
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വന്തം നികുതി വെട്ടിപ്പ് സാമാന്യവത്കരിക്കാൻ സിപിഎം എംഎൽഎയും സിനിമാ താരവുമായ മുകേഷിനെ പഴി പറഞ്ഞ ബിജെപി എംപി സുരേഷ് ഗോപി വീണ്ടും വെട്ടിലായി. മുകേഷിന്റെ ഓഡി കാർ തൃപ്പൂണിത്തുറയിലാണ് രജിസ്റ്റർ ചെയ്തതെന്നു കണ്ടെത്തിയതിനു പിന്നാലെ സുരേഷ് ഗോപിയ്ക്കെതിരെ ട്രോളുകളുടെ പെരുമഴയാണ് സോഷ്യൽ മീഡിയയിൽ.
സുരേഷ് ഗോപി തന്റെ എംപി ബോർഡ് വച്ച പിവൈ 01 ബിഎ 999 ഔഡ് ക്യൂ സെവൻ പോണ്ടിച്ചേരിയിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അഞ്ചു ലക്ഷത്തോളം രൂപ നികുതി വെട്ടിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ കേരളത്തിനു പുറത്തു വാഹനം രജിസ്റ്റർ ചെയ്തതെന്നും ഇന്നലെയാണ് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നത്. ദീപക് ശങ്കരനാരായണൻ എന്ന യുവാവാണ് സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ചുള്ള ആരോപണവുമായി രംഗത്ത് എത്തിയത്. ദീപക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുകയും കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ അടക്കം അത് ഏറ്റുപിടിക്കുകയും ചർച്ചയാകുകയും ചെയ്തു.
ഇതിനിടെ വൈകുന്നേരത്തോടെ വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്ത് എത്തി. തന്റെ വാഹനം രജിസ്റ്റർ ചെയ്തത് പോണ്ടിച്ചേരിയിലാണെന്നു സമ്മതിച്ച സുരേഷ് ഗോപി സിനിമാ താരവും സിപിഎം എംഎൽഎയുമായ മുകേഷും ഇത്തരത്തിൽ കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു കുറ്റപ്പെടുത്തി. ഇതോടെ സുരേഷ് ഗോപിയെ പിൻതുണയ്ക്കുന്നവർ കൂട്ടത്തോടെ ഇദ്ദേഹത്തിനു പിൻതുണയുമായി എത്തി. എന്നാൽ, ഇതിനിടെ മുകേഷിന്റെ കാർ തൃപ്പൂണിത്തുറയിലാണ് രജിസ്റ്റർ ചെയ്തതെന്ന കണ്ടെത്തലുമായി റിപ്പോർട്ടർ ചാനലും രംഗത്ത് എത്തി. നിയമസഭാ തിരഞ്ഞെടുപ്പു സമയത്തു കൊടുത്ത സത്യവാങ് മൂലത്തിലും, ഇതു തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ സുരേഷ് ഗോപിയുടെ ആ വാദവും പൊളിഞ്ഞു.
തുടർന്നാണ് സാമൂഹിക മാധ്യമങ്ങൾ സുരേഷ് ഗോപിയ്ക്കെതിരെ രംഗത്ത് എത്തിയത്.