തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലെ പോലെ തന്നെ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ രമ്യാ കൃഷ്ണന്‍ വീണ്ടും സിനിമാ ലോകത്ത് ശക്തയായ സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ്. ബാഹുബലിയാണ് വിസ്മൃതിയിലേക്ക് ആഴ്ന്നു പോവുമായിരുന്ന രമ്യയ്ക്ക് ഒരു മികച്ച തിരിച്ചുവരവ് സമ്മാനിച്ചത്. ഇതുവരെ പടയപ്പയിലെ നീലാംബരിയായി അറിയപ്പെട്ടിരുന്ന താരം ബാഹുബലി ഒന്നാം ഭാഗം ഇറങ്ങിയതോടെ പ്രേക്ഷകമനസ്സില്‍ ശിവകാമിയായി തീരുകയായിരുന്നു.
നീലാംബരിയേക്കാള്‍ ഇപ്പോള്‍ ആളുകള്‍ സംസാരിക്കുന്നത് ശിവകാമിയെക്കുറിച്ചാണെന്ന് രമ്യാ കൃഷ്ണനും സമ്മതിക്കുന്നു. എങ്ങനെ നോക്കിയാലും നീലാംബരിയേക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ് ശിവകാമി. പടയപ്പയ്ക്കു ശേഷം ജനങ്ങള്‍ ഇത്രയേറെ സ്വീകരിച്ച മറ്റൊരു കഥാപാത്രം ബാഹുബലിയിലേതാണ്. നീലാംബരി എന്നു വിളിച്ച് സ്‌നേഹം പങ്കുവയ്ക്കാന്‍ എത്തിയിരുന്നവര്‍ ഇപ്പോള്‍ ശിവകാമി എന്നാണ് വിളിക്കുന്നത്. ചിത്രം റിലീസായതു മുതല്‍ മൊബൈല്‍ ഫോണിന് വിശ്രമമില്ല. എല്ലാവരും അഭിനന്ദനം മൂടുകയാണ്. സന്തോഷം. ആ സ്നേഹത്തിന് നന്ദി രമ്യാ കൃഷ്ണന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
രണ്ടു ഭാഗങ്ങള്‍ക്കുമായി ഏകദേശം നാലു വര്‍ഷമാണ് ബാഹുബലിക്കു വേണ്ടി മാറ്റിവച്ചത്. ശിവകാമി എന്ന കഥാപാത്രമായി അത്രത്തോളം ഇഴുകി ചേരേണ്ടി വന്നു. നാലു വര്‍ഷം അക്ഷരാര്‍ഥത്തില്‍ രാജ്ഞിയെപ്പോലെ പെരുമാറേണ്ടി വരുന്നതു തന്നെ എത്ര ബുദ്ധിമുട്ടാണെന്നു ചിന്തിച്ചു നോക്കൂ. ചിത്രീകരണത്തിനു വേണ്ടി ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനിടെ നിരവധി തവണ പരുക്കേറ്റു. ഡബ്ബിങ് ആയിരുന്നു മറ്റൊരു വെല്ലുവിളി. സ്വന്തം ശബ്ദം ഉപയോഗിക്കണമെന്ന് സംവിധായകന്‍ രാജമൗലിക്ക് നിര്‍ബന്ധമായിരുന്നു.
തമിഴിവും തെലുങ്കിലും ഞാന്‍ തന്നെ ഡബ് ചെയ്തു. പടയപ്പയില്‍ പോലും ഞാന്‍ ഡബ് ചെയ്തിരുന്നില്ല. വെല്ലുവിളിയായിരുന്നു. പക്ഷേ ആസ്വദിച്ചാണ് ചെയ്തതെന്നും ബാഹുബലിക്കായി ചിത്രീകരണ വേളയില്‍ നേരിട്ട കഷ്ടപ്പാടുകളുടെ കുറിച്ച് രമ്യ വാചാലയാവുന്നു. നാല്‍പ്പത്തിയെട്ടിന്റെ ചെറുപ്പത്തിലും രമ്യ ഇന്ന് പ്രേകഷകര്‍ക്ക് താര റാണി തന്നെയാണ്. ആരാധകര്‍ ബാഹുബലിയുടെ സൃഷ്ടാവ് രാജമൗലിയെ നന്ദിയോടെ സ്മരിക്കുകയാവാം. വീണ്ടും പഴയ ചുറുചുറുക്കോടെ രമ്യാ കൃഷ്ണനെ തിരിച്ചു നല്‍കിയതിന്. ഒന്നാം ഭാഗത്തേക്കാള്‍ ബാഹുബലി രണ്ടാം ഭാഗത്തില്‍ അവന്തികയേയും ദേവസേനയേയും പിന്നിലാക്കുന്ന പ്രാധാന്യമാണ് രമ്യാ കൃഷ്ണന്റെ ശിവകാമിക്ക് ലഭിച്ചത്.