
സ്വന്തം ലേഖകൻ
ഒറ്റപാലം: സ്കൂൾ കുട്ടികൾക്കു മുന്നിൽ കാർ നിർത്തി നഗ്നതാ പ്രദർശനം നടത്തിയ നടനെ രക്ഷിക്കാൻ പൊലീസിന്റെ ശ്രമം. ഈ മാസം 27ന് പത്തിരിപ്പാലയിലെ സ്കൂളിലേക്കു പോയ പെൺകുട്ടികൾക്കു മുന്നിലായിരുന്നു നടന്റെ വിക്രിയ. കുട്ടികൾ ബഹളംവച്ചതോടെ നടൻ കാർ ഓടിച്ചുപോയി. സംഭവമറിഞ്ഞ രക്ഷിതാക്കൾ കാർ നമ്പർ സഹിതം ഒറ്റപ്പാലം പോലീസിൽ പരാതി നൽകി.
നമ്പർ പരിശോധിച്ചപ്പോൾ നടന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായെങ്കിലും പെൺകുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചതിന് കേസ് രജിസ്റ്റർ ചെയ്യുക മാത്രമാണു ചെയ്തത്. മൊഴിയെടുക്കാനെന്ന പേരിൽ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ഒരു പോലീസുകാരൻ തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരായ പെൺകുട്ടികൾ പറയുന്നു. സന്ധ്യയ്ക്കു ശേഷം വനിതാ പോലീസിന്റെ അസാന്നിധ്യത്തിലാണ് വിദ്യാർഥിനികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
അതിനിടെ പരാതിക്കാരായ പെൺകുട്ടികളിലൊരാൾ ഇന്നലെ ആത്മഹത്യയ്ക്കു ശ്രമിച്ചു. െവെകിട്ട് ഏഴുമണിയോടെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്തു കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തി ഫോൺകോൾ വന്നതായും പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു. ഇതിനുശേഷമാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തക്കസമയത്ത് വീട്ടുകാർ കണ്ടതിനാൽ ദുരന്തം ഒഴിവായി. തിങ്കളാഴ്ച െവെകിട്ട് ആറരയോടെ പെൺകുട്ടികളെ മൊഴിയെടുക്കാനെന്ന പേരിൽ ഒറ്റപ്പാലം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഭീഷണിപ്പെടുത്തുകയും ഭാവി ഇല്ലാതാകുമെന്നും കേസ് പിൻവലിക്കുന്നതാണ് നല്ലതെന്നു പറഞ്ഞിരുന്നുവെന്നും വീട്ടുകാർ വ്യക്തമാക്കി.
കുട്ടികളുടെ പരാതിയിൽ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഒറ്റപ്പാലം സബ് കലക്ടർ പി.ബി. നൂഹിന് നിർദേശം നൽകിയതായി ജില്ലാ കലക്ടർ പി. മേരിക്കുട്ടി അറിയിച്ചു. പരാതിക്കാരായ കുട്ടികളും രക്ഷിതാക്കളും ഇന്ന് ജില്ലാ കലക്ടറെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നു രക്ഷിതാക്കൾ അറിയിച്ചു. സംഭവത്തിൽ െചെൽഡ് െലെനും ഇടപെട്ടിട്ടുണ്ട്.