റമദാന്‍ വ്രതവേളയില്‍ വാര്‍ഷികപ്പരീക്ഷ വരുന്നത് ഒഴിവാക്കിക്കൊണ്ട് സൗദി സ്‌കൂളുകളുടെ അധ്യയന കലണ്ടര്‍ പരിഷ്‌ക്കരിച്ചു.
കൗണ്‍സില്‍ ഓഫ് ഇക്കണോമിക് ആന്റ് ഡെവലപ്‌മെന്റ് അഫയേഴ്‌സ് അടുത്ത അഞ്ചുവര്‍ഷത്തേക്ക് തയ്യാറാക്കിയ സ്‌കൂള്‍ സമയക്രമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെയാണിത്.
പുതിയ കലണ്ടര്‍ അനുസരിച്ച് 2017-18ലും 2018-19ലും വിദ്യാര്‍ഥികള്‍ക്ക് റമദാനില്‍ ക്ലാസ്സുകള്‍ ഉണ്ടാവില്ല. ഈ അധ്യയന വര്‍ഷത്തില്‍ 2017 സപ്തംബര്‍ 17 മുതല്‍ 2018 മെയ് 15വരെയാണ് സ്‌കൂള്‍.
അഥവാ റമദാന്റെ തലേന്ന് ക്ലാസ്സുകള്‍ അവസാനിക്കും. അതിനിടയില്‍ ദേശീയ ദിനമായ സപ്തംബര്‍ 24ന് അവധി ലഭിക്കും. ജനുവരി 12 മുതല്‍ 20 വരെയായിരിക്കും മധ്യവാര്‍ഷിക അവധി.
പുതിയ സമയക്രമമനുസരിച്ച് രണ്ട് സെമസ്റ്ററുകള്‍ക്കിടയിലുള്ള ഒരാഴ്ചത്തെ അവധി റദ്ദാക്കി. ഇതുപ്രകാരം ഓരോ സെമസ്റ്ററിനും 15 ആഴ്ചകള്‍ വീതം ലഭിക്കും- ആകെ 167 പ്രവൃത്തി ദിനങ്ങള്‍.
2018-19 വര്‍ഷം സപ്തംബര്‍ രണ്ട് മുതല്‍ മെയ് 2 വരെയാണ് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുക. മധ്യവാര്‍ഷിക അവധി ഡിസംബര്‍ 28 മുതല്‍ ജനുവരി 5 വരെ.
ഓരോ സെമസ്റ്ററിനും 15 ആഴ്ചകള്‍ വീതം 169 പ്രവൃത്തി ദിവസങ്ങളാണ് ലഭിക്കുക. 2019-20 വര്‍ഷത്തില്‍ സപ്തംബര്‍ 1 മുതല്‍ ജൂണ്‍ 11 വരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും.
16 ആഴ്ചകള്‍ വീതം ഓരോ സെമസ്റ്ററിനും ലഭിക്കും. റമദാനും ഈദുല്‍ ഫിത്തറും പ്രമാണിച്ച് മെയ് 5 മുതല്‍ 20 വരെ അവധിയായിരിക്കും. വാര്‍ഷിക പരീക്ഷ പെരുന്നാളിനു ശേഷം നടക്കും.
റമദാന്‍ വ്രതം ആരംഭിക്കുന്നതിന് മുമ്പ് വാര്‍ഷിക പരീക്ഷ നടത്തണമെന്ന രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആവശ്യപ്രകാരമാണ് പുതിയ തീരുമാനം.
ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഹിജ്‌റ കലണ്ടര്‍ അനുസരിച്ച് വര്‍ഷത്തില്‍ ആകെ 354 ദിവസങ്ങളാണുള്ളത്. ഇംഗ്ലീഷ് വര്‍ഷത്തെക്കാള്‍ 11 ദിവസം കുറവ്. പുതിയ തീരുമാനമനുസരിച്ച് സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും വാര്‍ഷിക പരീക്ഷ കഴിഞ്ഞ് നേരത്തേ പൂട്ടും.
ഇത്തവണ 120 അവധി ദിനങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. സൗദി ചരിത്രത്തിലാദ്യമാണ് ഇത്ര നീണ്ട വേനലവധി.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സൗദിയില്‍ കഴിഞ്ഞ വര്‍ഷം 50 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
ഇവരില്‍ 41 ലക്ഷത്തിലേറെ പേര്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലും 6.5 ലക്ഷത്തിലേറെ പേര്‍ സ്വകാര്യ സ്‌കൂളുകളിലും 66,920 പേര്‍ പ്രവാസി സ്‌കൂളുകളിലുമാണ് പഠിക്കുന്നത്. ഇവരില്‍ 11 ലക്ഷത്തിലേറെ കുട്ടികള്‍ വിദേശികളാണ്.