കൊച്ചി : വാഹനാപാകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിദ്ധാര്‍ഥ് 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനു ശേഷമായിരിക്കും തുടര്ചികില്സകളെക്കുറിച്ച് തീരുമാനിക്കുക.
ഇന്നലെ പുലർച്ചെ 1.45ന് വൈറ്റില-തൃപ്പൂണിത്തുറ റോഡിൽ ചമ്പക്കരയ്ക്കു സമീപം തൈക്കൂടത്തായിരുന്നു അപകടം. കൊച്ചിയിൽ നിന്നു താമസ സ്ഥലമായ തൃപ്പൂണിത്തുറ പേട്ടയിലെ ഫ്ലാറ്റിലേക്ക് കാറോടിച്ചു പോകുമ്പോഴായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു കയറുകയായിരുന്നു.