നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തു; ചെറുത്തുനില്‍പ്പുമായി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം തുടര്‍ച്ചയായി വെടിയുതിര്‍ത്തു. കൃഷ്ണഘാട്ടി സെക്ടറിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെയുണ്ടായ പാക്ക് വെടിവയ്പ്പിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. രാവിലെ ആറ് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തതിന് പിന്നാലെയാണ് കഴിഞ്ഞദിവസം മുതല്‍ പാക് സൈന്യം അതിര്‍ത്തിയില്‍ പ്രകോപനം തുടങ്ങിയത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ബുധനാഴ്ച രാവിലെയും വെടിവെപ്പ് നടത്തിയ പാക് സൈന്യം മേഖലയില്‍ ഷെല്ലാക്രമണവും നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, അതിര്‍ത്തിപ്രദേശങ്ങളില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതിനാല്‍ മേഖലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ചയും അവധി നല്‍കി. നിയന്ത്രണരേഖയോട് ചേര്‍ന്ന സ്‌കൂളുകള്‍ വ്യാഴാഴ്ചയും പ്രവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. സംഘര്‍ഷസാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ടുദിവസവും പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു

അതിനിടെ, രാവിലെ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ മന്ത്രിസഭായോഗം ചേര്‍ന്നു. മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ബാലാക്കോട്ട് ഉള്‍പ്പെടുന്ന പാക്ക് പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വ മുഖ്യമന്ത്രി മഹ്മൂദ് ഖാന്‍ മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യങ്ങള്‍ ഒരുങ്ങിയിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, പാക്കിസ്ഥാനില്‍ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേന ഉദ്യോഗസ്ഥനു നയതന്ത്ര സഹായം ലഭ്യമാക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യയുടെ ആവശ്യത്തോടു പ്രതികരിക്കാന്‍ പാക്കിസ്ഥാന്‍ ഇതുവരെ തയാറായിട്ടില്ല. ഇന്ത്യയുടെ രണ്ടു വ്യോമസേന പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന പ്രസ്താവന പാക്കിസ്ഥാന്‍ ഇന്നലെ രാത്രി തിരുത്തിയിരുന്നു.

Top