
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ വിവിധ കോളജുകളിൽ രാഖിയെച്ചൊല്ലിയുള്ള സംഘർഷം തുടരുന്നു. നാട്ടകം ഗവ.കോളജ്, തലയോലപ്പറമ്പ് ഡിബി കോളജ്, നാട്ടകം ഗവ. പോളിടെക്നിക് എന്നിവിടങ്ങൾക്കു പിന്നാലെ ഇന്നലെ മണർകാട് സെന്റ് മേരീസ് കോളജിലായിരുന്നു വിദ്യാർഥി സംഘർഷം. മുന്നു എസ്എഫ്ഐ പ്രവർത്തകര്ക്കും, മൂന്നു എബിവിപി പ്രവർത്തികർക്കു പരുക്കേറ്റു.
എബിവിപി ജില്ലാ കൺവിനർ കെ.എസ് അരുൺ, പാമ്പാടി നഗർ പ്രസിഡന്റ് ഗോകുൽ രമേശ്, യൂണിറ്റ് പ്രസിഡന്റ് മനീഷ് കെ.മധു എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവങ്ങൾ. രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി കോളജിലെത്തുന്ന വിദ്യാർഥികളെ എബിവിപി പ്രവർത്തകർ രാഖിധരിപ്പിച്ചിരുന്നു. ഇതിനെ എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്യുകയായിരുന്നു. പരിപാടി ആരംഭിച്ച് അരമണിക്കൂറിനു ശേഷമാണ് ഇതേച്ചൊല്ലി തർക്കവും സംഘർഷവും ഉണ്ടായത്. ഇതിനിടെ പുറത്തു നിന്നെത്തിയ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇവർ രാഖിസൂക്ഷിച്ചിരുന്ന പാത്രങ്ങളും, രക്ഷാബന്ധനായി ഒരുക്കിയിരുന്ന മേശയും തകർത്തു.
ആക്രമണത്തിന്റെ വിവിരം അറിഞ്ഞ് സ്ഥത്തെത്തിയ ജില്ലാ കൺവീനർ റോഡിൽ നിൽക്കുന്നതിനിടെയാണ് മണർകാട് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. എബിവിപി ജില്ലാ കൺവീനറാണെന്നു പറ!ഞ്ഞിട്ടും പൊലീസ് ഇദ്ദേഹത്തെയും മർദിച്ചു. തുടർന്നു ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയുടെ നേതൃത്വത്തിൽ എബിവിപി പ്രവർത്തകർ സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്. പൊലീസിന്റെ ലാത്തിയടിയേറ്റു കയ്ക്കു ഗുരുതരമായി പരുക്കേറ്റ അരുണിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. കരിങ്കല്ലും, കമ്പിവടിയും മാരകായുധങ്ങളുമായാണ് എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥലത്തെത്തിയതെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ ആഴ്ച കീഴൂർ ഡിബി കോളജിൽ രക്ഷാബന്ധൻ നടത്താനുള്ള ശ്രമത്തിനിടെയുണ്ടായ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി പ്രവർത്തകർ ഇപ്പോഴും റിമാൻഡിലാണ്. നാട്ടകം ഗവ.കോളജിലും പോളിടെക്നിക്കിലും കഴിഞ്ഞ ദിവസമുണ്ടായ സംഘർഷം പൊലീസ് ഇടപെട്ടാണ് നിയന്ത്രിച്ചത്. ദിവസങ്ങളോളം ഈ രണ്ടു കോളജുകളും അടച്ചിടുകയും ചെയ്തിരുന്നു.