
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓടിക്കയറിയത് കോടതി മുറിയിലേയ്ക്ക്. കോടതി നടപടികൾ നടക്കുന്നതിനിടെ പ്രതിഷേധവുമായി എത്തിയവരുടെ കഥ അതോടെ കഴിഞ്ഞു. പ്രവർത്തകർ റിമാൻഡിൽ. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണു കോടതി നടപടികൾ പുനരാരംഭിക്കാനായത്. 14 പേർക്കെതിരേ പോലീസ് കേസെടുത്തു.
സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ സമരമാണ് അതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ കോടതിയുടെ പ്രവർത്തനം തടസപ്പെടുത്തിയത്. പ്രവർത്തകർക്ക് അമളി പറ്റിയെങ്കിലും സംഘർഷത്തിനു കുറവുണ്ടായിരുന്നില്ല. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയശേഷം ഉച്ചയ്ക്കു 12.15നാണ് കോടതി പുനരാരംഭിച്ചത്.
സമീപം പ്രവർത്തിക്കുന്ന ലേബർ/ഉപഭോക്തൃകോടതികളുടെയും പ്രവർത്തനം തടസപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിവിൽ സ്‌റ്റേഷനിലേക്കു മുദ്രാവാക്യം വിളിച്ചെത്തിയത്.
ബഹളം മൂർഛിച്ചതോടെ ജില്ലാ കലക്ടറെ വിവരമറിയിക്കാൻ ജഡ്ജി നിർദേശിച്ചു. തുടർന്നു പോലീസെത്തി പ്രവർത്തകരെ നീക്കി. യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലമെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിനു വൈസ് പ്രസിഡന്റ് എം. ധനീഷ്‌ലാൽ, ബ്ലോക് കമ്മറ്റി പ്രസിഡന്റ് പി. അഷ്‌റഫ്, എം. ഷിബു, ഹെബീഷ് മാമ്പയിൽ, പി. ഉല്ലാസ്, കെ. സമദ്, വൈശാഖ് കണ്ണോറ, സിൻജു കൊടുവള്ളി തുടങ്ങിയവർ നേതൃത്വം നൽകി.