നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സഖാവ് ഇൻറർനെറ്റിൽ ലീക്കായി. സഖാവിന്റെ നിർമാതാവ് ബി രാഗേഷ് പരാതിയുമായി രംഗത്തെത്തുകയും ചെയ്തു.ഏപ്രില്‍ 14 വെള്ളിയാഴ്ച വിഷു റിലീസിന്റെ ഭാഗമായിട്ടാണ് സഖാവ് റിലീസ് ചെയ്തത്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കാകുകയും ചെയ്തത് ഗുരുതരമായ പ്രശ്‌നത്തിലേക്കാണ് നയിക്കുന്നത്.
കേരളത്തില്‍ പൈറസി വിഷയം കത്തിപ്പടര്‍ന്നത് നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിന് ശേഷമാണ്. അതിന് മുന്‍പും സിനിമകള്‍ ഇന്റര്‍നെറ്റില്‍ ലീക്കായിക്കൊണ്ടിരുന്നെങ്കിലും അതൊരു വഴക്കമായി തുടര്‍ന്നത് പ്രേമത്തിന് ശേഷമാണ്.പ്രേമത്തിന് ശേഷം ഒത്തിരി ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കായതും ചര്‍ച്ചയായി.
സഖാവ് ഇന്റര്‍നെറ്റില്‍ ലീക്കായത് സംബന്ധിച്ച് നിര്‍മാതാവ് ബി രാഗേഷ് പൊലീസ് ആന്റി പൈറസി സെല്ലില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്ക് കര്‍ശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ സഖാവ് മോശമല്ലാത്ത രീതിയില്‍ കലക്ഷന്‍ നേടി മുന്നേറുന്നതിനിടെയാണ് പൈറസി പ്രശ്‌നം. ഇത് കലക്ഷനെ ബാധിയ്ക്കുമോ എന്ന ആശങ്കയിലാണ് നിര്‍മാതാവ്. നിവിന്റെ പ്രേമത്തിന് വലിയ തിരിച്ചടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാട്ടര്‍മാര്‍ക്കോടെയുള്ള വ്യാജ പതിപ്പുകള്‍ വരുത്തിവച്ചിരുന്നത്.
സഖാവിന് മുന്‍പ് തിയേറ്ററിലെത്തിയ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രവും ഇന്റര്‍നെറ്റില്‍ ലീക്കായിരുന്നു. തമിഴ് റോക്കേഴ്‌സ് എന്ന യൂട്യൂബ് സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. അണിയറപ്രവര്‍ത്തകര്‍ ഉടനടി നടപടി എടുത്തതിനെ തുടര്‍ന്ന് ആ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു.