മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലവിളി; തീര്‍ത്തുകളയുമെന്ന് ഭീഷണി; ലേഖകനെ വളഞ്ഞ് വച്ചു മര്‍ദ്ദിച്ചു; പോലീസ് കാഴ്ച്ചക്കാരായി

ഒറ്റപ്പാലം: പോലിസിനെ കാഴ്ച്ചക്കാരാക്കി മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഗുണ്ടാവിളായാട്ടം. നെല്ലായിയില്‍ സിപിഐം പ്രവര്‍ത്തകരുടെ വീടാക്രമിച്ച ആര്‍എസ്എസുകാരെ കോടതിയില്‍ ഹാജരാക്കിയതു ചിത്രീകരിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്കു പരസ്യമായ കൊലവിളിയുണ്ടായത്.

‘ഒരു എംഎല്‍എ പോലുമില്ലാത്ത കാലത്തും ഇതിലപ്പുറം ചെയ്തിട്ടുണ്ട്; വെട്ടിനിന്നിട്ടുണ്ടെടാ, തീര്‍ത്തുകളയും ടാ’ എന്നാക്രോശിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മടങ്ങിയത്.

പാലക്കാട് നെല്ലായില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് ഇന്നു രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബിജെപി പ്രവര്‍ത്തരെയാണ് ചെര്‍പ്പുള്ളശ്ശേരിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായത്. നെല്ലായിയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച ആര്‍എസ്എസുകാരെ കോടതിയില്‍ ഹാജരാക്കിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ്, സിറ്റി ചാനല്‍ റിപ്പോര്‍ട്ടര്‍മാരെയാണ് പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തട്ടിക്കയറിയ ആര്‍എസ്എസ് അക്രമികള്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ ക്യാമറയും തല്ലിത്തകര്‍ത്തു.ശ്രീജിത്ത് കോമ്പാല, ശ്യാംകുമാര്‍ തുടങ്ങിയ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ കൈയേറ്റം നടത്തുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതികളായ ആര്‍എസ്എസുകാരെ സ്വകാര്യവാഹനത്തിലാണ് കോടതിയിലെത്തിച്ചത്. മാരകായുധങ്ങളുമായി മറ്റൊരു വാഹനവും കോടതിവളപ്പിലെത്തിയിരുന്നു. ഇതിനു പുറമെയാണു ബൈക്കിലും അക്രമിസംഘമെത്തിയത്. പൊലീസുകാര്‍ കൈയും കെട്ടി നോക്കിനില്‍ക്കവെയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.

Top