
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹൈക്കമാൻഡിന്റെ അന്ത്യശാസനത്തിനു മുന്നിലും വഴങ്ങാതെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് യുദ്ധവും പൊട്ടിത്തെറിയും. വി.എം സുധീരനുമായുള്ള അടുപ്പത്തിന്റെ മാത്രം ബലത്തിൽ വി.ഡി സതീശന് നഷ്ടമായത് നിയമസഭയിലെ അത്യപൂർവമായ റെക്കോർഡ് സ്ഥാപിക്കുന്നതിനുള്ള അവസരമാണ്. വി.ഡി സതീശൻ എംഎൽഎയ്ക്ക് ലഭിക്കേണ്ട അത്യപൂർവ്വമായ റെക്കോഡ് സ്വന്തം പാർട്ടി തന്നെ നിഷേധിക്കുകയായിരുന്നു.. തുടർന്ന് പ്രതിഷേധമറിയിച്ച് നിയമസഭാ കക്ഷി യോഗം ബഹിഷ്കരിച്ച് സതീശൻ. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെയാണ് കേരള നിയമസഭയുടെ ചരിത്രത്തിൽ അപൂർവനേട്ടത്തിനായി സതീശന് ലഭിച്ച അവസരം കോൺഗ്രസ് നിയമസഭാകക്ഷിനേതൃത്വം ഇല്ലാതാക്കിയത്.
മുൻ നിശ്ചയിച്ച പ്രകാരം വി.ഡി സതീശൻ തന്നെ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിൽ ഒരു ദിവസം തന്നെ ആറു ചർച്ചകളിൽ പങ്കാളിയായി എന്ന അത്യപൂർവ റെക്കോഡ് ലഭിക്കുമായിരുന്നു. ഇതെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സതീശൻ വിവരം അറിയിച്ചിരുന്നതുമാണ്. എന്നാൽ വർഷങ്ങളായി സ്വാശ്രയപ്രശ്നം ഉന്നയിച്ച് സംസാരിക്കുന്ന സതീശനെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കുകയായിരുന്നു.ചോദ്യോത്തരം, ശ്രദ്ധക്ഷണിക്കൽ, ഉപക്ഷേപം എന്നിവക്കുപുറമേ സഭയിൽ അവതരിപ്പിച്ച മൂന്ന് ബില്ലുകളിലും ഇന്നലെ സതീശൻ സാന്നിധ്യമറിയിച്ചു.
അടിയന്തരപ്രമേയം അവതരിപ്പിക്കാൻ അനുവദിച്ചിരുന്നെങ്കിൽ സഭയിലെ എല്ലാനടപടികളിലും പങ്കെടുത്തെന്ന അപൂർവ റെക്കോഡായിരുന്നു ലഭിക്കേണ്ടിയിരുന്നത്. നേരത്തെ, സഭയിലെ അഞ്ചിനത്തിൽ പങ്കെടുത്ത ടി.എം. ജേക്കബിന് അത്തരമൊരു റെക്കോഡ് ലഭിച്ചിട്ടുണ്ട്. അത് ഭേദിക്കാൻ സതീശന് കഴിഞ്ഞെങ്കിലും ഏഴിനത്തിൽ പങ്കെടുത്ത് റെക്കോഡ് നേടാനുള്ള അവസരമാണ് നേതൃത്വം നഷ്ടപ്പെടുത്തിയത്. തുടർന്ന് മുൻ ആരോഗ്യവകുപ്പ് മന്ത്രിയും എംഎൽഎയുമായ വി.എസ് ശിവകുമാറിനാണ് അടിയന്തരപ്രമേയം അവതരിപ്പിക്കാനുളള ചുമതല പ്രതിപക്ഷം നൽകിയത്.
സ്വാശ്രയ പ്രശ്നത്തിൽ ആദ്യം പ്രസ്താവനയുമായി വന്ന സതീശനെ മറികടന്നാണ് ശിവകുമാറിന് അവസരം നൽകിയതും. ഇതിൽ പ്രതിഷേധിച്ച് വൈകിട്ട് നടന്ന നിയമസഭാ കക്ഷിയോഗത്തിൽ നിന്നും വിട്ടുനിന്നായിരുന്നു സതീശൻ തന്റെ പ്രതിഷേധം നേതൃത്വത്തെ അറിയിച്ചത്.