
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അവതാരണങ്ങളെ അടുപ്പിക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രിയുടെ നാടിനു തൊട്ടടുത്ത് എസ്ഐയ്ക്കു ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി. രാഷ്ട്രീയ അക്രമക്കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ എസ്ഐയെ മറ്റൊരു ഡിവൈഎഫ്ഐ നേതാവ് പരസ്യമായി ശാസിച്ചു. ശാസനമാത്രമല്ല എസ്ഐയെ പൊതുയോഗത്തിൽ പരസ്യമായി ഭീഷണിപ്പെടുത്തിയ നേതാവ്, യൂണിഫോമില്ലാതെ പുറത്തിറങ്ങിയാൽ തൊപ്പിവയ്ക്കാൻ തല കാണില്ലെന്നും ഭീഷണിപ്പെടുത്തി.
രാഷ്ട്രീയ അക്രമക്കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്ത എസ്ഐമാരെയാണ് ഡിവൈഎഫ്ഐ നേതാവ് പരസ്യമായി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഡിവൈഎഫ്ഐ നേതാവിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം സംബന്ധിച്ചു വിവാദമായത്. മഞ്ചേശ്വരം എസ്ഐ പി.പ്രമോദ്, കുമ്പള എസ്ഐ മെൽവിൻ ജോസ് എന്നിവരെയാണ് ഡിവൈഎഫ്ഐ പ്രദേശിക നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുന്നത്.
കാസർകോട് കുമ്പളയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്റെ ഭാഗമായി പൊലീസ് ഡിവൈഎഫ്ഐ നേതാവ് കബീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചു ചേർന്ന വിശദീകരണ യോഗത്തിലാണ് ഡിവൈഎഫ്ഐ നേതാവ് പൊലീസിനെ രൂക്ഷായി വിമർശിച്ചത്. എസ്ഐമാരുടെ പേരെടുത്തു പറഞ്ഞായിരുന്നു ഭീഷണി. യൂണിഫോം അഴിച്ചു വച്ചു വന്നാൽ നേരിൽ കാണാമെന്നും, കണ്ണൂരിലെ വീട് എവിടെയാണെന്നു നോക്കി വച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടി. നിങ്ങളുടെ വീട്ടിന്റെ നാലുവശത്തും പാർട്ടിസഖാക്കളുണ്ട്. അതുകൊണ്ടു തന്നെ വെറുതെ മുട്ടാപ്പോക്കുമായി ഇറങ്ങേണ്ട. തല പോകുന്ന വഴി കാണില്ല. ഇങ്ങനെ പോകുന്നു ഭീഷണി.