
ബിജു കരുനാഗപ്പള്ളി
ഷാര്‍ജ: ഷാര്‍ജ വ്യവസാമേഖല ഏഴില്‍ പാകിസ്താനി ടാക്സി ഡ്രൈവറെ കൊലച്ചെയ്യപ്പെട്ട നിലയില്‍ കണ്ടത്തെി. ഇയാളോടിക്കുന്ന കാറിന്റെ ഡിക്കിലായിരുന്നു മുതദേഹം കിടന്നത് .
വ്യവസായ മേഖല ഏഴില്‍ പ്രവര്‍ത്തിക്കുന്ന ഷാര്‍ജ നഗരസഭയുടെ മലിനജലം ശുദ്ധീകരിക്കുന്ന സംവിധാനത്തിന് സമീപം വാഹനങ്ങള്‍ നിറുത്തിയിടുന്ന ഭാഗത്തായിരുന്നു ടാക്സി നിറുത്തിയിട്ടിരുന്നത്.
ഇവിടെ വാഹനം നിറുത്തിയിട്ട ആള് രാവിലെ വാഹനം എടുക്കാന്‍ വന്നപ്പോളാണ് മൃതദേഹം കണ്ടത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സംഭവ സ്ഥലം പൊലീസ് വിശദമായി പരിശോധിച്ചു. സമീപത്തുള്ള സ്ഥാപനങ്ങളിലെ സി.സി ടിവി കാമറകളിലെ രാത്രി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
എന്നാല്‍ മൃതദേഹം കണ്ടത്തെിയ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെല്ലാം സുരക്ഷാ കാമറകള്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് സംഭവത്തിന് പെട്ടെന്ന് തുമ്പുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
സംഭവ സ്ഥലത്ത് ഫോറന്‍സിക് വിഭാഗവും എത്തിയിരുന്നു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന എമിറേറ്റ്സ് സ്റ്റാര്‍ കെട്ടിടത്തിന് സമീപത്ത് നടന്ന കൊലപാതകം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. രാത്രിയായാല്‍ വിജനമായ പ്രദേശമാണിത്. സ്ഥാപനങ്ങളിലെ വിളക്കുകളെല്ലാം അണക്കുന്നത് കാരണം കൂരിരുട്ടായിരിക്കും ഈ ഭാഗത്ത്. വല്ലപ്പോഴും വരുന്ന വാഹനങ്ങളൊഴിച്ചാല്‍ തീര്‍ത്തും വിജനമാണ് രാത്രിയില്‍ ഈ പ്രദേശം.