ന്യൂഡല്‍ഹി: ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വീസ് നടത്തുമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചു.വേനല്‍ക്കാല, പെരുന്നാള്‍ തിരക്ക് പരിഗണിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം–ദോഹ, ദോഹ–കൊച്ചി റൂട്ടുകളില്‍ ജൂണ്‍ 25 മുതല്‍ ജൂലൈ എട്ടുവരെ പ്രത്യേക സര്‍വീസ് നടത്തും. 186 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനമുപയോഗിച്ചാണു സര്‍വീസ്.ദോഹയില്‍ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നടത്തുമെന്ന് മന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.
പെരുന്നാളിന് നാട്ടിലേക്ക് മടങ്ങാന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. വിദേശകാര്യ മന്ത്രിയുടെ അഭ്യര്‍ത്ഥനമാനിച്ചാണ് പ്രത്യേക സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യയ്ക്കും ജെറ്ര് എയര്‍വേസിനും നിര്‍ദ്ദേശം നല്‍കിയത്. ദോഹയില്‍ നിന്ന് ഇന്നും നാളെയും മുംബയിലേക്ക് ജെറ്റ് എയര്‍വേസും പ്രത്യേക സര്‍വീസ് നടത്തും.