ജയരാജനെതിരെ ത്വരിത പരിശോധന: കേസെടുക്കാൻ വിജിലൻസിനു പിണറായിയുടെ നിർദേശം: വ്യവസായ മന്ത്രിയുടെ രാജി ഉടൻ; സ്മ്മർദം ശക്തമാക്കി ആലപ്പുഴ ലോബി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബന്ധുവിനെ വ്യവസായ വകുപ്പിലെ ഉന്നത തസ്തികയിൽ നിയമിച്ചതിൽ ആരോപണ വിധേയനെതിരായ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിർദേശം. ഇതോടെ പാർട്ടിയ്ക്കും സർക്കാരിനും മുഖ്യമന്ത്രിക്കും അനഭിമതനായ ജയരാജന്റെ രാജി ഉടൻ ഉണ്ടാകുമെന്നു ഉറപ്പായി. രാവിലെ ഏഴരയോടെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ സ്വവസതിയിൽ വിളിച്ചു വരുത്തിയാണ് മുഖ്യമന്ത്രി കേസെടുക്കുന്നതിനുള്ള നിർദേശം നൽകിയത്.
വ്യവസായ വകുപ്പിന്റെ വിവിധ ഓഫിസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബന്ധുക്കളെ തിരുകികയറ്റിയതു സംബന്ധിച്ചു വിവാദം ഉയർന്നിരുന്നു. ഇതേ തുടർന്നു സംസ്ഥാന വ്യാപകമായ രീതിയിൽ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടത്തിയ നിയമങ്ങൾ പരിശോധനാ വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വ്യവസായ വകുപ്പ് നടത്തിയ എല്ലാ നിയമനങ്ങളുടെയും പട്ടിക കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇ.പി ജയരാജനോടു ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇന്ന് പുലർച്ചെ വിജിയൻസ് ഡയറക്ടർ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത്. ജയരാജൻ വിവാദത്തിൽ കേസ് എടുക്കണമോ എന്നത് സംബന്ധിച്ചു ഇന്ന് വിജിലൻസിനു നിയമോപദേശം ലഭിക്കും. ഇതിനു ശേഷം നടപടികൾ സ്വീകരിക്കാനാണ് വിജിലൻസ് ഡയറക്ടർ ഇരുന്നിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി ഇദ്ദേഹത്തെ വസതിയിലേയ്ക്കു വിളിച്ചു വരുത്തിയത്.
ഇതിനിടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരളത്തിൽ നിന്നുള്ള ഒരു വിഭാഗം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ജയരാജന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെയാണ് ജയരാജനെതിരെ കേസെടുക്കുന്ന കാര്യത്തിൽ വിജിലൻസിനു മുഖ്യമന്ത്രിയുടെ നിർദേശം എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജയരാജന്റെ വിഷയം ചർച്ചയ്ക്ക് എടുക്കും. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നടത്തിയ എല്ലാ നിയമനങ്ങളും സംബന്ധിച്ചു അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാർട്ടി തലത്തിൽ അന്വേഷണ കമ്മിഷനെയും നിയോഗിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും, സിപിഎമ്മിൽ തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള ആലപ്പുഴ ലോബി ജയരാജന്റെ രാജിയ്ക്കായി സമ്മർദം ശക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top