സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജിദ്ദ ശാഖ പ്രവർത്തനം അവസാനിപ്പിക്കുന്നു. ബാങ്കിന്റെ പ്രവർത്തനം നിർത്തലാക്കുന്നതിനുള്ള അനുമതി തേടിയുള്ള എസ്ബിഐയുടെ അപേക്ഷ അംഗീകരിച്ചതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു.
മറ്റു വിദേശ ബാങ്കുകൾ സൗദിയിൽ കൂടുതൽ ശാഖകൾ തുടങ്ങാൻ ശ്രമിക്കുന്നതിനിടെയാണു രാജ്യത്തെ ഏക ശാഖ എസ്ബിഐ അടച്ചുപൂട്ടുന്നത്.
2017 അവസാനത്തോടെയായിരിക്കും സൗദി ബാങ്കിംഗ് മാർക്കറ്റിൽ നിന്ന് എസ്ബിഐ പുറത്തുകടക്കുക.
ലോകമെമ്പാടുമുള്ള എസ്ബിഐ ശാഖകൾ പുനർ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ജിദ്ദ കിങ് ഫഹദ് റോഡിലെ ശാഖയുടെ പ്രവർത്തനം നിർത്തുന്നത്.
ഉപഭോക്താക്കളുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച ശേഷം ബാങ്കിന്റെ ലൈസൻസ് പിൻവലിക്കും.
2005 ഒക്‌ടോബറിലാണു സൗദിയിൽ ശാഖ തുറക്കാൻ എസ്ബിഐയ്ക്കു ലൈസൻസ് നൽകിയത്. ഈ വർഷാവസാനത്തോടെ സൗദിയിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാനാണ് പരിപാടി.
ബാങ്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ 800 125 6666 എന്ന ടോൾഫ്രീ നമ്പറിലോ സാമയുടെ വെബ്സൈറ്റുമായോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ കേന്ദ്ര ബാങ്കിന്റെ ഹെഡ്ക്വാർട്ടേഴ്സ് കസ്റ്റമർ സർവീസ് ഡിവിഷനുമായി ബന്ധപ്പെട്ടാലും മതി.