംസ്ഥാന നേതൃത്വത്തെ ജനപിന്തുണയിലൂടെ വെല്ലുവിളിച്ചാണ് വി.എസ് മൂന്നാറിലെത്തിയത്. തോട്ടം തൊഴിലാളികളുടെ സമരം തീരുംവരെ മൂന്നാറിലുണ്ടാകുമെന്ന വി.എസിന്റെ പ്രഖ്യാപനം നെഞ്ചിടിപ്പേറ്റിയത് സര്‍ക്കാരിനെ മാത്രമല്ല സി.പി.എം നേതൃത്വത്തിലെ ചിലരുടേയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയായിരിക്കെ മൂന്നാറില്‍ അനധികൃതകൈയേറ്റത്തിനെതിരെ ബുള്‍ഡോസര്‍ ഉരുട്ടിയാണ് വി.എസ് ഭൂമാഫിയമാര്‍ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയത്. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച ജനനായകനെന്ന പ്രതിഛായയാണ് മൂന്നാര്‍ ദൗത്യം വി.എസിനു നല്‍കിയത്. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെയും ഘടകകക്ഷിയായ സി.പി.ഐയുടെയും എതിര്‍പ്പ് വകവെക്കാതെയായിരുന്നു വി.എസ് മൂന്നാര്‍ ദൗത്യം പ്രഖ്യാപിച്ചിരുന്നത്.ഒന്‍പത് ദിവസമായി തുടരുന്ന തോട്ടം തൊഴിലാളികളുടെ സമരം വിജയ പരിസമാപ്തിയിലെത്തുമ്പോള്‍ അതിന്റെ പരിപൂര്‍ണ്ണ ക്രഡിറ്റ് വാങ്ങി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.പ്രത്യയശാസ്ത്രം ‘കെട്ടിപ്പിടിച്ച്’ തൊഴിലാളികള്‍ക്ക് സ്വീകാര്യനല്ലാത്ത എംഎല്‍എയെ നിരാഹാരം കിടത്തിയ സിപിഎം നേതൃത്വമാകട്ടെ പൊതുസമൂഹത്തിനു മുന്നില്‍ അപഹാസ്യരുമായി.വി.എസിനൊപ്പം സ്ത്രീ തൊഴിലാളികളുടെ സമരമുഖത്ത് ചെന്ന് പാര്‍ട്ടിക്കെതിരായ പ്രതിഷേധം തണുപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് സിപിഎം നേതാക്കള്‍ പാഴാക്കിയത്.

പാര്‍ട്ടി വിരുദ്ധ നിലപാടിനെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നു പോലും ഒഴിവാക്കപ്പെട്ട വി.എസിന് സി.പി.എമ്മിലെ ജനപിന്തുണയുള്ള നേതാവ് താന്‍ മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാനുള്ള അവസരമാണ് ‘രണ്ടാം മൂന്നാര്‍ ദൗത്യം’ കളമൊരുക്കിയത്. ശമ്പളവും ബോണസും ആവശ്യപ്പെട്ട് തോട്ടംതൊഴിലാളികള്‍ നടത്തുന്ന സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും എതിരെയുള്ള പ്രതിഷേധമായി പടരുമ്പോഴാണ് വി.എസ് തൊഴിലാളികളുടെ മുന്നിലേക്കെത്തിയത്.

തൊണ്ണൂറ്റി രണ്ടാം വയസിലും സമരവീര്യം കൈവിടാതെ തീരുമാനമാവുന്നതു വരെ മൂന്നാറില്‍ തുടരുമെന്നു പ്രഖ്യാപിച്ച് സമരമുഖത്തു കുത്തിയിരുന്ന വിഎസ് കേരളത്തിന്റെ മാത്രമല്ല തമിഴ്‌നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റിയിരിക്കുകയാണ്.Munna

എസ്എന്‍ഡിപി യോഗം-ബിജെപി കൂട്ടുകെട്ടിന്റെ വെല്ലുവിളി നേരിടുന്ന സിപിഎമ്മിന് വിഎസിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍നിര്‍ത്തിയാല്‍ അത് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിപിഎം കേന്ദ്ര നേതൃത്വവും കേരളത്തിലെ സംഭവവികാസങ്ങളെ ഗൗരവമായാണ് വീക്ഷിക്കുന്നത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരം ലഭിക്കേണ്ടത് സിപിഎമ്മിന്റെ നിലനില്‍പ്പിനു തന്നെ അനിവാര്യമായതിനാല്‍ വിഎസിനെ മാറ്റി നിര്‍ത്തി പാര്‍ട്ടിക്ക് മുന്നോട്ടു പോകാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്.

മൂന്നാറില്‍ പോകുന്നത് നിരാഹാരം കിടക്കുന്ന സി.പി.എം എം.എല്‍.എ രാജേന്ദ്രനെ കാണാനല്ല, തൊഴിലാളികളെ കാണാനാണെന്ന വി.എസിന്റെ പ്രഖ്യാപനം തൊഴിലാളികള്‍ക്ക് വലിയ ആവേശമാണ് പകര്‍ന്നത്.നേരത്തെ സ്ത്രീ തൊഴിലാളികള്‍ എം.എല്‍.എ രാജേന്ദ്രനെ ഓടിച്ചുവിട്ടിരുന്നു. മഹിളാ അസോസിയേഷന്‍ നേതാവ് പി.കെ ശ്രീമതി ടീച്ചര്‍ എം.പി അടക്കമുള്ള സി.പി.എം വനിതാ നേതാക്കളും സമരക്കാരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞിരുന്നു.Munnar1

ഇന്ന് മഹിളാ കോണ്‍ഗ്രസ് നേതാക്കളെയും വനിതാ തൊഴിലാളികള്‍ തടഞ്ഞു. വിഎസ് എത്തിയപ്പോള്‍ വിഎസിന്റെ ‘മറ പിടിച്ച്’ വീണ്ടും സമരമുഖത്തെത്തേണ്ട ഗതികേടും മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായി. ഇതിനകം തന്നെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ സ്ത്രീ തൊഴിലാളി സമരത്തിന്റെ നായകനാകാന്‍ പറ്റിയെന്നത് വിഎസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും ഇടതുപക്ഷത്തിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചൂടുള്ള ചര്‍ച്ചക്ക് വഴി മരുന്നിടാനും കാരണമായിട്ടുണ്ട്.

തൊണ്ണൂറ്റി രണ്ടാം വയസിലും സമരമുഖത്തിരിക്കാന്‍ ആര്‍ജവം കാണിക്കുന്ന നേതാവിനെ പ്രായാധിക്യത്തിന്റെ പേരു പറഞ്ഞ് സിപിഎമ്മിന് മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.പാര്‍ട്ടി തീരുമാനമാണെന്നും പറഞ്ഞ് എംഎല്‍എ രാജേന്ദ്രന്റെ നിരാഹാര സമരവുമായി മുന്നോട്ട് പോയ സിപിഎമ്മിന് നാണം കെട്ടാണ് ആ സമരം അവസാനിപ്പിക്കേണ്ടി വന്നത്.സ്ത്രീ തൊഴിലാളികളുടെ പ്രതിഷേധം ഭയന്ന് പോലീസ് കാവലില്‍ നടത്തേണ്ടി വന്ന സംസ്ഥാനത്തെ ഏക സിപിഎം സമരമാണ് മൂന്നാറില്‍ അരങ്ങേറിയത്.

കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളേയും അടുപ്പിക്കാതെ നടത്തിയ സ്ത്രീസമരത്തില്‍ ബിജിമോള്‍ എംഎല്‍എയോട് മാത്രമാണ് അല്‍പമെങ്കിലും കരുണ സമരക്കാര്‍ കാട്ടിയത്.ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സമരത്തില്‍ ഏറെ കൈയ്യടി നേടിയതും സമരം വഴിത്തിരിവാക്കിയതും വി.എസിന്റെ സാന്നിധ്യമായിരുന്നു.തൊണ്ണൂറ്റി രണ്ടാം വയസില്‍ സമരക്കാരോടൊപ്പം കുത്തിയിരിപ്പ് നടത്തിയ വിപ്ലവകാരിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ കൂടിയാണ് തോട്ടം ഉടമകള്‍ കീഴടങ്ങിയത്.

സമവായ ചര്‍ച്ചയ്ക്ക് രണ്ട് മന്ത്രിമാരെ എറണാകുളത്തും വനിതാ മന്ത്രിയെ മൂന്നാറിലേക്കും പറഞ്ഞുവിട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ചര്‍ച്ചയില്‍ നേരിട്ട് പങ്കെടുക്കേണ്ട സാഹചര്യമൊരുക്കിയത് വി.എസാണ്.രാഷ്ട്രീയപരമായി വലിയ നേട്ടമാണ് മൂന്നാര്‍ സമരം ഇതിനകം വി.എസിന് ഉണ്ടാക്കി കൊടുത്തിട്ടുള്ളത്.ഇനി ഈ സമരത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് മറ്റ് തൊഴില്‍ മേഖലകളില്‍ സമാന സമരം ആരംഭിക്കുമോയെന്ന ഭീതിയിലാണ് തൊഴില്‍ശാലാ ഉടമകളും സര്‍ക്കാരും.

Top