
ക്രൈം ഡെസ്ക്
തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കറങ്ങി നടന്ന് എടിഎം കൊള്ളയടിക്കുന്ന നൈജീരിയൻ അത്യാധുനിക മോഷണ സംഘമാണ് കേരളത്തിൽ എത്തിയതെന്നാണ് പൊലീസ് സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. എ.ടി.എം കവർച്ചയിലെ മുഖ്യപ്രതി റുമേനിയൻ സ്വദേശി മരിയൻ ഗബ്രിയേലിനെ മുംബയ് പോലീസിന്റെ കയ്യിൽ നിന്നും കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിനു ലഭിച്ചത്.
പേട്ട സി.ഐ സുരേഷ് വി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രി മുംബൈയിൽ എത്തിയിരുന്നു. കവർച്ച നടത്തിയ മുഖ്യപ്രതി തന്നെയാണ് പിടിയിലായതെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. മരിയനെ കൂടാതെ മറ്റു പ്രതികളായ റുമേനിയയിലെ ക്രയോവക്കാരായ ക്രിസ്റ്റിയൻ വിക്ടർ കോൺസ്റ്റാന്റിയൻ (26) ബോഗ്ദിൻ ഫോറിയൻ (25) എന്നിവരെ പിടികൂടാനുണ്ട്.
ഒരു മാസത്തിനിടെ കേരളത്തിലെ മുപ്പതോളം എടിഎ കൗണ്ടറുകളിൽ സ്ക്കിമ്മറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ കേരളത്തിൽ എത്തിയതെന്നു പിടിയിലായ പ്രതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. എടിഎം കൗണ്ടറുകളിൽ സ്ക്കി്മ്മറുകൾ സ്ഥാപിച്ചു 300 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നു പ്രതി പൊലീസിനോടു സമ്മതിച്ചതായാണ് സൂചന. എന്നാൽ, മറ്റിടങ്ങളിൽ എവിടെയൊക്കെ ഇത്തരത്തിൽ സ്ക്കിമറ്റുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നുത സംബന്ധിച്ചു പ്രതി വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ വിസാ കാലവധി കഴിഞ്ഞതായി സംശയിക്കുന്നതിനാൽ ഇവർ രാജ്യം വിട്ടതായി അന്വേഷണ സംഘം സംശയിക്കുന്നു. കവർച്ചയിൽ ഗബ്രിയേലിനെ ഇവർ സഹായിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. പണം പിൻവലിച്ചത് ഗബ്രിയേലാണെന്നാണ് അന്വേഷണ സംഘത്തിന് ചോദ്യംചെയ്യലിൽ നിന്ന് ലഭിച്ച വിവരം. ഇയാളെ ഇന്നു തന്നെ കേരളത്തിലേയ്ക്ക് കൊണ്ടുവരും. വിമാനത്തിലാണ് കൊണ്ടുവരുക. ഇതിനുള്ള നടപടി ക്രമങ്ങൾ അന്വേഷണ സംഘം നടത്തുകയാണ്. ഇന്നു രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കാൻ കഴിയുമെന്നാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഐ.ജി മനോജ് എബ്രഹാം രഷട്രദീപികയോട് പറഞ്ഞത്.
പിടിയിലാകാനുള്ള രണ്ടുപേരെ സംബന്ധിച്ച അന്വേഷണം തുടരുകയാണ് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് നടത്തുന്നത്. ഗബ്രിയേലിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ സമാന തട്ടിപ്പ് മറ്റെവിടെയങ്കിലും നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ കഴിയുകയുള്ളു.
ടൂറിസ്റ്റുകളെന്ന വ്യാജേന തിരുവനന്തപുരത്ത് എത്തിയ മൂവർ സംഘം താമസിച്ചിരുന്ന നക്ഷത്ര ഹോട്ടലിൽ ഇവർ നൽകിയ മേൽവിലാസം, തിരിച്ചറിയൽ കാർഡ് എന്നിവയിൽനിന്നാണ് പോലീസിന് വിവരങ്ങൾ കിട്ടിയത്. ജൂൺ 25ന് ഇവർ ഇന്ത്യയിലെത്തിയിരുന്നു. കഴിഞ്ഞ ജൂൺ 30നു രാവിലെ 6.20 നു കവർച്ചക്കാർ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടറിൽ എത്തുകയും ഇടപാടുകാരുടെ പിൻ(പേഴ്സണൽ ഐ ഡന്റിഫിക്കേഷൻ നമ്പർ) ചോർത്താൻ കാമറയും കാർഡിലെ വിവരങ്ങൾ ശേഖരിക്കാൻ എടിഎം മെഷീനിൽ സ്കിമ്മർ എന്ന ഉപകരണവും സ്ഥാപിക്കുകയും ചെയ്തു.
തലസ്ഥാനത്തെ എടിഎം തട്ടിപ്പ് കേസിലെ പ്രതികൾ ഉപയോഗിച്ചുവെന്ന് കരുതുന്ന രണ്ട് സ്കൂട്ടറുകൾ കോവളത്തുനിന്ന് പിടികൂടിയിരുന്നു. കോവളം ഊരൂട്ടമ്പലം സ്വദേശികളുടെ പേരിലുള്ള സ്കൂട്ടറുകൾ കോവളത്ത് പ്രവർത്തിച്ചിരുന്ന ബൈക്കുകൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തിൽ നിന്നാണ് കണ്ടെടുത്തത്.