
സ്വന്തം ലേഖകൻ
മലപ്പുറം: കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ എസ്എഫ്‌ഐ വനിതാ സ്ഥാനാർഥികൾക്കു പോസ്റ്ററിൽ തലയില്ല. യൂണിയൻ തിരഞ്ഞെടുപ്പിനായി എസ്എഫ്‌ഐ പ്ുറത്തിറക്കിയ പോസ്റ്ററിലാണ് മുസ്ലീം വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കൊന്നും തലയില്ലാത്തത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ പാനലിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫഌ്‌സിൽ മത്സരിക്കുന്ന ആൺകുട്ടികളുടെയെല്ലാം പടമുണ്ട്; എന്നാൽ പാനലിൽ വൈസ് ചെയർപേഴ്‌സൺ, ജോയിന്റെ സെക്രട്ടറി സ്ഥാനങ്ങളിലേക്കു മത്സരിക്കുന്ന പെൺകുട്ടികൾക്ക് തലയില്ല!
മലപ്പുറം മേൽമുറിയിൽ സുന്നി എപി വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള മഅദിൻ ആർട്‌സ് ആന്റ് സയൻസ് കോളജിലെ വിദ്യാർത്ഥിയൂണിയൻ തിരഞ്ഞെടുപ്പിനാണ് വിചിത്രമായ ഫഌ്‌സ് സ്ഥാപിച്ചിട്ടുള്ളത്. പതിനൊന്ന് ഭാരവാഹികളുടെ ചിത്രമാണ് ഇതുസംബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലുള്ളത്. നേതാക്കളുടെ പേരും മത്സരിക്കുന്ന വിഭാഗവും താഴെ ചേർത്തിട്ടുണ്ട്. അതേസമയം രണ്ട് പെൺകുട്ടികളുടെ പേരുണ്ടെങ്കിലും ചിത്രങ്ങളില്ല. ചിത്രത്തിന്റെ ഭാഗം ബ്ലാങ്കായിട്ടിരിക്കുകയാണ്. ഇതാണ് വിവാദമായത്.
യാഥാസ്ഥിതിക മുസ്ലിംവിഭാഗമായ സുന്നികളുടെ പരിപാടികളിൽ പൊതുവെ സ്ത്രീകളെ മാറ്റിനിർത്താറാണ് പതിവ്. കല്യാണപരസ്യം കൊടുത്താൽപോലും പെണ്ണിന്റെ ചിത്രം കൊടുക്കരുതെന്നും കർശന നിർദേശമുണ്ട്. പരസ്ത്രീ ദർശനം പോലും പാടില്ലെന്നാണ് സമസ്ത നിഷ്‌കർഷിക്കുന്നത്.
അതേ മാതൃകയിലാണിപ്പോൾ സ്ഥാനാർഥികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫഌ്‌സിൽ പെൺകുട്ടികളെ തലവെട്ടിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫഌ്‌സിൽ ചിത്രം വച്ച പെൺകുട്ടിയുടെ വീട്ടിലെത്തി കോളജിലെ ചില അധ്യാപകരും മുസ്ലിംലീഗ് നേതാക്കളും വിവാഹം മുടങ്ങുമെന്നൊക്കെപ്പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി എസ്എഫ്‌ഐ നേതാക്കൾ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞതവണ ആ കുട്ടി ജോയിൻ സെക്രട്ടറി സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക പിൻവലിച്ചിരുന്നു. ജനറൽ വിഭാഗത്തിൽ ഏഴ് എസ്എഫ്‌ഐ സ്ഥാനാർഥികളും അന്ന് ജയിച്ചപ്പോൾ പെൺകുട്ടിയുടെ പിൻമാറ്റത്തെത്തുടർന്ന് എംഎസ്എഫ് സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇത്തവണയും അത്തരം നീക്കങ്ങൾ നടന്ന സാഹചര്യത്തിലാണ് രണ്ട് പെൺകുട്ടികളെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതെന്നാണ് എസ്എഫ്‌ഐ പ്രവർത്തകർ പറയുന്നത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രം പുറത്തുവന്നതിന് ശേഷം ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും ട്രോളുകളുടെ പെരുമഴയാണ്. ഈ മാസം 20ന് വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എസ്എഫ്‌ഐ വലിയ കെണിയിൽ അകപ്പെട്ടിരിക്കുന്നത്.